ADVERTISEMENT

മലപ്പുറം ∙ തച്ചോളി ഒതേനനില്ലാത്ത വടക്കൻ പാട്ടുപോലെ അപൂർണമായിരിക്കും മലപ്പുറത്തുകാരില്ലാത്ത സന്തോഷ് ട്രോഫി ടീം. ഭുവനേശ്വറിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങളിലേക്കു കച്ച മുറുക്കുന്ന കേരള ടീമിലുമുണ്ട് നാലു മലപ്പുറം പയറ്റുകാർ. യോഗ്യതാ റൗണ്ട് മത്സരങ്ങളിൽ മികച്ച പ്രകടനമാണ് ഫുട്ബോളിന്റെ സ്വന്തം നാട്ടിൽ നിന്നെത്തിയ ഇവർ കാഴ്ചവച്ചത്. ഫൈനൽ റൗണ്ടിൽ മത്സരിക്കാൻ നാളെയാണ് ടീം പുറപ്പെടുക. ഓൾ ദ് ബെസ്റ്റ് ആശംസിക്കുന്നതിനൊപ്പം മലപ്പുറത്തിന്റെ ഈ താരങ്ങളെക്കുറിച്ചൊന്നു കൂടി പറയാം.

പി.എ. അജ്മൽ (27 വയസ്സ്), ഗോൾ കീപ്പർ

∙ യോഗ്യതാ റൗണ്ടിൽ ഒരു മത്സരത്തിലാണ് അജ്മൽ കേരളത്തിന്റെ വല കാത്തത്. അന്ന് ഒരു ഗോൾ പോലും അകത്തു കയറാൻ ചേലേമ്പ്ര ചേലൂപ്പാടം സ്വദേശിയായ അജ്മൽ സമ്മതിച്ചിട്ടില്ല. ചേലേമ്പ്ര എൻഎൻഎംഎച്ച്എസ്, മലപ്പുറം എംഎസ്പി സ്കൂളുകൾക്കായി സുബ്രതോ കപ്പ് കളിച്ചിട്ടുണ്ട് അജ്മൽ. ഓൾ ഇന്ത്യാ സർവകലാശാല കിരീടം നേടിയ കാലിക്കറ്റിന്റെ ഗോൾ വല കാത്തു. 2021ൽ ഐ ലീഗ് ചാംപ്യന്മാരായ ഗോകുലം ടീമിലുണ്ടായിരുന്ന അജ്മൽ നിലവിൽ അരീക്കോട് എഫ്സി താരമാണ്.

കെ.അബ്ദു റഹീം(23 വയസ്സ്), മിഡ്ഫീൽഡർ

∙ സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിൽ രണ്ടു ഗോളും മൂന്ന് അസിസ്റ്റുമായി മിന്നും പ്രകടനമാണ് കാടാമ്പുഴ സ്വദേശിയായ കെ.അബ്ദു റഹീം കാഴ്ചവച്ചത്. രാജസ്ഥാനെതിരെയും ആന്ധ്രയ്ക്കെതിരെയുമായിരുന്നു ഗോളുകൾ. റഹീം 2021ൽ സീനിയർ സംസ്ഥാന ചാംപ്യൻഷിപ് നേടിയ കോഴിക്കോട് ടീമിനായും 2022ൽ റണ്ണറപ്പായ മലപ്പുറത്തിനായും കളിച്ചു. പൂക്കാട്ടിരി സഫ കോളജിൽ ബിരുദാനന്തര ബിരുദ വിദ്യാർഥി. കെപിഎല്ലിൽ ബാസ്കോ ഒതുക്കുങ്ങലിന്റെ താരം.

മുഹമ്മദ് സാലിം(22 വയസ്സ്), ഡിഫൻഡർ

∙ വളാഞ്ചേരി വെണ്ടല്ലൂർ സ്വദേശിയായ മുഹമ്മദ് സാലിം സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിൽ ഒരു ഗോൾ നേടിയിരുന്നു.

ഇരിമ്പിളിയം എംഇഎസ് സ്കൂളിലെ പഠന കാലത്താണ് പന്തു തട്ടിത്തുടങ്ങിയത്. ‌എംജി സർവകലാശാല ടീമിൽ അംഗമായിരുന്നു. ഒരു തവണ അഖിലേന്ത്യാ മൂന്നാം സ്ഥാനം നേടി. നിലവിൽ കേരള പ്രീമിയർ ലീഗിൽ കെഎസ്ഇബിക്കായി കളിക്കുന്നു. ഫാറൂഖ് കോളജിൽ ബിരുദാനന്തര ബിരുദ വിദ്യാർഥി.

കെ.അമീൻ(24 വയസ്സ്),  ഡിഫൻഡർ

∙ കേരള പ്രതിരോധനിരയിലെ കരുത്തനാണ് മഞ്ചേരി നെല്ലിക്കുത്ത് സ്വദേശിയായ കെ.അമീൻ. മമ്പാട് എംഇഎസ് കോളജിൽ പഠിച്ച അമീൻ 2021ൽ അഖിലേന്ത്യാ അന്തർ സർവകലാശാല കിരീടം നേടിയ കാലിക്കറ്റ് സർവകലാശാല ടീമിലുണ്ടായിരുന്നു.  കേരള പ്രീമിയർ ലീഗിൽ ഇസ എഫ്സി അരീക്കോടിനായി കളിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com