എടക്കര ∙ ഇതുവരെ മഴയെത്തയില്ല, കാട്ടുതീ പടരാൻ ഇനിയും സാധ്യതയുണ്ടായിട്ടും വാച്ചർമാരെ പിരിച്ചുവിടുന്നു. ജനുവരി 15 മുതൽ മാർച്ച് 31 വരെയാണ് ഫയർ വാച്ചർമാരെ നിയമിച്ചിരിക്കുന്നത്. സാധാരണ വേനൽ മഴ ലഭിക്കാതെ വരുമ്പോൾ മാർച്ച് 31 കഴിഞ്ഞാലും ഇവരെ പിരിച്ചുവിടാറില്ല. മഴ ലഭിച്ച് കാട്ടുതീ ഉണ്ടാകാത്ത സാഹചര്യംവരെ നിലനിർത്തുകയാണ് ചെയ്തിരുന്നത്. എന്നാൽ, ഇത്തവണ ഇക്കാര്യത്തിൽ ഇതുവരെ നിർദേശം ലഭിച്ചിട്ടില്ല. മഴ ലഭിക്കാത്ത പ്രദേശങ്ങളിലെ അതാത് ഡിഎഫ്ഒമാരാണ് ഇതുസംബന്ധിച്ച് തീരുമാനമെടുക്കുന്നത്.

ഇത്തവണ മുൻവർഷങ്ങളെ അപേക്ഷിച്ച് വാച്ചർമാരുടെ എണ്ണവും കുറച്ചിട്ടുണ്ട്. ഇതിനിടയിൽ ഉള്ളവരെ പിരിച്ചുവിടുകയും ചെയ്താൽ കാട്ടുതീ പ്രതിരോധത്തെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷങ്ങളിലെല്ലാം ഏപ്രിൽ മാസത്തിലാണ് കാട്ടുതീ ഉണ്ടായതെന്നും ചുണ്ടിക്കാട്ടുന്നു.
ഒടുവിൽ കിട്ടി ശമ്പളം
ഒടുവിൽ ശമ്പളം കിട്ടി വാച്ചർമാർ ആശ്വാസത്തിൽ. വനം വകുപ്പിലെ താൽക്കാലിക വാച്ചർമാർക്ക് അഞ്ചും ആറും മാസം വരെയായിരുന്നു ശമ്പളം കുടിശികയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി വാച്ചർമാർക്ക് ശമ്പളം ലഭിച്ച് തുടങ്ങിയിട്ടുണ്ട്. 30 ദിവസ ജോലി ചെയ്താലും പതിനഞ്ചോ അതല്ലെങ്കിൽ ഇരുപതോ ദിവസത്തെ വേതനമാണ് കണക്കാക്കുന്നത്. 675 രൂപയാണ് ഒരു ദിവസത്തെ വേതനം. തുച്ഛമാണെങ്കിലും ഇതുവരെ കിട്ടാനുള്ളത് വേതനം മുഴുവനും കിട്ടിയതോടെ വാച്ചർമാർ സന്തോഷത്തിലാണ്. മാസങ്ങളോളം ശമ്പളം മുടങ്ങിയതോടെ വാച്ചർമാർ അനുഭവിക്കുന്ന ദുരിതം കഴിഞ്ഞ ദിവസങ്ങളിൽ മനോരമ റിപ്പോർട്ട് ചെയ്തിരുന്നു