കരിപ്പൂർ ∙ കണ്ടാൽ ചപ്പാത്തിയെന്നു തോന്നുന്ന സ്വർണമിശ്രിതം ഒളിപ്പിച്ച പാത്രം, സ്വർണം തേച്ചുപിടിപ്പിച്ച ഉൾവസ്ത്രം, സ്വർണപ്പൊതികൾ തുന്നിച്ചേർത്ത പാന്റ്സ്, കാപ്സ്യൂൾ രൂപത്തിലുള്ള സ്വർണമിശ്രിതം... ഇവയുമായി പുറത്തു കടക്കാൻ ശ്രമിച്ച 3 യാത്രക്കാർ കോഴിക്കോട് വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസിന്റെ പിടിയിലായി. ഏകദേശം 1.3 കോടി രൂപയുടെ സ്വർണം കണ്ടെടുത്തു.
സ്പൈസ്ജെറ്റ് വിമാനത്തിൽ ദുബായിൽനിന്നെത്തിയ കാസർകോട് സ്വദേശി അബ്ദുൽ സലാം (43) ആണ് ‘സ്വർണ ചപ്പാത്തിയുമായി’ പിടിയിലായത്. പാചകം ചെയ്യാനുള്ള പാത്രങ്ങളുടെ ഉൾവശത്ത് ചപ്പാത്തിയുടെ രൂപത്തിൽ വിദഗ്ധമായി ഒട്ടിച്ചുവച്ച 4 പൊതികൾ കണ്ടെടുത്തു.
ഇയാൾ കൊണ്ടുവന്ന എയർപോഡിനുള്ളിൽ ഒളിപ്പിച്ചിരുന്ന ചെറിയ സ്വർണ കഷണവും കണ്ടെടുത്തു. അബ്ദുൽ സലാമിൽനിന്ന് ഏകദേശം 35 ലക്ഷം രൂപയുടെ സ്വർണം ലഭിച്ചതായും 1.227 കിലോഗ്രാം മിശ്രിതത്തിൽനിന്നു സ്വർണം വേർതിരിച്ചെടുത്ത ശേഷം തുടർനടപടി സ്വീകരിക്കുമെന്നും കസ്റ്റംസ് അറിയിച്ചു.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഷാർജയിൽനിന്നെത്തിയ മലപ്പുറം കാളികാവ് സ്വദേശി മുഹമ്മദ് നൂറുദ്ദീൻ (24) ശരീരത്തിൽ ഒളിപ്പിച്ച 1.155 കിലോഗ്രാം സ്വർണമിശ്രിത കാപ്സ്യൂളുകൾ, ധരിച്ചെത്തിയ സ്വർണ മിശ്രിതം തേച്ചുപിടിപ്പിച്ച 774 ഗ്രാം ഉൾവസ്ത്രം എന്നിവ കണ്ടെടുത്തു. ഏകദേശം 85 ലക്ഷം രൂപയുടെ സ്വർണമാണ് ലഭിച്ചതെന്നു കസ്റ്റംസ് അറിയിച്ചു.
കോഴിക്കോട് പുതുപ്പാടി സ്വദേശി പാലകുന്നുമ്മൽ ഹുസൈൻ (35 ) സ്വർണമിശ്രിതപ്പൊതികൾ തുന്നിച്ചേർത്ത പാന്റ്സ് ധരിച്ചാണ് ദുബായിൽനിന്നു കരിപ്പൂരിലെത്തിയത്. മിശ്രിതത്തിൽനിന്ന് ഏകദേശം 10 ലക്ഷം രൂപയുടെ സ്വർണം പ്രതീക്ഷിക്കുന്നതായി കസ്റ്റംസ് അറിയിച്ചു. 3 കേസുകളിലും സ്വർണം വേർതിരിച്ചെടുക്കുന്ന നടപടികളും തുടരന്വേഷണവും നടക്കുന്നതായി കസ്റ്റംസ് അറിയിച്ചു.