ADVERTISEMENT

പൊന്നാനി ∙ വിവര സാങ്കേതിക വിദ്യ വികസിക്കാത്ത കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ മാസം ഉറപ്പിക്കുന്നതിന് ഏകരൂപമില്ലായിരുന്നു. അക്കാലത്ത് തെക്കേ മലബാറിലെയും കൊച്ചി രാജ്യത്തെയും വള്ളുനാട്ടിലെയും പല മഹല്ലുകളുടെയും ഖാസി സ്ഥാനം വഹിച്ചിരുന്നത് പൊന്നാനി വലിയ ജാറം തറവാടായിരുന്നു. റമസാൻ മാസപ്പിറ കണ്ടാൽ വലിയജാറം തറവാട്ടിലെ അന്നത്തെ കാരണവരായിരുന്ന ഖാൻ സാഹിബ് ആറ്റക്കോയ തങ്ങളുടെ അടുത്തെത്തി സാക്ഷി സഹിതം വിവരം ബോധിപ്പിക്കും.

അംഗശുദ്ധി വരുത്തി പിറ കണ്ട വിവരം സത്യം ചെയ്തു പറഞ്ഞാൽ മാത്രമേ മാസം ഉറപ്പിക്കുകയുള്ളു. കണ്ടയാൾക്ക് വെള്ളി ഉറുപ്പികയും കോടി മുണ്ടും ഇനാമായി നൽകും. തുടർന്ന് 7 കതിന വെടികൾ മുഴങ്ങും. ഇതായിരുന്നു മാസമുറപ്പിച്ചതിന്റെ അടയാളം. ഇതോടെ റമസാൻ മാസത്തിന്റെ ആത്മീയ ചൈതന്യം നാടാകെ തിരയടിക്കും.വിവിധ മഹല്ലുകളിലെ ഉലമ, ഉമറാക്കളും മുതവല്ലിമാരും നാട്ടുകാരണവന്മാരും നേരത്തേ വന്ന് വലിയ ജാറത്തിങ്കൽ ക്യാംപ് ചെയ്യുമായിരുന്നു.

ജാറം അങ്കണത്തിലും തറവാട്ടിലും പള്ളിയിലും പൂമുഖ മാളിക മുകളിലും അതിഥികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും. മാസം ഉറപ്പിച്ച ഉടൻ സന്ദേശവുമായി ഇവർ സ്വദേശത്തേക്ക് തിരിക്കും. പ്രതിനിധികൾ എത്താത്ത മഹല്ലുകളിലേക്ക് തങ്ങൾ പ്രത്യേക ദൂതരെ വിട്ട് വിവരങ്ങൾ അറിയിക്കും. നോമ്പുതുറയ്ക്കും അത്താഴത്തിനും പ്രത്യേകമായും മറ്റ് സമയ നിർണയത്തിനും ജാറത്തിലെ നാഴികമണി മുഴങ്ങിയിരുന്നത് ഏറെ അകലേക്കും കേൾക്കാമായിരുന്നു. 

ആറ്റക്കോയ തങ്ങളുടെ വിയോഗത്തിനു ശേഷവും ഈ ചടങ്ങു തുടർന്നു. 1963ന് ശേഷം പൊന്നാനി വലിയ ജാറത്തിൽ മാസമുറപ്പിക്കുന്ന സമ്പ്രദായമുണ്ടായിട്ടില്ല. പിന്നീട് മാസം ഉറപ്പിക്കലും കതിന പൊട്ടിക്കലും ക്രമാനുഗതമായി മഊനത്തുൽ ഇസ്‌ലാം സഭയും പിന്നീട് പൊന്നാനിയുടെയും പരിസരത്തെയും മുഖ്യ ഖാസിയായ മഖ്ദൂമിന്റെയും വലിയ പള്ളിയുടെയും നിയന്ത്രണത്തിലായി.

ആദ്യകാലത്ത് കതിനപൊട്ടിക്കുന്നതിന്റെ ചുമതലക്കാരൻ ജാറത്തിലെ ഉമ്പാർക്കയായിരുന്നു. തുടർന്ന് അറക്കൽ വളപ്പിലെ പാണ്ടൻ ഹംസയും അദ്ദേഹത്തിന്റെ മരണശേഷം മകൻ മുഹമ്മദും ഈ ചടങ്ങു തുടർന്നു. ഏതാനും വർഷം മുടങ്ങിയ ഈ ചടങ്ങ് 2014ലെ ചെറിയ പെരുന്നാളോടുകൂടി വലിയ പള്ളിയിൽ ഹാജി മൂച്ചിക്കൽ അമ്മാട്ടി മുസല്യാരുടെ നേതൃത്വത്തിൽ പുനരാരംഭിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com