ആത്മാഭിമാനത്തിനായി സർക്കാർ ജോലിയിൽനിന്നു ദമ്പതികളുടെ രാജി; കൂലിപ്പണിയെടുത്തു ജീവിക്കുമെന്ന് ജെയ്സൻ

അനിത മേരി, എ.ജെ.ജെയ്സൻ.
SHARE

തിരൂർ ∙ ‘ഇനി ഞാൻ നിർമാണത്തൊഴിലാളിയായി ജീവിക്കും’ ആത്മാഭിമാനം സംരക്ഷിച്ചുകൊണ്ട് ജോലി ചെയ്യാനുള്ള സാഹചര്യമില്ലെന്ന് കാട്ടി സർക്കാർ ജോലി രാജിവച്ച ദമ്പതിമാരിലൊരാളായ എ.ജെ.ജെയ്സൻ പറയുന്നു. തിരുനാവായ മൃഗാശുപത്രിയിലെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറായിരുന്നു ജെയ്സൻ. തവനൂർ വൃദ്ധസദനത്തിലെ മേട്രണായിരുന്നു ജെയ്സന്റെ ഭാര്യ പി.എസ്.അനിതാ മേരി. ഇരുവർക്കുമായി മാസം ഒരു ലക്ഷത്തിലേറെ രൂപയായിരുന്നു ശമ്പളം. ജെയ്സൻ 2006ലും അനിത 2020ലുമാണ് ജോലിയിൽ പ്രവേശിച്ചത്. മേലുദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറിയെന്നു കാട്ടി അനിത 2020ൽ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് വകുപ്പിൽനിന്ന് നീതി ലഭിച്ചില്ലെന്നും കള്ളക്കേസിൽ 7 മാസം സസ്പെൻഡ് ചെയ്തതായും ഇവർ പറയുന്നു. 

ഭാര്യയുടെ പ്രശ്നത്തിൽ ഇടപെട്ടതോടെ തന്നെയും വകുപ്പിലെ ചില സംഘടനകളുടെ നേതൃത്വത്തിൽ പീഡിപ്പിക്കുകയായിരുന്നു എന്നാണ് ജെയ്സൻ ഉന്നയിക്കുന്ന പരാതി. തുടർന്ന് ജെയ്സൻ തിരുനാവായ മൃഗാശുപത്രിക്കു മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തി. ഇതേത്തുടർന്നുള്ള അന്വേഷണത്തിൽ ജയ്സനെ സസ്പെൻഡ് ചെയ്തു. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ക്ഷീരകർഷകർ  സമരവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ കയ്യേറ്റം ചെയ്തെന്ന ഡോക്ടറുടെ പരാതിയിൽ ജെയ്സനെ പൊലീസ് അറസ്റ്റ് ചെയ്യുകയും 7 ദിവസം ജയിലിൽ അടയ്ക്കുകയുമാണുണ്ടായത്. 

മുഖ്യമന്ത്രി, വനിതാ കമ്മിഷൻ, പൊലീസ്, ബാലാവകാശ കമ്മിഷൻ എന്നിവർക്ക് ഉദ്യോഗസ്ഥ പീഡനം ചൂണ്ടിക്കാട്ടി ഇവർ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് സർക്കാർ ജോലിയിൽ തുടരാൻ സാധിക്കില്ലെന്നു കാട്ടി ഇരുവരും കഴിഞ്ഞ ദിവസം ജോലി രാജിവച്ചത്. സേവനമേഖലയിലുള്ളവർക്ക് അവകാശബോധം ഉണ്ടാക്കാൻ ശ്രമിച്ചതും ചില ഉദ്യോഗസ്ഥർക്ക് തങ്ങളോടുള്ള വിദ്വേഷത്തിനു കാരണമായെന്ന് ദമ്പതികൾ പറയുന്നു. സ്വന്തം നാടായ ആലപ്പുഴ അർത്തുങ്കലിലേക്ക് ഏക മകനൊപ്പം ഇരുവരും മടങ്ങി. നിർമാണത്തൊഴിൽ ചെയ്തു ജീവിക്കാനാകുമെന്നാണ് ജെയ്സൻ പറയുന്നത്. അതിനും സമ്മതിച്ചില്ലെങ്കിൽ മീൻപിടിക്കാൻ പോകുമെന്നും അദ്ദേഹം പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS