കെഎസ്ആർടിസി മുൻ ജീവനക്കാരന്റെ ആത്മഹത്യ; ഭാര്യയുടെ മൊഴികൂടി എഫ്ഐആറിൽ ചേർക്കും

malappuram--ksrtc
SHARE

പെരിന്തൽമണ്ണ ∙ കെഎസ്ആർടിസി മുൻ ജീവനക്കാരൻ ജീവനൊടുക്കിയത് പെൻഷൻ വൈകുന്നതിന്റെ മനോവിഷമം മൂലമാണെന്ന് ഭാര്യ നൽകിയ മൊഴികൂടി പൊലീസ് എഫ്‌ഐആറിനൊപ്പം ചേർക്കും. ഇതുകൂടി കൂട്ടിച്ചേർത്ത് തുടർ നടപടികൾ സ്വീകരിക്കുമെന്ന് ആദ്യം മൊഴി രേഖപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.പെരിന്തൽമണ്ണ പുത്തൂർ വീട്ടിൽ രാമനെ (78) തിങ്കളാഴ്‌ചയാണ് വീടിന് സമീപത്തെ സ്വകാര്യ കെട്ടിടത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്ന ദിവസവും തലേ ദിവസങ്ങളിലും പെൻഷൻ ലഭിക്കാത്തതു മൂലമുള്ള ആശങ്കയും പ്രയാസങ്ങളും രാമൻ ചില സുഹൃത്തുക്കളോട് പങ്കുവച്ചിരുന്നതായി പറയുന്നു.

മരണ സമയത്ത് ലഭ്യമായ ബന്ധുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രായമായതിന്റെയും അസുഖങ്ങളുടെയും മനോവിഷമം മൂലമാണ് ജീവനൊടുക്കിയത് എന്നാണ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിരുന്നത്. ഇത് തിരുത്തണമെന്ന് ആവശ്യപ്പെട്ടാണ് വ്യാഴാഴ്‌ച രാമന്റെ ഭാര്യ പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകിയത്. പോസ്‌റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ ഇത് സംബന്ധിച്ച് അന്തിമ റിപ്പോർട്ട് തയാറാക്കൂ എന്നും പൊലീസ് പറഞ്ഞു. അതേസമയം, ഇന്നലെയും കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ചവർക്ക് കഴിഞ്ഞ മാസത്തെ പെൻഷൻ ലഭിച്ചില്ല.

‘പ്രതീക്ഷയുടെ ഒരു എസ്എംഎസിന് ഒഴിവാക്കാമായിരുന്ന ദുരന്തം

പെരിന്തൽമണ്ണ ∙ ‘പെൻഷൻ സന്ദേശം ബാങ്കിൽ നിന്ന് അന്ന് രാവിലെയെങ്കിലും മൊബൈൽ ഫോണിൽ ലഭിച്ചിരുന്നെങ്കിൽ രാമൻ മരിക്കില്ലായിരുന്നു’. രാമന്റെ ചെറുപ്പം മുതലുള്ള കൂട്ടുകാരനും കെഎസ്ആർടിസി മുൻ ജീവനക്കാരനുമായ പാതായ്‌ക്കര കൊറ്റിയാട്ടിൽ സുബ്രഹ്‌മണ്യൻ ഇത് പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണ് നിറയുന്നു.ഇത്തവണ പെൻഷൻ ലഭിക്കാൻ വൈകിയതോടെ പത്താം തീയതിക്കു ശേഷം 8 തവണയെങ്കിലും രാമൻ തന്നെ വിളിച്ചതായി സുബ്രഹ്മണ്യൻ. ഓരോ തവണയും പെൻഷന്റെ വിവരം വല്ലതും ലഭിച്ചോ എന്ന് മാത്രമാണ് ചോദിക്കുക. ഒരു വിവരവും കിട്ടിയില്ല എന്ന് മറുപടി പറയുന്നതോടെ അപ്പുറത്ത് ഫോൺ കട്ടാവും. മറ്റൊന്നും സംസാരിക്കില്ല.

മരിക്കുന്ന ദിവസം രാവിലെയും വിളിച്ചിരുന്നു. ഇത് തന്നെയാണ് ചോദിച്ചത്. മറുപടി പറഞ്ഞയുടൻ അപ്പുറത്ത് ഫോൺ കട്ടായി. പിന്നീട് മരണ വാർത്തയാണ് താൻ അറിയുന്നതെന്ന് സുബ്രഹ്‌മണ്യൻ.വലിയ സാമ്പത്തിക പ്രയാസങ്ങളിലായിരുന്നു രാമനെന്ന് സുബ്രഹ്‌മണ്യൻ പറഞ്ഞു. 16 വയസ്സു മുതൽ ഇരുവരും അടുത്തറിയുന്നവരാണ്.

രാമൻ ആദ്യം ലോറിയിൽ ഡ്രൈവറായപ്പോൾ സുബ്രഹ്‌മണ്യൻ ക്ലീനറായിരുന്നു. പിന്നീട് ഇരുവരും കെഎസ്ആർടിസിയിൽ ജോലിയിൽ കയറി. മൊബൈൽ ഫോണിൽ പെൻഷൻ എത്തിയതായി സന്ദേശം ലഭിച്ചാൽ ഇക്കാര്യം രാമനോട് പറയും. അപ്പോഴാണ് രാമൻ പെൻഷൻ തുക കൈപ്പറ്റുക. തനിക്കും പെൻഷൻ ലഭിക്കാത്തതു മൂലം വലിയ പ്രയാസങ്ങളുണ്ടെന്നു സുബ്രഹ്മണ്യൻ പറഞ്ഞു.

ഹൈക്കോടതിയുടെ ശ്രദ്ധയിൽപെടുത്തും: ട്രാൻസ്പോർട്ട് പെൻഷനേഴ്സ് ഫ്രണ്ട്

പെരിന്തൽമണ്ണ ∙ പെൻഷൻ ലഭിക്കാത്തതു മൂലം മരുന്നു വാങ്ങാൻ പണമില്ലാതെ മുൻ ഡ്രൈവർ ജീവനൊട‌ുക്കിയ സംഭവം ഹൈക്കോടതിയുടെ ശ്രദ്ധയിൽപെടുത്തുമെന്ന് ട്രാൻസ്‌പോർട്ട് പെൻഷനേഴ്‌സ് ഫ്രണ്ട് സംസ്ഥാന ജന.സെക്രട്ടറി കെ.അശോക്‌കുമാർ. മാസത്തിലെ ആദ്യ ആഴ്‌ചയിൽ പെൻഷൻ നൽകണമെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. ഇത് പാലിക്കാത്തതിനെതിരെ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജികൾ നൽകിയിട്ടുണ്ട്. പെൻഷൻ ലഭിക്കാത്തതു സംബന്ധിച്ച് ട്രാൻസ്‌പോർട്ട് സെക്രട്ടറിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടി ഉണ്ടായില്ല. സർക്കാരിന്റെ സമീപനം വളരെ നിരുത്തരവാദപരമാണ്. സർക്കാരും ബന്ധപ്പെട്ട വകുപ്പുമാണ് ഈ മരണത്തിന് ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA