ADVERTISEMENT

കോട്ടയ്ക്കൽ∙ ഉത്സവകാലമായതോടെ ദുർഗാദാസ് എസ്.നമ്പൂതിരിപ്പാട് എന്ന ആയുർവേദ ഡോക്ടർക്കു നിന്നുതിരിയാൻ നേരമില്ല. രാപകൽ ഇടയ്ക്ക വായിച്ച് പഞ്ചവാദ്യസംഘത്തിനൊപ്പം നാടൊട്ടുക്കു സഞ്ചരിക്കുകയാണ് കോട്ടയ്ക്കൽ ആര്യവൈദ്യശാലയിലെ ഈ സീനിയർ ഡോക്ടർ. ചെറുപ്പത്തിലേ ഇടയ്ക്ക വാദനത്തോട് കമ്പമുണ്ടെങ്കിലും പഠിക്കാൻ സാധിച്ചത് 10 വർഷം മുൻപ് മുപ്പത്തിനാലാമത്തെ വയസ്സിലാണ്. 

Also read: ഏഴടി താഴ്ചയിൽ തന്നെ ജലസമൃദ്ധി; കിണർ കുഴിച്ച സഹോദരങ്ങൾക്ക് നാട്ടുകാരുടെ അഭിനന്ദനം

ആര്യവൈദ്യശാലയുടെ തൃക്കാക്കര ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെ തൊട്ടടുത്ത മ്യൂസിക് സ്കൂളാണ് പഠനവേദിയായത്. രജീഷ് രാമചന്ദ്രൻ  ബാലപാഠങ്ങൾ പഠിപ്പിച്ചു. പിന്നീട്, ജൻമനാടായ തൃശൂരിലെത്തി വിനോദ് തിരുവമ്പാടിയിൽ നിന്നു തുടർപഠനം. 7 വർഷം മുൻപ് തിരുവമ്പാടി ക്ഷേത്രത്തിൽ സോപാന സംഗീതത്തിനുവേണ്ടി വായിച്ച് അരങ്ങേറി. പഞ്ചവാദ്യത്തിനുവേണ്ടി കൊട്ടണം. അതായി പിന്നീടുള്ള ആഗ്രഹം. അങ്ങനെ ഇടയ്ക്ക കലാകാരൻമാരിൽ കേമനായ തിച്ചൂർ മോഹനന് ശിഷ്യപ്പെട്ടു. 

ചീരംകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ വച്ച് 3 വർഷം മുൻപ് അരങ്ങേറ്റവും നടത്തി. പിന്നീട്, തിരക്കുകളിൽ നിന്നു തിരക്കുകളിലേക്ക്.  മുപ്പതിൽപരം ഉത്സവങ്ങൾക്കു ഇതിനകം ഇടയ്ക്കയിൽ കോൽപ്രയോഗം നടത്തി. തൃശൂരിലെ ക്രിസ്ത്യൻ ദേവാലയത്തിലും പഞ്ചവാദ്യത്തിനെത്തി. ജൻമനാ ഇടതുകൈയ്ക്കാണ് ദുർഗാദാസിനു കൂടുതൽ സ്വാധീനം. അതിനാൽ ഇടയ്ക്ക കൊട്ടിയിരുന്നതും ഇതേ കൈ കൊണ്ടായിരുന്നു. 

എന്നാൽ, വലതുകൈ പ്രയോഗത്തിനാണ് കൂടുതൽ ഭംഗി എന്ന തിരിച്ചറിവിൽ കഷ്ടപ്പെട്ടാണെങ്കിലുംഅതും സ്വായത്തമാക്കി. ഈ സീസണിൽ പത്തോളം ഉത്സവങ്ങളിൽ പങ്കാളിയായി. വരാനിരിക്കുന്നതും തിരക്കുള്ള നാളുകൾ തന്നെ. ആതവനാട്ടെ ആഴ് വാഞ്ചേരി കൃഷ്ണൻ തമ്പ്രാക്കളുടെ സഹോദരീപുത്രനായ ദുർഗാദാസ് കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട് 17 വർഷമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com