മലപ്പുറം ∙ വർധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ തടയാൻ ജില്ലയിൽ വ്യാപക പരിശോധന നടത്തി പൊലീസ്. ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിന്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ സ്റ്റേഷൻ പരിധികളിലും ശനിയാഴ്ച നടത്തിയ പരിശോധനയിൽ 836 കേസുകൾ റജിസ്റ്റർ ചെയ്തു. പിടികിട്ടാപ്പുള്ളികളായ 30 പേരെയും ജാമ്യമില്ലാ വാറന്റുള്ള 80 പേരെയും പിടികൂടി. ആകെ കേസുകളിൽ 88 എണ്ണം ലഹരി മരുന്നുമായി ബന്ധപ്പെട്ടുള്ളതാണ്.
Also read: ആറാം വളവിൽ കണ്ടെയ്നർ ലോറി കുടുങ്ങി; ചുരത്തിൽ ഗതാഗതതടസ്സം
സാമൂഹിക വിരുദ്ധരായ 53 പേരെ കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്. അനധികൃത മദ്യവിൽപനയുമായി ബന്ധപ്പെട്ട് 103 കേസുകളും മണൽക്കടത്തുമായി ബന്ധപ്പെട്ട് 10 കേസുകളുമെടുത്തു. സമാന്തര ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് 43 കേസുകൾ റജിസ്റ്റർ ചെയ്തു. 2895 വാഹനങ്ങളാണ് കഴിഞ്ഞ ദിവസം പൊലീസ് പരിശോധിച്ചത്. ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി 98,0750 രൂപ പിഴയീടാക്കി. 132 ലോഡ്ജുകളിലും പരിശോധന നടത്തി. വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.