എടക്കര ∙ ആഭരണങ്ങൾ നിറം വയ്പിക്കാമെന്നു പറഞ്ഞ് വീട്ടിലെത്തി തട്ടിപ്പു നടത്തി മുങ്ങിയ ബിഹാർ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. മൂത്തേടം കൽക്കുളത്ത് തട്ടിപ്പ് നടത്തിയ ബിഹാർ അരരിയ ജില്ലയിലെ മറ്റിയാടി സ്വദേശി തോമകുമാർ (27) ആണ് അറസ്റ്റിലായത്. മൂത്തേടത്തെ വീട്ടിലെത്തിയ തോമകുമാർ ആദ്യം വെള്ളിപ്പാദസരവും വിളക്കും വൃത്തിയാക്കി കാണിച്ച് വിശ്വാസം പിടിച്ചുപറ്റുകയായിരുന്നു. പിന്നീട് വീട്ടമ്മ കഴുത്തിലിട്ടിരുന്ന മാലയുടെ നിറംകൂട്ടിത്തരാമെന്നു പറഞ്ഞ് ഊരി വാങ്ങി..
വൃത്തിയാക്കിയ ശേഷം നൽകിയ മാല തൂക്കം കുറഞ്ഞതായി സംശയം തോന്നിയപ്പോഴേക്കും യുവാവ് സ്ഥലംവിട്ടിരുന്നു.24 ഗ്രാം വരുന്ന മാല 7 ഗ്രാം കുറഞ്ഞു. വിവരമറിഞ്ഞ് തിരച്ചിൽ നടത്തിയ നാട്ടുകാർ തോമകുമാറിനെ കാരപ്പുറത്ത് വച്ച് പിടികൂടി തടഞ്ഞുനിർത്തി. പിന്നീട് പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.കഴിഞ്ഞ ഓഗസ്റ്റിൽ പാലക്കാട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിൽ സമാനമായ കേസിൽ തോമകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. 6 മാസം ജയിലിൽ കിടന്ന് പുറത്തിറങ്ങിയതാണ്.
നിലമ്പൂർ സ്റ്റേഷനിലും തോമകുമാറിനെതിരെ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. പൊലീസ് ഇൻസ്പെക്ടർ എൻ.ബി.ഷൈജു, എസ്ഐ കെ.അബൂബക്കർ, എഎസ്ഐ അബ്ദുൽ മുജീബ്, എസ്‌സിപിഒമാരായ സി.എ.മുജീബ്, ശ്രീജ എസ്.നായർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സ്വർണം വേർതിരിച്ചെടുത്ത ലായനി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇത് രാസപരിശോധന നടത്തും.