കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിനകത്ത് 12 മണിക്കൂറിനിടെ എയർ കസ്റ്റംസും പ്രിവന്റീവ് കസ്റ്റംസും നടത്തിയ പരിശോധനയിൽ പിടിയിലായത് 8 പേർ. ബുധനാഴ്ച വൈകിട്ട് 6 മുതൽ ഇന്നലെ രാവിലെ 6 വരെ നടത്തിയ പരിശോധനയിൽ കണ്ടെടുത്തത് 7.65 കിലോഗ്രാം സ്വർണമിശ്രിതം. 5 പേർ കോഴിക്കോട്ടുനിന്നെത്തിയ പ്രിവന്റീവ് കസ്റ്റംസ് പരിശോധനയിലും 3 പേർ എയർ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധനയിലും പിടിയിലായി.
ജിദ്ദയിൽനിന്നെത്തിയ മലപ്പുറം സ്വദേശികളായ ഷഫീഖ് (31), റമീസ് (28), ഫത്തഹ് (29) എന്നിവർ ശരീരത്തിൽ ഒളിപ്പിച്ച ഒരു കിലോയിലേറെയുള്ള സ്വർണമിശ്രിതം പ്രിവന്റീവ് കസ്റ്റംസ് കണ്ടെടുത്തു. ഇവരുടെ സ്വർണം ഷഫീഖിന്റെ അറിവോടെ തട്ടാനായിരുന്നു വിമാനത്താവളത്തിനു പുറത്തെത്തിയ സംഘം പദ്ധതിയിട്ടതെന്നു പൊലീസ് പറഞ്ഞു.
ഇവർക്കു പുറമേ, ജിദ്ദയിൽനിന്നെത്തിയ നിലമ്പൂർ സ്വദേശി അക്ബർ (41) ശരീരത്തിൽ ഒളിപ്പിച്ച 802 ഗ്രാം സ്വർണ മിശ്രിതവും ജിദ്ദയിൽനിന്നെത്തിയ മഞ്ചേരി സ്വദേശി മഷ്ഹൂദ് (31) ശരീരത്തിൽ ഒളിപ്പിച്ച കാപ്സ്യൂൾ രൂപത്തിലുള്ള 1.169 കിലഗ്രാം സ്വർണമിശ്രിതവും പ്രിവന്റീവ് കസ്റ്റംസ് കണ്ടെടുത്തു.ഡപ്യൂട്ടി കമ്മിഷണർ ആനന്ദ് കുമാർ, സൂപ്രണ്ടുമാരായ എം.പ്രകാശ്, കപിൽദേവ് സുറിറ, ഇൻസ്പെക്ടർമാരായ പ്രതീഷ്, വിഷ്ണു അശോകൻ, ഹരി സിങ് മീണ, ഹെഡ് ഹവിൽദാർമാരായ ഇ.വി.മോഹനൻ, അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണു സ്വർണം പിടികൂടിയത്.
എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദോഹയിൽനിന്നെത്തിയ മലപ്പുറം വെറ്റിലപ്പാറ സ്വദേശി മുനീർ (38) ശരീരത്തിൽ ഒളിപ്പിച്ച 1.064 കിലോഗ്രാം സ്വർണമിശ്രിതം, ജിദ്ദയിൽ നിന്നെത്തിയ കോഴിക്കോട് കൂരാച്ചുണ്ട് സ്വദേശി മുഹമ്മദ് യൂനസ് (32) ശരീരത്തിൽ ഒളിപ്പിച്ച 1.123 കിലോഗ്രാം സ്വർണമിശ്രിതം എന്നിവ കണ്ടെത്തി.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദുബായിൽനിന്നെത്തിയ പാലക്കാട് സ്വദേശി തയ്യിൽ സന്ദീപ് (27) കൊണ്ടുവന്ന ബാഗേജിലുണ്ടായിരുന്ന കളിപ്പാട്ടങ്ങളുടെ കാർഡ്ബോർഡ് പെട്ടികളിൽ സ്വർണമിശ്രിതം തേച്ചുപിടിപ്പിച്ചതായും എയർ കസ്റ്റംസ് കണ്ടെത്തി. 1.201 കിലോഗ്രാം കാർഡ് ബോർഡ് കഷണങ്ങൾ കസ്റ്റഡിയിലെടുത്തു. ഇവയിൽനിന്നെല്ലാം സ്വർണം വേർതിരിച്ചെടുക്കാനുണ്ട്.