സോഫ്റ്റ്‌വെയർ തകരാർ വർഷാന്ത്യ ബില്ലുകൾ സമർപ്പിക്കാനാവാതെ തദ്ദേശ സ്ഥാപനങ്ങൾ

HIGHLIGHTS
  • 31ന് അകം ബില്ലുകൾ സമർപ്പിച്ചില്ലെങ്കിൽ ചെലവ് അടുത്തവർഷത്തെ കണക്കിലാകും, പദ്ധതി വിഹിതത്തെ ബാധിക്കും
government-of-kerala-5
SHARE

മലപ്പുറം∙ സാമ്പത്തിക വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സർക്കാർ പദ്ധതികളുടെ ബില്ലുകൾ തയാറാക്കേണ്ട പ്രൈസ് സോഫ്റ്റ്‌വെയർ  തകരാറിലായതു തദ്ദേശസ്ഥാപനങ്ങളെ വലച്ചു. 4 ദിവസമായി ഇത് മന്ദഗതിയിലാണ് പ്രവർത്തിക്കുന്നത്. ഇന്നലെ ഒരു മണിക്കൂർ നേരം പ്രവർത്തനം പൂർണമായി നിലച്ചു. സാങ്കേതിക തകരാർ പരിഹരിച്ചുകൊണ്ടിരിക്കുകയാണെന്ന അറിയിപ്പാണ് സ്ക്രീനിൽ വരുന്നത്. ഇതിനകം പൂർത്തിയാക്കിയ പദ്ധതികളുടെ ബില്ലുകൾ 31നു മുൻപ് സമർപ്പിച്ചില്ലെങ്കിൽ അടുത്ത സാമ്പത്തിക വർഷത്തെ ചെലവായി കണക്കാക്കും. ഇത് അടുത്ത വർഷം തദ്ദേശ സ്ഥാപനങ്ങൾക്കു ലഭിക്കേണ്ട പദ്ധതി വിഹിതം കുറയാൻ കാരണമാകും. 

തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തന ഫണ്ട് വെട്ടിക്കുറക്കാനായി സർക്കാർ മനഃപൂർവം പ്രശ്നങ്ങളുണ്ടാക്കുകയാണെന്ന് അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ ഹരിദാസ് പുൽപ്പറ്റ ആരോപിച്ചു. പ്രൈസ് എന്ന് പേരുള്ള സർക്കാർ സോഫ്റ്റ്‌വെയറിലാണ് തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിയുമായി ബന്ധപ്പെട്ട ബില്ലുകൾ തയാറാക്കേണ്ടത്. ഇത് ട്രഷറിയിൽ സമർപ്പിച്ച് പാസാക്കുമ്പോഴാണ് പദ്ധതി നടപ്പായതായി കണക്കാക്കുന്നത്. ദിവസങ്ങൾക്കു മുൻപ് പൂർത്തീകരിച്ച പദ്ധതികളുടെ ബില്ലുകൾ പോലും ഇനിയും സമർപ്പിക്കാനായില്ലെന്നു തദ്ദേശ സ്ഥാപന അധികാരികൾ പറയുന്നു. പല തദ്ദേശ സ്ഥാപനങ്ങളിലും കരാറുകാർ കാത്തുനിൽക്കുകയാണ്. സാമ്പത്തിക ഞെരുക്കത്തിലുള്ള സർക്കാർ, നടപടികൾ മനഃപൂർവം വൈകിപ്പിക്കുകയാണെന്ന ആരോപണമാണ് തദ്ദേശ സ്ഥാപനങ്ങൾ ഉന്നയിക്കുന്നത്. പ്രൈസ് സോഫ്റ്റ്‌വെയറിൽ  തയാറാക്കാത്ത ബില്ലുകൾ ട്രഷറിയിൽ സമർപ്പിക്കാനാവില്ല.

സാമ്പത്തിക വർഷം അവസാനിക്കുന്ന ആഴ്ചകളിൽ നേരത്തേ അവധി ദിനങ്ങളിൽ  കൂടി ബില്ലുകൾ സമർപ്പിക്കാനുള്ള സൗകര്യമുണ്ടായിരുന്നു. എന്നാൽ, സോഫ്റ്റ്‌വെയർ തകരാർ കാരണം പ്രവൃത്തിദിനങ്ങളിൽ പോലും ബില്ലുകൾ തയാറാക്കാനാകാത്ത സ്ഥിതിയിലാണ് തദ്ദേശ സ്ഥാപനങ്ങൾ. 31 കഴിഞ്ഞാലും ബില്ലുകൾ സമർപ്പിക്കുന്നതിനു തടസ്സമില്ല. ഇതുപക്ഷേ, അടുത്ത സാമ്പത്തിക വർഷത്തിലെ കണക്കിലാണ് ഉൾപ്പെടുത്തുക. അടുത്ത സാമ്പത്തിക വർഷം ആകെ വിഹിതത്തിൽ കുറവുവരാൻ ഇതു കാരണമാകുമെന്നാണ്  ആശങ്ക. ഇന്നലത്തെ കണക്കുപ്രകാരം ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ ഇതുവരെ ചെലവഴിച്ചത് പദ്ധതി വിഹിതത്തിന്റെ 64 ശതമാനം മാത്രമാണ്. ഇതിനകം പൂർത്തിയായ പദ്ധതികളുടെ ബില്ലുകൾ നൽകാനായാൽ പദ്ധതി വിഹിതത്തിന്റെ വിനിയോഗം ഇനിയും വർധിക്കുമെന്ന് തദ്ദേശ സ്ഥാപന മേധാവികൾ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA