കരിപ്പൂർ ∙ കള്ളക്കടത്ത് സ്വർണവുമായെത്തുന്ന 3 യാത്രക്കാരെ തട്ടിക്കൊണ്ടുപോയി ഒന്നേമുക്കാൽ കോടി രൂപയുടെ സ്വർണം കവർച്ച ചെയ്യാൻ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ ആറംഗ സംഘവും വിവരം ചോർത്തിയ യാത്രക്കാരനും പൊലീസ് പിടിയിൽ. പെരിന്തൽമണ്ണ ഏലംകുളം സ്വദേശികളായ കല്ലുവെട്ടിക്കുഴിയിൽ മുഹമ്മദ് സുഹൈൽ (24), ചേലക്കാട്ടുതൊടി അൻവർ അലി (37), ചേലക്കാട്ടുതൊടി മുഹമ്മദ് ജാബിർ (23), പെരിങ്ങാട്ട് അമൽ കുമാർ (27), പാലക്കാട് ഒറ്റപ്പാലം സ്വദേശി മടായി മുഹമ്മദലി (30), മണ്ണാർക്കാട് ചെന്തല്ലൂർ സ്വദേശി ആനക്കുഴി ബാബുരാജ് (30) എന്നിവരാണു കവർച്ചയ്ക്കെത്തി വിമാനത്താവള പരിസരത്തുനിന്നു പിടിയിലായതെന്നു പൊലീസ് അറിയിച്ചു.
കള്ളക്കടത്ത് സ്വർണവുമായി ജിദ്ദയിൽനിന്നെത്തിയ യാത്രക്കാരിൽ ഒരാളായ മഞ്ചേരി എളങ്കൂർ സ്വദേശി പറമ്പൻ ഷഫീഖി (31) നെ മഞ്ചേരിയിൽനിന്നു പൊലീസ് പിടികൂടി. തന്റെ കൂടെയെത്തുന്ന 2 യാത്രക്കാരുടെ വിവരങ്ങൾ ഉൾപ്പെടെ കവർച്ചാ സംഘത്തിനു കൈമാറിയത് ഷഫീഖ് ആണെന്നു പൊലീസ് പറഞ്ഞു. മൂവരും കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ, മഫ്തിയിലുള്ള പൊലീസ് എന്ന വ്യാജേന എത്തി സ്വർണം തട്ടിയെടുക്കാനായിരുന്നു പദ്ധതി.
എന്നാൽ, സ്വർണവുമായി എത്തിയ ഷഫീഖ് ഉൾപ്പെട്ട യാത്രക്കാരെ പ്രിവന്റീവ് കസ്റ്റംസ് പിടികൂടി.ഇവരെ കസ്റ്റംസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് മെഡിക്കൽ പരിശോധനയ്ക്കായി വിമാനത്താവളത്തിനു പുറത്തേക്കു കൊണ്ടു പോകുമ്പോൾ, അവിടെ എത്തിയ കവർച്ചാ സംഘത്തെ വളഞ്ഞിട്ടു പിടികൂടുകയായിരുന്നുവെന്നു സിഐ പി.ഷിബു പറഞ്ഞു. യാത്രക്കാരനായ ഷഫീഖിനെ കസ്റ്റംസ് നോട്ടിസ് നൽകി വിട്ട ശേഷം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.