പെരിന്തൽമണ്ണ∙ ഷൊർണൂർ–നിലമ്പൂർ പാതയിൽ സമയക്രമമില്ലാതെ ഗുഡ്‌സ് ട്രെയിനുകൾ എത്തുന്നത് യാത്രാ ട്രെയിനുകളെ വലിയ തോതിൽ ബാധിക്കുന്നു. ഇതുമൂലം യാത്രാ ട്രെയിനുകൾ മണിക്കൂറുകളോളം പിടിച്ചിടുന്നതു മൂലം യാത്രക്കാർക്ക് തീരാദുരിതമാണ്. വ്യാഴാഴ്‌ച രാവിലെയും വൈകിട്ടുമുള്ള യാത്രാ ട്രെയിനുകൾ ഏറെ നേരം ഗുഡ്‌സ് ട്രെയിനുകൾക്കായി പിടിച്ചിടേണ്ടി വന്നു. മുൻപും പല ദിവസങ്ങളിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. മെറ്റൽ, കല്ല്, അരി, ഗോതമ്പ് തുടങ്ങിയവയുമായാണ് ഈ റൂട്ടിലെ ഗുഡ്‌സ് ട്രെയിൻ സർവീസ്, മാത്രമല്ല പാതയിൽ റെയിൽവേയുടെ മുഖ്യമായ വരുമാന മാർഗവും ഗുഡ്‌സ് ട്രെയിനുകളാണ്. യാത്രാ ട്രെയിനുകളേറെയും ശരാശരി വരുമാനത്തിലും താഴെയാണ്.
ഷൊർണൂരിൽ നിന്ന് നിലമ്പൂരിലേക്ക് പുലർച്ചെ 3.35, രാവിലെ 7.05, 9.00, 10.20, ഉച്ചയ്‌ക്ക് ശേഷം 02.05, വൈകിട്ട് 5.55, 8.10 എന്നീ സമയങ്ങളിലും നിലമ്പൂരിൽ നിന്ന് ഷൊർണൂരിലേക്ക് രാവിലെ 05.30, 7.00, 10.10, 03.10, 04.10, 8.00, 9.30 എന്നീ സമയങ്ങളിലും മാത്രമാണ് യാത്രാ ട്രെയിനുകളുള്ളത്. റൂട്ടിൽ യാത്രാ ട്രെയിനുകളില്ലാത്ത സമയങ്ങളിലോ രാത്രി കാലത്തോ ഗുഡ്സ് ട്രെയിനുകൾക്ക് സൗകര്യം ഒരുക്കുകയാണെങ്കിൽ അത് യാത്രാ ട്രെയിനുകളെ കാര്യമായി ബാധിക്കില്ല. ഗുഡ്‌സ് ട്രെയിനുകളുടെ സർവീസ് കാര്യക്ഷമമായി നടക്കുകയും ചെയ്യും. റെയിൽവേയുടെ വരുമാനം കുറയുകയുമില്ല.
ഈ റൂട്ടിൽ സർവീസ് നടത്തുന്ന മിക്ക ട്രെയിനുകളിലും തുടർയാത്രയ്‌ക്കുള്ള കണക്‌ഷൻ ട്രെയിനുകൾ കൂടി പരിഗണിച്ചാണ് ഒട്ടേറെ പേർ സ്ഥിരമായി യാത്ര ചെയ്യുന്നത്. എന്നാൽ ഗുഡ്‌സ് ട്രെയിനുകൾ വഴിമുടക്കുമ്പോൾ യാത്രക്കാർക്ക് ഈ കണക്‌ഷൻ ട്രെയിനുകൾ ലഭിക്കാത്ത സാഹചര്യം സ്ഥിരമായി ഉണ്ടാവുകയാണ്. ഷൊർണൂരിൽ നിന്ന് തുടർയാത്രയ്‌ക്ക് മണിക്കൂറുകളോളം പിന്നീട് കാത്തു നിൽക്കേണ്ട സാഹചര്യം ദുരിതമാവുകയാണ്.