ADVERTISEMENT

എടക്കര ∙ ഇല്ല, റജീനയും മക്കളും വഴിയാധാരമാകില്ല. വീടും പുരയിടവും ജപ്തിഭീഷണി നേരിട്ടിരുന്ന ‌റജീനയുടെ കൂടുംബത്തിന് സഹായമെത്തി. കാരാട്ട് കുറീസ്, സ്കൈ സൂൺ ഹൈപ്പർ മാർക്കറ്റ് എടക്കര എന്നീ സ്ഥാപനങ്ങളുടെ മാനേജ്മെന്റാണ് സഹായവുമായെത്തിയത്. ജപ്തി ഒഴിവാക്കാൻ അടുത്തദിവസം തന്നെ പണം അടയ്ക്കും. പോത്തുകല്ല് അമ്പുട്ടാൻപൊട്ടിയിലെ കളത്തിങ്ങൽ റജീനയുടെ വീടും 4 സെന്റ് സ്ഥലവുമാണ് നിലമ്പൂർ റീജനൽ ഹൗസിങ് സഹകരണ സംഘത്തിൽ നിന്നു വായ്പയെടുത്തത് തിരിച്ചടക്കാനാകാത്തതിനാൽ ജപ്തി ഭീഷണിയിലായിരുന്നത്. 2 തവണ അധികൃതർ ലേല നടപടിക്ക് വന്നിരുന്നു. 

പക്ഷേ, കാൻസർ ബാധിച്ച റജീനയുടെയും മക്കളുടെയും ദയനീയാവസ്ഥ കണ്ട് മടങ്ങുകയായിരുന്നു. പക്ഷേ, ഇനിയും നടപടി വൈകിക്കാനികില്ലെന്ന നിലപാട് അധികൃതർ അറിയിച്ചിരുന്നു. ‘കാൻസറിനു പിറകെ ജപ്തിയും ഉത്തരമില്ലാതെ റജീനയുടെ കുടുംബം’ എന്ന തലക്കെട്ടിൽ കഴിഞ്ഞ 13ന് മനോരമ നൽകിയ വാർത്ത ശ്രദ്ധയിൽപ്പെട്ടാണ് സഹായമെത്തിയത്. 

കാരാട്ട് കുറീസ്, സ്കൈ സൂൺ ഹൈപ്പർ മാർക്കറ്റ് എന്നീ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർ കെ.ആർ.സന്തോഷ്, ഡയറക്ടർമാരായ മുബഷിർ പാലോളി, ഹരീന്ദ്രൻ കാടാമ്പുഴ, മനു മഹേഷ്, ജീവനക്കാരനായ എം.പ്രവീൺ എന്നിവർ റജീനയുടെ വീട്ടിലെത്തി സഹായം അറിയിച്ചു. 3.25 ലക്ഷം രൂപയാണ് അടക്കാനുള്ളത്. 

ഇതിൽ കൂട്ടുപലിശയും കോടിതിച്ചെലവും മറ്റും കുറച്ചു നൽകുന്നതിന് സംഘം പ്രസിഡന്റ് വി.എ.കരീമിന്റെ ഇടപെടലുമുണ്ടായി. ബാക്കി വരുന്ന 2.60 ലക്ഷം രൂപ അടുത്തദിവസം അടയ്ക്കുമെന്ന് കെ.ആർ.സന്തോഷ് പറഞ്ഞു. കീമോ ചെയ്യാൻ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പോകാൻ വണ്ടിക്കൂലി പോലുമില്ലാത്ത റജീനയ്ക്ക് മുന്നിൽ സന്തോഷും സഹപ്രവർത്തകരും രക്ഷകരായാണെത്തിയത്. ‘വീട്ടിൽ നിന്നിറക്കി വിട്ടാൽ ഞാനും കുട്ടികളും എവിടെ  പോകുമെന്നറിയാതെ എത്രയോ ദിവസങ്ങളായി ഉറങ്ങിയിട്ട്. ഇപ്പോഴാണ് അൽപം മനസമാധാനമായത്’ റജീന പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com