എടപ്പാൾ ∙ ഒന്നര മാസം മുൻപ് നഷ്ടപ്പെട്ട മോതിരം മാലിന്യക്കെട്ടിൽ. ഹരിതകർമ സേനാംഗങ്ങളുടെ സത്യസന്ധതയിൽ ഉടമയ്ക്കു തിരികെ കിട്ടി. എടപ്പാൾ പഞ്ചായത്ത് 18–ാം വാർഡിൽ അയിലക്കാട്ട് പരുവിങ്ങൽ സയ്യിദ് കുട്ടിയുടെ ഭാര്യ ഉമ്മുട്ടിയുടെ അരപ്പവൻ മോതിരമാണ് കാണാതായത്. വീടും പരിസരവും മുഴുവൻ തിരഞ്ഞെങ്കിലും കിട്ടിയില്ല. ഇതിനിടെ വീട്ടിലെ അടുക്കളയോട് ചേർന്ന് സൂക്ഷിച്ചിരുന്ന അജൈവ മാലിന്യങ്ങളുടെ കവർ ഹരിതകർമ സേനയ്ക്ക് കൈമാറാനായി വീടിന് പുറത്തുവച്ചു.
മാലിന്യത്തിനൊപ്പം കിടന്ന മോതിരം അവർ കണ്ടെത്തി നൽകുകയായിരുന്നു. പ്ലാസ്റ്റിക് മാലിന്യം കവറിൽ നിറയ്ക്കുന്നതിനിടെ മോതിരം അഴിഞ്ഞു പോയതാകുമെന്ന് കരുതുന്നു.ഓരോ വീട്ടിൽനിന്നും നൽകുന്ന അജൈവ മാലിന്യം വീടിന് പുറത്തുവച്ച് ഇവർ വേർതിരിക്കാറുണ്ട്. ഇങ്ങനെ തിരയുന്നതിനിടെ ആണ് മോതിരം ലഭിച്ചത്.