പൊന്നാനി ∙ കർമ റോഡിനരികിൽ തുറമുഖ വകുപ്പ് അവകാശമുന്നയിച്ച ഭൂമിയിൽ നഗരസഭ ചിൽഡ്രൻസ് പാർക്ക് തുടങ്ങുന്നതിനുള്ള നടപടി തുടങ്ങുന്നു. നിലവിൽ താൽക്കാലിക ഫുഡ് കോർട്ടിന് അനുമതി നൽകി. നഗരസഭ നിശ്ചിത വാടക ഇൗടാക്കിയാണ് ഫുഡ് കോർട്ടിനായി ഭൂമി നൽകിയിരിക്കുന്നത്. അവകാശവാദങ്ങളുമായി തുറമുഖ വകുപ്പ് പിന്നീട് രംഗത്തു വന്നില്ല. ഭൂമി നഗരസഭയുടേതെന്ന് ഉറപ്പിച്ചു കഴിഞ്ഞെന്നും ഉടൻ സ്വകാര്യ പങ്കാളിത്തത്തോടെ ചിൽഡ്രൻസ് പാർക്ക് തുടങ്ങുമെന്നും നവിവാദഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം പറഞ്ഞു.
റവന്യു വകുപ്പിനു കീഴിലുള്ള ഭൂമി നഗരസഭയ്ക്ക് വിട്ടു നൽകിയിരിക്കുകയാണെന്നും ഭൂമിയിൽ നഗരസഭയ്ക്കാണ് അവകാശമെന്നും നഗരസഭാധ്യക്ഷൻ വ്യക്തമാക്കി. അഴിമുഖത്തുനിന്ന് 2.41 കിലോമീറ്റർ ദൂരം വരെയാണ് തുറമുഖ വകുപ്പിന് അനുവദിച്ചത്. ഇൗ ഭാഗത്ത് അളവെടുപ്പ് നടന്നെന്നും തുറമുഖ വകുപ്പിന്റെ പരിധിക്ക് പുറത്തുള്ള ഭൂമിയാണിതെന്നും നഗരസഭാധ്യക്ഷൻ വ്യക്തമാക്കി.
നേരത്തേ ഇൗ ഭൂമിയിൽ തുറമുഖ വകുപ്പ് ബോർഡ് സ്ഥാപിച്ചിരുന്നു. തുറമുഖ വകുപ്പിന്റെ ഭൂമിയാണിതെന്നും അനുവാദമില്ലാതെ കയ്യേറുന്നത് ശിക്ഷാർഹമാണെന്നും ചൂണ്ടിക്കാട്ടിയാണ് ബോർഡ് വച്ചത്. തൊട്ടുപിന്നാലെ നഗരസഭയും ബോർഡ് സ്ഥാപിച്ചു. തുറമുഖ വകുപ്പിന്റെ ബോർഡ് നഗരസഭ എടുത്തു മാറ്റുകയും ചെയ്തു. നിശ്ചിത ഭൂമിയിൽ പോർട്ട് റെസ്റ്റ് ഹൗസ് നിർമിക്കാൻ പദ്ധതി തയാറാക്കുന്നുണ്ടെന്നാണ് കോഴിക്കോട് പോർട്ട് ഓഫിസർ അറിയിച്ചിരുന്നത്. ഓപ്പൺ ജിമ്മും ചിൽഡ്രൻസ് പാർക്ക് പദ്ധതിയുമാണ് നഗരസഭ ഇവിടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.