തേഞ്ഞിപ്പലം ∙ ചേളാരിയിലെ തേഞ്ഞിപ്പലം മൃഗാശുപത്രി കെട്ടിടത്തിന് നേരെ ഇരുട്ടിന്റെ മറവിൽ സാമൂഹിക വിരുദ്ധരുടെ അക്രമം. ജനൽ ചില്ല് കല്ലേറിൽ തകർന്നു. ചില്ല് തെറിച്ച് കംപ്യൂട്ടറിന്റെ മോണിറ്റർ കേടായി.
ആശുപത്രി വളപ്പിന് ചുറ്റുമതിൽ വേണമെന്ന ആവശ്യം വർഷങ്ങളായി നടപ്പാക്കാത്തതിനാൽ ആശുപത്രി പരിസരം പാതിരാത്രിയായാൽ സാമൂഹിക വിരുദ്ധരുടെ താവളമാണെന്ന് പരാതിയുണ്ട്.
കല്ലേറിന് പിന്നിൽ ആരെന്ന് വ്യക്തമല്ല. തേഞ്ഞിപ്പലം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ചുറ്റുമതിൽ കെട്ടാൻ നടപടി സ്വീകരിക്കുമെന്ന് സ്ഥലം സന്ദർശിച്ച പഞ്ചായത്ത് പ്രസിഡന്റ് ടി. വിജിത്ത് പറഞ്ഞു.