ADVERTISEMENT

ജില്ലയിലെ 3 റോഡുകളിലായി ഏഴേകാൽ മണിക്കൂറിനിടെയുണ്ടായ 3 അപകടങ്ങളിലായി ജീവൻ നഷ്ടപ്പെട്ടത് 4 പേർക്ക്. 4 പേർക്ക് പരുക്കേറ്റു. ചൂണ്ടൽ–കുറ്റിപ്പുറം സംസ്ഥാനപാതയിൽ ചങ്ങരംകുളത്ത് ഞായർ രാത്രി 11.15ന് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് 2 പേർ മരിച്ചതാണ് ആദ്യ അപകടം. പിന്നാലെ ഇന്നലെ പുലർച്ചെ 3ന് ദേശീയപാത 66ൽ പുത്തനത്താണിയിൽ കുടുംബം സഞ്ചരിച്ച ഓട്ടോ കാറുമായി കൂട്ടിയിടിച്ച് ഗൃഹനാഥൻ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന 3 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. അതേസമയം രാവിലെ 6.30ന് കോഴിക്കോട് –പാലക്കാട് ദേശീയ പാതയിലെ തിരൂർക്കാട്ട് 2 ബൈക്കുകൾ കൂട്ടിയിടിച്ച് എംബിബിഎസ് വിദ്യാർഥിനി മരിക്കുകയും സഹപാഠിക്ക് പരുക്കേൽക്കുകയും ചെയ്തു.

ക്ഷേത്രത്തിലേക്ക് പുറപ്പെട്ട ഓട്ടോ കാറിലിടിച്ച് ഗൃഹനാഥൻ മരിച്ചു

രഞ്ജിത്.

കണ്ണമംഗലം ∙ ഭാര്യയ്ക്കും മക്കൾക്കും ഒപ്പം കൊടുങ്ങല്ലൂർ ക്ഷേത്ര ദർശനത്തിന് പുറപ്പെട്ട യുവാവ് അപകടത്തിൽ മരിച്ചു. ദേശീയപാത 66 പുത്തനത്താണിയിൽ ഇന്നലെ പുലർച്ചെ മൂന്നിന് കാറും ഓട്ടോയും കൂട്ടിയിടിച്ചാണ് ഓട്ടോ ഓടിച്ച യുവാവ് മരിച്ചത്. കണ്ണമംഗലം തോട്ടശ്ശേരിയറ പുള്ളിപ്പാറ തെക്കേ മണപ്പാട്ടിൽ ശങ്കുണ്ണിയുടെയും രമാഭായിയുടെയും മകൻ രഞ്ജിത് (മണിക്കുട്ടൻ -36) ആണ് മരിച്ചത്. മരപ്പണിക്കാരനായ രഞ്ജിത് സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സ്വന്തം ഓട്ടോ ആണ് ഓടിച്ചിരുന്നത്. ഗുരുതരമായി പരുക്കേറ്റ ഭാര്യ ഷിജി (30), മകൾ ശിവാനി (6) എന്നിവർ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മകൻ ജിൽജിത്തിനെ (11) പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിച്ചു. രഞ്ജിത്തിന്റെ സംസ്കാരം നടത്തി.

ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; എംബിബിഎസ് വിദ്യാർഥിനി മരിച്ചു

mlp-road-accident
1. കോഴിക്കോട് -പാലക്കാട് ദേശീയപാതയിൽ തിരൂർക്കാട് ഐടിസിക്ക് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് കെഎസ്ആർടിസി ബസിൽ തട്ടിയുണ്ടായ അപകടം. അപകടത്തിൽ എംബിബിഎസ് വിദ്യാർഥിനി മരിച്ചു, 2. അൽഫോൻസ.

മങ്കട ∙ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എംബിബിഎസ് വിദ്യാർഥിനി മരിച്ചു. പെരിന്തൽമണ്ണ മാലാപറമ്പ് എംഇഎസ് മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥിനി പുന്നപ്ര പറവൂർ പൂന്തുറശേരിയിൽ നിക്സന്റെയും നിർമലയുടെയും ഏക മകൾ അൽഫോൻസ (സ്നേഹമോൾ –21) ആണു മരിച്ചത്. ഇന്നലെ രാവിലെ 6.30 ന് കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ തിരൂർക്കാട് ഐടിസിക്ക് സമീപമാണ് അപകടം ഉണ്ടായത്.

സഹയാത്രികൻ തൃശൂർ വന്നുക്കാരൻ അശ്വിന് അപകടത്തിൽ പരുക്കേറ്റു. യുവാവിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥികളാണ്. കോഴിക്കോട് ഭാഗത്ത് നിന്നു പോകുകയായിരുന്ന ഇവർ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ബൈക്കിൽ ഇടിച്ച് കെഎസ്ആർടിസി ബസിലും ഇടിച്ചാണ് അപകടമുണ്ടായത്. അൽഫോൻസയെ ഉടനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് പുന്നപ്ര സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിൽ.

സ്കൂട്ടറും കാറും കൂട്ടിയിടിച്ച് 2 യുവാക്കൾ മരിച്ചു

സംസ്ഥാന പാതയിൽ കോലിക്കര അപകടത്തിൽ തകർന്ന സ്കൂട്ടർ. അപകടത്തിൽപെട്ട കാറും കാണാം. സംഭവത്തിൽ 2 പേർ മരിച്ചു.

ചങ്ങരംകുളം ∙ സംസ്ഥാന പാതയിൽ കോലിക്കര സ്കൂട്ടറും കാറും ഇടിച്ചു സ്കൂട്ടർ യാത്രക്കാരായ 2 പേർ മരിച്ചു. കോലിക്കര വടക്കത്ത് വളപ്പിൽ ബാവയുടെയും ആമിനയുടെയും മകൻ ഫാസിൽ (33), നൂലിയിൽ മജീദിന്റെയും നഫീസയുടെയും മകൻ അൽത്താഫ് (24) എന്നിവരാണ് മരിച്ചത്.

ഫാസിൽ, അൽത്താഫ്

ഒതളൂരിൽ ഉത്സവം കണ്ടു മടങ്ങുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച സ്കൂട്ടറിൽ തൃശൂർ ഭാഗത്തേക്കു പോകുന്ന കാർ ഇടിക്കുകയായിരുന്നു. ഫാസിൽ മൈസൂരുവിൽ ബേക്കറി ജീവനക്കാരനാണ്. നാളെ തിരിച്ചു പോകാനുള്ള ഒരുക്കത്തിലായിരുന്നു. ഭാര്യ സൽമ. മകൻ മുഹമ്മദ് റയാൻ. അൽത്താഫിന്റെ സഹോദരങ്ങൾ: അക്ബർ, അഷ്കർ, അഫീഫ. ഇരുവരുടെയും കബറടക്കം നടത്തി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com