ADVERTISEMENT

പൊന്നാനി ∙ യാത്രക്കാരെയും കൊണ്ട് പുറപ്പെടുകയായിരുന്ന അഴിമുഖത്തെ സർവീസ് ബോട്ടിൽ മീൻപിടിത്ത വള്ളം വന്നിടിച്ചു. ബോട്ടിന് കേടുപാട് പറ്റി. ഇന്നലെ രാവിലെ പൊന്നാനി ജെട്ടിയിലാണ് സംഭവം. പത്തോളം യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. ആർക്കും പരുക്കില്ല. ഇന്നലെ പൊന്നാനി ജെട്ടിയിൽ നിന്നു യാത്രക്കാരെയും കൊണ്ട് പടിഞ്ഞാറെക്കരയിലേക്ക് ബോട്ട് പുറപ്പെടുന്നതിനിടയിലാണ് മീൻപിടിത്ത ബോട്ട് വന്നിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബോട്ടിന്റെ മധ്യ ഭാഗത്ത് തകരാർ പറ്റി. മുൻ ഭാഗത്തെ കാബിൻ ഇളകി. ഗ്ലാസുകൾ പൊട്ടി. ജെട്ടിക്കു സമീപത്തായതിനാൽ ഉടനെ യാത്രക്കാരെ കരയിലേക്ക് തിരിച്ചിറക്കാൻ കഴിഞ്ഞു. 4 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ബോട്ട് ഉടമകൾ പറഞ്ഞു.

മീൻപിടിത്ത വള്ളം ഇടിച്ചതിനെത്തുടർന്ന് ബോട്ടിലെ കാബിൻ ഇളകി ഗ്ലാസുകൾ പൊട്ടിയപ്പോൾ.

അപകട വിവരമറിഞ്ഞ് നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം, പൊന്നാനി സിഐ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എന്നിവർ അഴിമുഖത്ത് എത്തിയിരുന്നു. കരാറുകാർ ഉടൻ മറ്റൊരു ബോട്ട് സർവീസിനായി എത്തിച്ചു.
മീൻപിടിത്തം കഴിഞ്ഞ് വള്ളം ഹാർബറിന്റെ ഭാഗത്തേക്ക് വേഗത്തിൽ പോകുന്നതിനിടെ നിയന്ത്രണം വിട്ട് യാത്രാ ബോട്ടിന്റെ മധ്യഭാഗത്തേക്കായി ഇടിച്ചു കയറുകയായിരുന്നു. ബോട്ടിന്റെ മധ്യ ഭാഗത്തെ പ്ലാറ്റ് ഫോം പൊളിഞ്ഞു. ഇന്നലെ തന്നെ അറ്റകുറ്റപ്പണികൾക്കായി ബോട്ട് കൊണ്ടുപോയി.

ജെട്ടിക്കടുത്ത് വള്ളം നിർത്തുന്നതിന് നിയന്ത്രണമില്ല

പൊന്നാനി ∙ ബോട്ട് ജെട്ടിക്ക് സമീപം മീൻപിടിത്ത ബോട്ടുകളും വള്ളങ്ങളും നിർത്തിയിടുന്നതിന് നിയന്ത്രണമില്ല. പല തവണ ബോട്ടുകാരും വള്ളക്കാരും തമ്മിൽ തർക്കങ്ങളുണ്ടായെങ്കിലും ഇതുവരെയും പരിഹാരമായില്ല. യാത്രക്കാരെയും കൊണ്ട് ബോട്ട് ജെട്ടിയിലേക്ക് അടുക്കുമ്പോൾ സമീപത്ത് മീൻപിടിത്ത ബോട്ടും വള്ളങ്ങളും നിർത്തിയിട്ടിരിക്കുന്നതിനാൽ ജെട്ടിയിലേക്ക് ബോട്ട് അടുപ്പിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുന്നുണ്ട്. പലപ്പോഴും കിട്ടുന്ന സ്ഥലത്ത് യാത്രാ ബോട്ട് അടുപ്പിക്കേണ്ടി വരികയാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com