ADVERTISEMENT

എടപ്പാൾ ∙ ഒരു വിഭാഗം ബസ് തൊഴിലാളികൾ നടത്തിയ സമരത്തിനിടയിൽ സംഘർഷം. പാർക്കിങ്ങിനെച്ചൊല്ലി ബസ് തൊഴിലാളികളുമായി ഉടലെടുത്ത കയ്യാങ്കളിയിൽ യുവാവിന്റെ കൈ ഒടിഞ്ഞ സംഭവത്തിൽ 2 ബസ് തൊഴിലാളികളുടെ പേരിൽ കേസെടുത്തതിൽ പ്രതിഷേധിച്ചാണ്  തൊഴിൽ സംരക്ഷണം ആവശ്യപ്പെട്ട് ഇന്നലെ ഒരു വിഭാഗം ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചത്. സമരത്തിൽ നിന്ന് വിട്ടുനിന്ന് സർവീസ് നടത്തിയ ബസുകൾ സമരക്കാർ തടഞ്ഞിട്ടു. ഇതോടെ സംഘർഷം ഉടലെടുത്തു.

സ്ഥലത്തെത്തിയ ചങ്ങരംകുളം സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ തൊഴിലാളികളുമായും ബസ് ഉടമകളുമായി ചർച്ച നടത്തി. ഇതോടെ സമരത്തിന് അയവു വന്നെങ്കിലും ഒരു വിഭാഗം തൊഴിലാളികൾ വീണ്ടും രംഗത്തിറങ്ങി ബസുകൾ തടഞ്ഞു. ഇതോടെ 5 തൊഴിലാളികളെ സിഐ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. ഇതോടെ സിഐയുടെ നടപടി അംഗീകരിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി തൊഴിലാളികൾ രംഗത്തിറങ്ങി.

പ്രശ്നം സങ്കീർണമായതോടെ തിരൂർ ഡിവൈഎസ്പി എം.കെ.ബിജു, പൊന്നാനി സിഐ വിനോദ് വലിയാട്ടൂർ എന്നിവരുടെ നേതൃത്വത്തിൽ പൊന്നാനി, കുറ്റിപ്പുറം, പെരുമ്പടപ്പ് സ്റ്റേഷനുകളിൽ നിന്ന് കൂടുതൽ പൊലീസ് സ്ഥലത്തെത്തി. സംഘടിച്ചു നിന്ന തൊഴിലാളികളെ ലാത്തിവീശി ഓടിച്ചു. എന്നാൽ കസ്റ്റഡിയിലെടുത്തവരെ വിട്ടു നൽകാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ തൊഴിലാളികൾ ഉറച്ചു നിന്നു.

ഒടുവിൽ ചങ്ങരംകുളം പൊലീസ് സ്റ്റേഷനിൽ വച്ച് ഡിവൈഎസ്പിയും തൊഴിലാളി യൂണിയൻ പ്രതിനിധികളും ബസ് ഉടമസ്ഥ സംഘം ഭാരവാഹികളും ചേർന്ന് നടത്തിയ ചർച്ചയിൽ പിടിയിലായവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു നൽകാമെന്ന ഉറപ്പിൽ ഉച്ചയോടെ സമരം അവസാനിപ്പിക്കുകയായിരുന്നു. 

കഴിഞ്ഞ ദിവസമാണ് പട്ടാമ്പി റോഡിൽ വച്ച് ബസ് തൊഴിലാളികൾ കാറുടമയായ യുവാവുമായി തർക്കമുണ്ടായത്. ഇതിനിടെ നിലത്തു വീണ യുവാവിന്റെ കൈ ഒടിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പിടിയിലായ ബസ് തൊഴിലാളികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. 

യാത്രക്കാർ വലഞ്ഞു

എടപ്പാൾ ∙ അപ്രഖ്യാപിത ബസ് സമരത്തിൽ വലഞ്ഞ് വിദ്യാർഥികളും ജീവനക്കാരും പെരുവഴിയിലായി. ബസ് ജീവനക്കാർക്കെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട് 2 ദിവസമായി പ്രതിഷേധം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സമരം പ്രഖ്യാപിച്ചെങ്കിലും ബസ് ഉടമകൾ നടത്തിയ ഇടപെടലിനെ തുടർന്ന് പിൻവലിച്ചിരുന്നു. എന്നാൽ പിടിയിലായവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി റിമാൻഡ് ചെയ്തതോടെ ഇന്നലെ രാവിലെ പൊടുന്നനെ ഒരു വിഭാഗം സമരവുമായി രംഗത്തിറങ്ങുകയായിരുന്നു.

പരീക്ഷയ്ക്കായി പോകേണ്ട വിദ്യാർഥികളും അധ്യാപകരും വിവിധ സ്ഥാപനങ്ങളിൽ ജോലിക്ക് പോകേണ്ട ജീവനക്കാരും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ സമരം മൂലം വലഞ്ഞു. ബന്ധപ്പെട്ടവർ ഇടപെട്ടതോടെ ഏതാനും കെഎസ്ആർടിസി ബസുകൾ താൽക്കാലിക സർവീസുകൾ ആരംഭിച്ചെങ്കിലും പലർക്കും സമയത്ത് പരീക്ഷാ കേന്ദ്രങ്ങളിൽ എത്താൻ സാധിച്ചില്ല. ചർച്ചകൾക്കൊടുവിൽ ഉച്ചയോടെ സർവീസ് പുനരാരംഭിച്ചതോടെയാണ് പ്രശ്നങ്ങൾ അവസാനിച്ചത്. 

പരാതി നൽകി

എടപ്പാൾ ∙ മിന്നൽ പണിമുടക്കിനെതിരെ നടപടി സ്വീകരിക്കാതെ മുന്നോട്ട് പോകുന്നതു കൊണ്ട് നിസാര കാര്യങ്ങൾക്കു പോലും ബസുകൾ മിന്നൽ പണിമുടക്ക് നടത്തിവരുകയാണെന്നും ഇതുമൂലം വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാത്ത സാഹചര്യം ഉണ്ടായെന്നും ചൂണ്ടിക്കാട്ടി കെഎസ്‍യു ജില്ലാ സെക്രട്ടറി ആഗ്നേയ് നന്ദൻ ആർടിഒയ്ക്ക് പരാതി നൽകി.

പരീക്ഷ എഴുതാൻ കഴിയാത്ത സാഹചര്യം വിദ്യാർഥികളുടെ അവകാശ ലംഘനമാണ്. അപ്രതീക്ഷിതമായി ഇത്തരത്തിൽ മിന്നൽ പണിമുടക്ക് നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com