പെരിന്തൽമണ്ണ∙ രാജ്യത്തെ ജനാധിപത്യ മൂല്യങ്ങളെ തച്ചുടയ്ക്കുകയും ഭരണകൂടത്തിന്റെ അരുതായ്മകൾക്കെതിരെ ശബ്‌ദമുയർത്തുന്ന പ്രതിപക്ഷ നേതാക്കളെ കള്ളക്കേസിൽ കുടുക്കി നിശബ്‌ദരാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഭരണകൂട നടപടികളിലും രാഹുൽഗാന്ധിയുടെ എംപി സ്ഥാനം റദ്ദാക്കിയ നടപടിയിലും പ്രതിഷേധിച്ച് നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ ഫ്ലെയിം ഓഫ് ഫ്രീഡം നൈറ്റ് മാർച്ച് നടത്തി.
രാത്രി പത്തോടെ മനഴി ബസ് സ്‌റ്റാൻഡ് പരിസരത്തുനിന്ന് ആരംഭിച്ച മാർച്ചിൽ ആയിരക്കണക്കിനു പേർ അണിനിരന്നു. കത്തിച്ച പന്തവുമായാണ് ജനം മാർച്ചിൽ അണിനിരന്നത്. യുഡിഎഫ് നേതാക്കളായ സി.സേതുമാധവൻ, വി.ബാബുരാജ്, എം.എം.സക്കീർ ഹുസൈൻ, എ.കെ.മുസ്‌തഫ, താമരത്ത് ഉസ്‌മാൻ, എ.കെ.നാസർ, എസ്.അബ്‌ദുൽ സലാം, പച്ചീരി നാസർ, കൊളക്കാടൻ അസീസ്, നാലകത്ത് ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി.