25 വർഷം ഒരേ ബസിൽ യാത്ര; വിരമിക്കുന്ന അധ്യാപികയ്ക്ക് ബസുകാരുടെ യാത്രയയപ്പ്

  വിരമിക്കുന്ന അധ്യാപിക മഞ്ചേരി അരുകിഴായ ഉഷസിലെ അരുണയ്ക്ക് കെടിഎസ് ബസ് ജീവനക്കാർ നൽകിയ യാത്രയയപ്പ് ആഘോഷത്തിൽ മധുരം പങ്കിടുന്നു.
വിരമിക്കുന്ന അധ്യാപിക മഞ്ചേരി അരുകിഴായ ഉഷസിലെ അരുണയ്ക്ക് കെടിഎസ് ബസ് ജീവനക്കാർ നൽകിയ യാത്രയയപ്പ് ആഘോഷത്തിൽ മധുരം പങ്കിടുന്നു.
SHARE

മഞ്ചേരി ∙ ഒരേ ബസിൽ 25 വർഷം സ്കൂളിലേക്കു യാത്ര ചെയ്ത് 31നു വിരമിക്കുന്ന അധ്യാപികയ്ക്ക് ബസ് ജീവനക്കാരുടെ യാത്രയയപ്പ്. മഞ്ചേരി തിരൂർ റൂട്ടിലോടുന്ന കെടിഎസ് ബസ് ജീവനക്കാരാണ് വെസ്റ്റ് കോഡൂർ എഎംയുപി സ്കൂൾ അധ്യാപിക അരുകിഴായ ശിവനഗറിലെ അരുണയ്ക്ക് യാത്രയയപ്പ് നൽകിയത്.

മഞ്ചേരി വയപ്പാറപ്പടി സ്റ്റോപ്പിൽ നിന്നാണ് രാവിലെ 9.30നു അരുണ കെടിഎസ് ബസിൽ കയറുന്നത്. സ്കൂളിൽ അധ്യാപികയായി നിയമനം ലഭിച്ചതു മുതൽ ഈ ബസിലാണ് യാത്ര. അന്നു മുതൽ കെടിഎസ് ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായെന്ന് അരുണ പറയുന്നു. ബസിലെ ജീവനക്കാർ, ഉടമ, ബസിന്റെ നിറം തുടങ്ങിയവ മാറിയെങ്കിലും അരുണയുടെ യാത്രയ്ക്കും ബസിന്റെ പേരിനും മാറ്റമില്ല. ഇക്കാലത്തിനിടെ 2 ശിഷ്യർ ഇതേ ബസിലെ ജീവനക്കാരായി. ബസിൽ ടീച്ചറെ കണ്ടില്ലെങ്കിൽ ടീച്ചർ അവധിയാണെന്നു വിദ്യാർഥികൾക്ക് ഉറപ്പാണ്.

അധ്യാപികയോടുള്ള ആദരസൂചകമായി ഡ്രൈവർ ഷഫീഖ്, കണ്ടക്ടർമാരായ കെ.വി.റാഷിദ്, അബ്ബാസ്, ചെക്കർ ജോൺസൺ തുടങ്ങിയവരാണ് യാത്രയയപ്പ് സംഘടിപ്പിച്ചത്. ബസിൽ ‍ഡ്യൂട്ടിയിൽ പകരം ആളെ കയറ്റിയാണ് സമയം കണ്ടെത്തിയതെന്നു റാഷിദ് പറഞ്ഞു. വയപ്പാറപ്പടിയിലെ വീട്ടിലെത്തി കേക്ക് മുറിച്ചും കെടിഎസ് ബസിന്റെ സ്നേഹാദരമായി ഫലകം നൽകിയുമായിരുന്നു യാത്രയയപ്പ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS