ADVERTISEMENT

എരമംഗലം ∙ കലുങ്ക് നിർമാണത്തിനിടെ റോഡ് തകർന്നത് മൂലം പൊന്നാനി-ഗുരുവായൂർ സംസ്ഥാന പാതയിൽ ഗതാഗതം മുടങ്ങി. പാതയിലെ മാറഞ്ചേരി പനമ്പാട് പെരുവഴിക്കുളത്താണ് കലുങ്ക് നിർമാണത്തിനിടെ റോഡ് തകർന്ന് ഗതാഗതം തടസ്സപ്പെട്ടത്. പെരുവഴിക്കുളത്തെ റോഡിന്റെ അടിഭാഗത്തെ കലുങ്ക് കാലപ്പഴക്കത്തെ തുടർന്ന് പൊളിച്ചു മാറ്റി പണിയുന്നതിനിടയിലാണ് ഗർത്തം ഉണ്ടാകുകയും റോഡ് തകരുകയും ചെയ്തത്. 

Also read: 'അവളെ തനിച്ചാക്കി പോകാൻ പേടിയാണ്'; അവർ മടങ്ങി, നിദയുടെ ഓർമകൾ ഉറങ്ങുന്ന വീട്ടിലേക്ക്

റോഡിന്റെ ഒരു വശത്തെ മണ്ണ് നീക്കി പണിയുകയും മറു ഭാഗം വാഹനങ്ങൾക്ക് പോകുന്നതിനായി സൗകര്യം ഒരുക്കുകയും ചെയ്തിരുന്നു.ഇൗ മാസം ഒന്നു മുതൽ പെരുവഴിക്കുളം വഴി വലിയ വാഹനങ്ങൾ പോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിരുന്നെങ്കിലും കഴിഞ്ഞ 2 ദിവസം ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഇൗ റോഡ് വഴി വാഹനങ്ങൾ തിരിച്ചുവിട്ടത്

പൊളിച്ചിട്ട റോഡിന്റെ ഇരുവശത്തെയും മണ്ണ് ഇടിയാൻ കാരണമായി. കലുങ്ക് നിർമാണത്തിനിടെ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി കലുങ്കിൽ വെള്ളക്കെട്ട് ഉണ്ടായതിനാൽ മണ്ണിടിച്ചിലിന് ആക്കം കൂട്ടി.ഇന്നലെ അർധ രാത്രിയിലാണ് റോഡ് തകർന്നത്. ഗതാഗതം പൂർണമായി തടസ്സപ്പെട്ടതിനെതിരെ നാട്ടുകാരുടെയും  യാത്രക്കാരുടെയും പ്രതിഷേധം ശക്തമായി. 

തകർന്ന റോഡ് സുരക്ഷിതമാക്കി വാഹനങ്ങൾ പോകുന്നതിനു സൗകര്യം ഒരുക്കാൻ മരാമത്ത് ഉദ്യോഗസ്ഥരും കരാറുകാരനും ശ്രമം തുടങ്ങി. 2 ദിവസത്തിനുള്ളിൽ ഗതാഗതം പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.റോഡ് തകർന്നതോടെ സ്വകാര്യ ബസുകൾക്കു പൂർണമായും സർവീസ് നടത്താനായില്ല. കുന്നംകുളം-പൊന്നാനി, ഗുരുവായൂർ-പൊന്നാനി സർവീസുകളെയാണ് ഏറെ ബാധിച്ചത്. ബസ് സർവീസ് മുടങ്ങിയതോടെ വിദ്യാർഥികളും യാത്രക്കാരും ഏറെ ബുദ്ധിമുട്ടിലായി.

നിയന്ത്രണം ലംഘിച്ചതും തകരാൻ കാരണം

എരമംഗലം ∙ നിയന്ത്രണം ലംഘിച്ച്  വലിയ വാഹനങ്ങൾ സംസ്ഥാനപാതയിലൂടെ കടത്തിവിട്ടത് റോഡ് തകർച്ചയ്ക്കു കാരണമായി. മാറഞ്ചേരി പനമ്പാട് പെരുവഴിക്കുളത്ത് ഫെബ്രുവരി ഒന്നു മുതൽ കലുങ്ക് നിർമാണം നടത്തുന്നുണ്ടെന്നും ഇതുവഴി വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത്

എക്സിക്യൂട്ടീവ് എൻജിനീയർ എല്ലാ വകുപ്പ് മേധാവികളെയും അറിയിച്ചിരുന്നു. വെളിയങ്കോട് ചന്ദനക്കുടം നേർച്ചയുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ വെളിയങ്കോട് അങ്ങാടിയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. അത് ഒഴിവാക്കാൻ വലിയ ചരക്കുവാഹനങ്ങൾ കലുങ്ക് നിർമാണം നടക്കുന്ന പാതയിലൂടെ പൊലീസ് വഴി തിരിച്ചുവിടുകയായിരുന്നു. 

വാഹനങ്ങൾ വഴി തിരിച്ചുവിട്ടു

മാറഞ്ചേരി ∙ പെരുവഴിക്കുളത്തെ റോഡ് തകർന്നതോടെ വാഹനങ്ങൾ വഴി തിരിച്ചു വിട്ടു. പൊന്നാനി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ കുണ്ടുകടവിൽനിന്ന് മാരമുറ്റം, കോതമുക്ക് വഴി എരമംഗലത്തേക്കും എരമംഗലം ഭാഗത്തുനിന്നുള്ള വാഹനങ്ങൾ കോതമുക്ക്, മാരമുറ്റം വഴി പൊന്നാനിയിലേക്കും പോകണമെന്നും അധികൃതർ അറിയിച്ചു. ചരക്കു വാഹനങ്ങൾ പൊന്നാനി-ചാവക്കാട് ദേശീയപാത വഴി പോകാനും നിർദേശം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com