ADVERTISEMENT

മലപ്പുറം ∙ അഭിപ്രായ പ്രകടനങ്ങളിലെ വ്യക്തത, നിലപാടുകളിലെ കണിശത, പാർട്ടിയെ താഴെ തട്ടു മുതൽ ചലിപ്പിക്കാനുള്ള സംഘാടന മികവ്. മുസ്‌ലിം ലീഗിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി പദവിയിലേക്ക് പി.എം.എ.സലാമിന് വഴിയൊരുക്കിയതിൽ ഇവയ്ക്കെല്ലാം പങ്കുണ്ട്. രണ്ടു വർഷത്തോളം ആക്ടിങ് ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹം സംസ്ഥാന കൗൺസിലിലൂടെ പാർട്ടിയുടെ അമരത്ത് വീണ്ടുമെത്തിയിരിക്കുന്നു. മുന്നിലുള്ള വെല്ലുവിളികളെക്കുറിച്ച്, മനസ്സിലുള്ള പദ്ധതികളെക്കുറിച്ച് അദ്ദേഹം മനസ്സു തുറക്കുന്നു. 

ജനറൽ സെക്രട്ടറിയെന്ന നിലയിൽ എന്തിനാണ് മുൻഗണന നൽകുന്നത് ?

പാർട്ടിയെ വ്യവസ്ഥാപിതമായി മുന്നോട്ടുകൊണ്ടുപോകുകയെന്ന പ്രക്രിയ തുടങ്ങിവച്ചിട്ടുണ്ട്. പുതിയ അംഗത്വ ക്യാംപെയ്നോടെ ആ ലക്ഷ്യം ഒരു പരിധിവരെ പൂർത്തിയായി. ആളുകളും അണികളും ഏറെയുണ്ടെങ്കിലും പല സ്ഥലത്തും സംഘടനാ സംവിധാനമില്ലായിരുന്നു. അതിന് മാറ്റം വന്നു. ആധുനിക വെല്ലുവിളികളോട് സംവദിക്കാൻ തയാറുള്ള നേതൃത്വവും അണികളും വേണം. അത്തരമൊരു സംഘടനാ സംവിധാനത്തിലേക്ക് ഇതുവരെ ശ്രദ്ധ പോയിരുന്നില്ല. എന്നാൽ, സംഘടനാ സംവിധാനം ഭദ്രമാക്കിയ ശേഷം മറ്റു പരിപാടികളിലേക്ക് കടക്കാമെന്ന ചിന്തയാണ് ഇപ്പോൾ നേതൃത്വത്തിനുള്ളത്. 

പാർട്ടിയെ സെമി കേഡറാക്കുകയാണോ? 

ലീഗ് ഇപ്പോൾ തന്നെ കേഡറാണല്ലോ. ദിവസങ്ങൾ കൊണ്ട് വഖഫ് സമ്മേളനത്തിന് ലക്ഷങ്ങളെ അണിനിരത്തിയില്ലേ. താഴെ തട്ടു മുതൽ അംഗത്വ ക്യാംപെയ്ൻ നടത്തി 25 ലക്ഷം അംഗങ്ങളെ ചേർത്തില്ലേ. തികച്ചും ജനാധിപത്യ രീതിയിലാണ് കമ്മിറ്റികൾ നിലവിൽ വന്നത്. പരമാവധി സമന്വയത്തിലൂടെ കമ്മിറ്റികൾ തിരഞ്ഞെടുക്കണമെന്നായിരുന്നു നേതൃത്വത്തിന്റെ ആഗ്രഹം. ചിലയിടത്ത് തിരഞ്ഞെടുപ്പുണ്ടായി. എന്നാൽ, ജില്ലാ തലം  മുതൽ സമന്വയത്തിലൂടെ കമ്മിറ്റികൾ രൂപീകരിക്കാനായി. ഇപ്പോൾ പാർട്ടിക്ക് മികച്ച സംഘടനാ ചട്ടക്കൂടുണ്ട്. അതിന് കൂടുതൽ മികച്ച രൂപവും ഭാവവും നൽകുകയാണ് ലക്ഷ്യം. ഇനിയും പാർട്ടിയുടെ ശ്രദ്ധ കടന്നു ചെന്നിട്ടില്ലാത്ത ചില മേഖലകളുണ്ട്. ഉദാഹരണത്തിന് കെഎംസിസിയും സിഎച്ച് സെന്ററുകളും. ഇവയ്ക്ക് കൂടുതൽ ഏകോപിതമായ രൂപം കൊണ്ടുവരും. 

പാർട്ടിക്ക് കീഴിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമെന്നാണോ?

