സാമ്പത്തിക വർഷം അവസാനിക്കാൻ ബാക്കിയുള്ളത് 6 ദിവസം; തീർക്കാനുള്ളത് 304 കോടി

ernakulam news
SHARE

മലപ്പുറം ∙ 2022–23 സാമ്പത്തിക വർഷം അവസാനിക്കാൻ 6 ദിവസം ബാക്കിനിൽക്കെ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ ചെലവഴിക്കാൻ ബാക്കിയുള്ളത് 304.31 കോടി രൂപ. പദ്ധതി വിഹിതം ചെലവഴിക്കൽ 60 ശതമാനം പിന്നിട്ട് ഇന്നലെ വൈകിട്ടുവരെ 63.02 ശതമാനത്തിലെത്തി. ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകൾക്കുമായി ആകെ ഈ വർഷം ജില്ലയിൽ 823.02 കോടി രൂപയുടെ പദ്ധതികളാണുള്ളത്. ഇതിൽ 518.71 കോടി രൂപയാണു ഇന്നലെ വൈകിട്ടുവരെ ചെലവഴിച്ചത്.

ജില്ലാ പഞ്ചായത്ത് 61.42%

ജില്ലാ പഞ്ചായത്ത് ഇന്നലെ വരെ 61.42% തുക ചെലവഴിച്ചു. 100.36 കോടി രൂപയുടെ പദ്ധതികളിൽ 61.64 കോടി രൂപ ചെലവഴിച്ചു. പദ്ധതി വിഹിതം ചെലവഴിക്കുന്നതിൽ സംസ്ഥാനത്ത് അഞ്ചാം സ്ഥാനത്താണ് ജില്ലാ പഞ്ചായത്ത്. 75.99% ചെലവഴിച്ച കൊല്ലമാണ് ഒന്നാം സ്ഥാനത്ത്.

ബ്ലോക്ക് പഞ്ചായത്തിൽ മുൻപിൽ നിലമ്പൂർ

ജില്ലയിലെ 15 ബ്ലോക്ക് പ‍ഞ്ചായത്തുകളിൽ വിഹിതം ചെലവഴിച്ചതിൽ നിലവിൽ മുൻപിൽ നിലമ്പൂർ ബ്ലോക്കാണ്. 75 ശതമാനം. 8.44 കോടി രൂപയിൽ 6.33 കോടി രൂപയും ചെലവഴിച്ചു. തൊട്ടുപിറകിൽ തിരൂരങ്ങാടി (71.2%), കൊണ്ടോട്ടി (69.46%) ബ്ലോക്ക് പഞ്ചായത്തുകളാണ്. എല്ലാ ബ്ലോക്ക് പഞ്ചായത്തുകളും 50 ശതമാനത്തിലധികം ചെലവഴിച്ചിട്ടുണ്ട്.

നഗരസഭയിൽ കോട്ടയ്ക്കൽ

12 നഗരസഭകളിൽ 84.65% ചെലവഴിച്ച കോട്ടയ്ക്കൽ നഗരസഭയാണു സംസ്ഥാനത്തും ജില്ലയിലും നിലവിൽ മുൻപിൽ. 7.36 കോടി രൂപയിൽ 6.23 കോടി രൂപയും ചെലവഴിച്ചു. തൊട്ടുപിറകിൽ വളാഞ്ചേരി നഗരസഭ– 70.26% (7.33 കോടി രൂപയിൽ 5.15 കോടി രൂപ ചെലവഴിച്ചു), മൂന്നാമത് പൊന്നാനി നഗരസഭയാണ് 68.99% (18.51 കോടി രൂപയിൽ 12.77 കോടി രൂപ ചെലവഴിച്ചു). നിലമ്പൂർ നഗരസഭ ഇന്നലെ വൈകിട്ടുവരെയുള്ള കണക്കുപ്രകാരം 49.53% ചെലവഴിച്ചു.

തലയെടുപ്പോടെ തലക്കാട്

94 പഞ്ചായത്തുകളിൽ തലക്കാട് പഞ്ചായത്ത് 83.68 % ചെലവഴിച്ചു ഒന്നാമതാണ്. 3.8 കോടി രൂപയുടെ പദ്ധതികളിൽ 3.18 കോടി രൂപ ചെലവഴിച്ചു. രണ്ടാമത് പുൽപറ്റയാണ്. 83.23% (4.89 കോടി രൂപയിൽ 4.07 കോടി രൂപ ചെലവഴിച്ചു). പുലാമന്തോൾ പഞ്ചായത്താണു മൂന്നാം സ്ഥാനത്തുള്ളത് 82.45% (4.33 കോടി രൂപയിൽ 3.57 കോടി രൂപ ചെലവഴിച്ചു). ജില്ലയിലെ എല്ലാം പഞ്ചായത്തുകളും ഇന്നലെവരെ 50% ചെലവഴിച്ചിട്ടുണ്ട്.തദ്ദേശസ്ഥാപനങ്ങൾ പദ്ധതി വിഹിതം 50% എങ്കിലും ചെലവഴിച്ചാലേ അടുത്ത വർഷത്തേക്കു 20% തുക കാരിഓവർ ചെയ്യാനാകൂ. അല്ലെങ്കിൽ വകയിരുത്തിയ തുക നഷ്ടമാകും.

ബജറ്റ് വിഹിതം; മൂന്നാം ഗഡു അനുവദിച്ചില്ല

മലപ്പുറം ∙ തദ്ദേശസ്ഥാപനങ്ങൾക്കുള്ള ബജറ്റ് വിഹിതത്തിന്റെ മൂന്നാം ഗഡു പൂർണമായി ഇതുവരെ അനുവദിച്ചിട്ടില്ല. ഡിസംബറിൽ ലഭിക്കേണ്ട മൂന്നാം ഗഡുവിന്റെ ഒരു വിഹിതം മാത്രമാണു കഴിഞ്ഞ ദിവസം അനുവദിച്ചത്. ബാക്കി തുക ഇന്നലെ അനുവദിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ബജറ്റ് വിഹിതം അനുവദിക്കാത്തതു ബില്ലുകൾ സമർപ്പിക്കുന്നതു വൈകിപ്പിക്കുന്നുണ്ട്. വ്യക്തിഗത ആനുകൂല്യങ്ങളെയും ലൈഫ് മിഷൻ പദ്ധതികളെയും അടക്കം ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പണം ലഭിക്കാത്തതിനാൽ പദ്ധതികളുടെ ബില്ലുകൾ ട്രഷറിയിലേക്കു നൽകാൻ കഴിയില്ല.

സമർപ്പിച്ച ബില്ലുകൾ ക്യൂ ലിസ്റ്റിലേക്കു മാറ്റി ചെലവിനത്തിൽ ഉൾപ്പെടുത്തിയാൽ ഈ തുക അടുത്ത വർഷത്തെ ബജറ്റിലാവും അനുവദിക്കുക. നിലവിൽ മിക്ക തദ്ദേശസ്ഥാപനങ്ങളും 2023–24 വർഷത്തേക്കുള്ള പദ്ധതികൾ തയാറാക്കിയിട്ടുണ്ട്. ഈ വർഷത്തെ പദ്ധതികൾക്കുള്ള തുക അടുത്ത വർഷത്തെ ബജറ്റ് വിഹിതത്തിൽ നിന്നു കണ്ടെത്തേണ്ടി വരുമെന്നത് പദ്ധതികൾ വെട്ടിച്ചുരുക്കാൻ കാരണമാകുമെന്ന ആശങ്കയിലാണു തദ്ദേശഭരണ സമിതികൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA