ADVERTISEMENT

പെരിന്തൽമണ്ണ∙ ജോലി ചെയ്‌ത ബേക്കറിയിൽനിന്ന് ഉടമയെ പറ്റിച്ചു കൈക്കലാക്കിയ ഒരു ലക്ഷം രൂപ യുവാവിന്റെ കൈയിൽനിന്ന് ട്രെയിനിൽ വച്ച് നഷ്‌ടപ്പെട്ടു. നാടകീയ രംഗങ്ങൾക്കൊടുവിൽ  കണ്ടെത്തിയ തുക പിന്നീട് ബേക്കറി ഉടമയ്ക്കു കൈമാറി. കഴിഞ്ഞ ദിവസം ഹൈദരാബാദിൽനിന്നെത്തിയ യുവാവിന്റെ കൈവശമുണ്ടായിരുന്ന പണമാണ് ട്രെയിനിൽ മറന്നുപോയത്. ശബരി എക്‌സ്‌പ്രസിൽ ഷൊർണൂരിലെത്തി അവിടെനിന്ന് നിലമ്പൂർ ട്രെയിനിൽ കയറി നാട്ടിലിറങ്ങി സ്വന്തം വീട്ടിലെത്തിയപ്പോഴാണ് കയ്യിലുണ്ടായിരുന്ന പണപ്പൊതിയുടെ കാര്യം യുവാവ് ഓർക്കുന്നത്.

ശുചിമുറിയിൽ കയറിയപ്പോൾ അവിടെ വച്ചുമറന്നതാണെന്ന സംശയത്തിൽ ഉടനെ റെയിൽവേ സ്‌റ്റേഷനിലെത്തി ജീവനക്കാരോട് കാര്യം പറഞ്ഞു. അധികൃതർ റെയിൽവേ ഉദ്യോഗസ്ഥർക്കും റെയിൽവേ പൊലീസിനും സന്നദ്ധ സേവകർക്കും വിവരം കൈമാറി അന്വേഷണം തുടങ്ങി. റെയിൽവേ പൊലീസ് ട്രെയിൻ അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ റെയിൽവേ ജീവനക്കാരുടെയും യാത്രക്കാരുടെയും സന്നദ്ധ കൂട്ടായ്മയായ ‘ട്രെയിൻ ടൈം’ പ്രവർത്തകർ നടത്തിയ തിരച്ചിലിൽ ഒറ്റപ്പാലത്തുവച്ച് ഒരു കംപാർട്ട്‌മെന്റിലെ ശുചിമുറിയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ പണം കണ്ടെത്തി. തുക റെയിൽവേ പൊലീസിനു കൈമാറി. 

പൊലീസ് പണം നഷ്‌ടപ്പെട്ട യുവാവിനെ വിളിച്ചുവരുത്തി തെളിവുനൽകാൻ ആവശ്യപ്പെട്ടു. എത്ര തുകയുണ്ടെന്ന് തിരക്കിയപ്പോൾ യുവാവിനു കൃത്യമായ വിവരം ഇല്ലായിരുന്നു. യുവാവിന്റെ പിരിഭ്രമം കൂടിയായതോടെ പൊലീസിനു സംശയം ബലപ്പെട്ടു. യുവാവ് ജോലി ചെയ്യുന്ന ഹൈദരാബാദിലെ ബേക്കറിയുമായി റെയിൽവേ പൊലീസ് ബന്ധപ്പെട്ടു. യുവാവിന് ചെറിയ ശമ്പളമാണുണ്ടായിരുന്നതെന്നും വിദേശത്തു പോകാനെന്നു പറഞ്ഞാണ് ജോലി അവസാനിപ്പിച്ച് പോയതെന്നും ഉടമ പറഞ്ഞു. മടങ്ങുമ്പോൾ പതിനായിരം രൂപയോളം നൽകിയിരുന്നതായും ഉടമ പറഞ്ഞു. 

ഇതോടെ കണ്ടെത്തിയ തുകയുടെ ഉറവിടം സംബന്ധിച്ച് പൊലീസ് യുവാവിനെ ചോദ്യം ചെയ്‌തു. വ്യക്തമായ മറുപടി പറയാതെ ആദ്യം ഉരുണ്ടുകളിച്ച യുവാവ് ഒടുവിൽ, ബേക്കറിയിൽനിന്ന് പലപ്പോഴായി ഉടമയുടെ കണ്ണുവെട്ടിച്ച് എടുത്ത തുകയാണ് ഇതെന്നു സമ്മതിച്ചു. പണം എത്രയുണ്ടെന്ന് എണ്ണിയിട്ടുണ്ടായിരുന്നില്ല. ഇതോടെ ഹൈദരാബാദിലെ ബേക്കറി ഉടമയെ പൊലീസ് വിളിച്ചുവരുത്തി. യുവാവിന് എന്തോ സംഭവിച്ചെന്ന ആധിയിൽ വിഷമിച്ചെത്തിയ ബേക്കറി ഉടമയെ പൊലീസ് കാര്യമറിയിച്ച് തുക കൈമാറി. ഉടമ തനിക്ക് പരാതി ഇല്ലെന്നറിയിച്ചു. പണവുമായി മുങ്ങിയ യുവാവിനും പണം കിട്ടാൻ വഴിയൊരുക്കിയവർക്കും ബിരിയാണി വാങ്ങിനൽകി നന്ദിയും പറഞ്ഞാണ് ബേക്കറി ഉടമ മടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com