കോടിക്കണക്കിന് രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് കെഎംസിസിയും സിഎച്ച് സെന്ററുകളും നടത്തുന്നത്. ഇവയെല്ലാം ഒരു കുടക്കീഴിലാക്കി കൂടുതൽ ഏകോപനത്തോടെ നടത്തുകയാണ് ലക്ഷ്യം. ഇതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കെഎംസിസി യൂണിറ്റുകളുടെ യോഗം വിളിച്ചു ചേർക്കും. സിഎച്ച് സെന്ററുകൾ പാർട്ടി സംവിധാനത്തിനു കീഴിൽ കൊണ്ടുവരും. നിലവിൽ നടത്തുന്ന പ്രവർത്തനങ്ങൾ കൂടുതൽ ഏകോപനത്തോടെ, കാര്യക്ഷമതയോടെ പാർട്ടിയുടെ തണലിൽ നടത്തുകയാണ് ലക്ഷ്യം. റമസാൻ ആദ്യത്തിൽ ചേരുന്ന പുതിയ സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഇതു സംബന്ധിച്ച  തീരുമാനമുണ്ടാകും.

സംസ്ഥാന ഭാരവാഹികൾക്ക് പരിധി നിശ്ചയിച്ചിരുന്നെങ്കിലും അതിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്തേണ്ടി വന്നു. ഇത് പാർട്ടിയിൽ സ്ഥാനമോഹികളുടെ എണ്ണം കൂടുന്നതിന്റെ ലക്ഷണമല്ലേസ്ഥാനമോഹമൊന്നുമല്ല. പ്രവർത്തന സൗകര്യത്തിന് വേണ്ടിയാണ് ഭാരവാഹികളുടെ എണ്ണം കൂട്ടിയത്. എല്ലാ ജില്ലകൾക്കും പ്രദേശങ്ങൾക്കും വിഭാഗങ്ങൾക്കും പ്രാതിനിധ്യം ഉറപ്പാക്കുകയും വേണമല്ലോ. ആരും സ്ഥാനം ചോദിച്ചു വാങ്ങിയതല്ല. ഭാരവാഹി തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് കേസ് കൊടുത്ത കെ.എസ്.ഹംസയെ പുറത്താക്കി. തിരുവനന്തപുരം, എറണാകുളം ജില്ലകളിൽനിന്ന് കേസ് കൊടുത്തവർക്കെതിരെയും സമാന നടപടിയുണ്ടാകുമോ

തിരുവനന്തപുരത്ത് കേസ് കൊടുത്തയാൾ ജില്ലാ കൗൺസിലില്ല. അതു കൊണ്ടാണ് അദ്ദേഹത്തെ വിളിക്കാതിരുന്നത്. സ്ഥാനം കിട്ടാത്തപ്പോൾ കോടതിയിൽ പോകുകയാണ്. കോടതി വിധിയെ ഞങ്ങൾ ബഹുമാനിക്കുന്നു. കോടതി വിധിക്കനുസൃതമായാണ് സംസ്ഥാന കൗൺസിൽ ചേർന്നത്. അത് കോടതിയെ ബോധിപ്പിക്കും. എറണാകുളത്ത് കേസ് കൊടുത്തയാൾ ജില്ലാ കൗൺസിൽ യോഗത്തിൽ പങ്കെടുത്തിട്ടുണ്ട്. പിന്നീട് പച്ചക്കളം പറഞ്ഞാൽ എന്തു ചെയ്യും. നടപടിയുടെ   കാര്യം പാർട്ടി ആലോചിക്കും.

ഐഎൻഎല്ലിലെ അസംതൃപ്തർ ഉൾപ്പെടെ ലീഗിൽനിന്ന് അകന്നു പോയവരെ തിരികെ കൊണ്ടു വരാൻ ശ്രമമുണ്ടാകുമോ?ലീഗിൽ നിന്ന് ഐഎൻഎല്ലിലേക്ക് പോയ, സേട്ട് സാഹിബിന്റെ (ഇബ്രാഹിം സുലൈമാൻ സേട്ട്) കുടുംബമടക്കം 2011ൽ തിരിച്ചെത്തിയിട്ടുണ്ട്. ഇപ്പോൾ അതിൽ ലീഗുമായി ബന്ധമുള്ളവരാരുമില്ല. ലീഗിന്റെ നയപരിപാടികളും ആദർശവും അംഗീകരിക്കുന്ന ആരെയും പാർട്ടി ഇരു കൈകളും നീട്ടി സ്വീകരിക്കും.

കെ.ടി.ജലീൽ ഉൾപ്പെടെയുള്ളവർക്ക് ഇത് ബാധകമാണോവ്യക്തിപരമായ പേരുകളിലേക്ക് പോകേണ്ടതില്ലല്ലോ. പാർട്ടിയുടെ ആശയാദർശങ്ങൾ സ്വീകരിച്ച്, സംഘടനാ നേതൃത്വത്തെ അനുസരിച്ച് പ്രവർത്തിക്കാൻ തയാറുള്ള എല്ലാവരെയും സ്വീകരിക്കും. പി.എം.എ.സലാം ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നോമിനിയാണെന്ന് പാർട്ടിക്കുള്ളിലും പുറത്തും പലരും പറയുന്നു. എന്താണ് മറുപടിഅത് വളരെ ശരിയാണ്. ഞാൻ പി.കെ.കുഞ്ഞാലിക്കുട്ടിയുടെയും സാദിഖലി തങ്ങളുടെയും ഇ.ടി.മുഹമ്മദ് മുഹമ്മദ് ബഷീറിന്റെയും എം.കെ.മുനീറിന്റെയും 25 ലക്ഷം ലീഗ് അംഗങ്ങളുടെയും നോമിനിയാണ്. ഏകകണ്ഠമായാണ് സംസ്ഥാന കൗൺസിൽ എന്നെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. 

