തേഞ്ഞിപ്പലം ∙ ചേളാരി ഐഒസി പ്ലാന്റിൽ ഒരു വിഭാഗം തൊഴിലാളികളുടെ മിന്നൽ സമരത്തെ തുടർന്ന് സിലിണ്ടറുകളിൽ ഗ്യാസ് നിറയ്ക്കുന്നത് മുടങ്ങി.മാനേജ്മെന്റ് ചർച്ച വഴി പ്രശ്നം പരിഹരിക്കുകയായിരുന്നു. ഹൗസ്കീപ്പിങ് തൊഴിലാളികളുടെ വേതനം പുതിയ കരാറുകാരൻ വെട്ടിക്കുറച്ചെന്ന് ആരോപിച്ച് സിഐടിയുവിന്റെ നേതൃത്വത്തിലാണ് സമരം നടത്തിയത്. മാനേജരുടെ ഓഫിസിന് മുന്നിൽ കുത്തിയിരിപ്പ് സമരവും നടത്തി.
എന്നാൽ, വേതനം വെട്ടിക്കുറച്ചില്ലെന്നാണ് കരാറുകാരന്റെ വാദം. സംഘടനകൾ ആവശ്യപ്പെട്ടതനുസരിച്ച് 4000 രൂപ വീതം അഡ്വാൻസ് പിന്നീട് കൈമാറിയെന്നും കരാറുകാരൻ പറഞ്ഞു. സമരം മൂലം ഐഒസിക്കുണ്ടായ നഷ്ടം തന്നിൽ നിന്ന് വസൂലാക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്. നോട്ടിസ് ഇല്ലാത്ത സമരം മൂലം ഉണ്ടായ നഷ്ടം സംബന്ധിച്ച് ലേബർ കമ്മിഷണർക്ക് കത്ത് നൽകിയിട്ടുമുണ്ട് - കരാറുകാരൻ സി.ഒ.ജോൺസൺ പറഞ്ഞു.