ലീഗ് ഇടതു മുന്നണിയിലേക്ക് പോകുമെന്ന രീതിയിലുള്ള ചർച്ചകൾ ഇപ്പോഴും നടക്കുന്നു?

ഞങ്ങൾ യുഡിഎഫിലെ പ്രധാന ഘടക കക്ഷിയാണ്. ആ നിലയിൽ മുന്നണിയെ നിലനിർത്താനും വിജയിപ്പിക്കാനുമുള്ള ബാധ്യത ലീഗിനുണ്ട്. മുന്നണി മാറ്റത്തെക്കുറിച്ച് ചിന്തിക്കേണ്ട ഒരാവശ്യവും ഇപ്പോഴുണ്ടായിട്ടില്ല. ജനജീവിതം ദുസ്സഹമാക്കിയ പിണറായി സർക്കാരിന് കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളും എതിരാണ്. 

യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ കോൺഗ്രസ് സംഘടനാപരമായി കൂടുതൽ കരുത്താർജിക്കണമെന്ന അഭിപ്രായം ലീഗിനുണ്ടോ?

കോൺഗ്രസ് മാത്രമല്ല, ലീഗുൾപ്പെടെ യുഡിഎഫിലെ എല്ലാ ഘടക കക്ഷികളും ശക്തിപ്പെടണം. കേരളത്തിന്റെ നിലനിൽപിനും അഭിവൃദ്ധിക്കും അത് ആവശ്യമാണ്. മുന്നണിക്ക് നേതൃത്വം നൽകുന്ന പാർട്ടിയെന്ന നിലയിൽ കോൺഗ്രസിന് പ്രത്യേക ഉത്തരവാദിത്തമുണ്ട്. അത് അവർ നിർവഹിക്കുന്നുണ്ടെന്നാണ് ഞങ്ങളുടെ വിശ്വാസം. എന്തെങ്കിലും പോരായ്മയുണ്ടെങ്കിൽ പരിഹരിക്കാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിയും.

മുസ്‌ലിം ലീഗിന്റെ ശക്തി കൂടുന്നു: കുഞ്ഞാലിക്കുട്ടി

മലപ്പുറം∙ മുസ്‍ലിം ലീഗിനു തുടക്കം കുറിച്ചതു മുതൽ പാർട്ടിയുടെ ശക്തി വർധിച്ചുവരികയാണെന്നും മറ്റു പാർട്ടികൾ ശക്തി കുറഞ്ഞുവന്നപ്പോൾ ലീഗ് ശക്തി നിലനിർത്തിയെന്നും ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംസ്ഥാന ഭാരവാഹികൾക്കു  നൽകിയ   സ്വീകരണവും ദേശീയ സമ്മേളന പ്രതിനിധികളുടെ  സംഗമവും  ഉദ്ഘാടനം  ചെയ്യുകയായിരുന്നു  അദ്ദേഹം. 

ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു.  സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ട്രഷറർ പി.വി.അബ്ദുൽ വഹാബ് എംപി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം, യൂത്ത്‌ ലീഗ് സംസ്ഥാന പ്രസിഡന്റ് പി.കെ.ഫിറോസ്, അഷറഫ് കോക്കൂർ എന്നിവർ‍ പ്രസംഗിച്ചു. 

മുസ്‌ലിം ലീഗ് സംസ്ഥാന ഭാരവാഹികളായ എം.സ.മായിൻ ഹാജി, അബ്ദുറഹ്മാൻ കല്ലായി, സി.പി.ബാവഹാജി, ഉമ്മർ പാണ്ടികശാല, സി.പി.സൈതലവി, കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, എൻ.ഷംസുദ്ദീൻ എംഎൽഎ, പി.ഉബൈദുല്ല എംഎൽഎ, യു.സി.രാമൻ, മുഹമ്മദ് ഷാ, പി.കെ.നവാസ്, സുഹറ മമ്പാട്, കെ.പി.മറിയുമ്മ തുടങ്ങിയവർ പങ്കെടുത്തു.

ലീഗ് ആർഎസ്എസ് ചർച്ചയെന്ന് പുറത്താക്കപ്പെട്ട നേതാവ് 

കോഴിക്കോട്∙ മുസ്‌ലിം ലീഗുമായി ആർഎസ്എസ് ചർച്ച നടത്തിയെന്ന ആരോപണവുമായി പുറത്താക്കപ്പെട്ട മുൻ സംസ്ഥാനസെക്രട്ടറി കെ.എസ്.ഹംസ. മലപ്പുറത്ത് നിന്നുള്ള ഒരു എംഎൽഎയാണ് ചർച്ച നടത്തിയതെന്നും ഹംസ പറഞ്ഞു. വഴിപോക്കർ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മുസ്‌ലിം ലീഗ് മറുപടി പറയേണ്ടതില്ലെന്ന്  സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം പറഞ്ഞു.

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com