വണ്ടൂർ ∙ വേനൽമഴയോടൊപ്പമെത്തിയ കനത്ത കാറ്റിൽ പരക്കെ നാശനഷ്ടം. വണ്ടൂരിനും ചെറുകോടിനുമിടയിലുള്ള തോട്ടുപുറത്ത് വൻ മുളങ്കൂട്ടം കടപുഴകി സംസ്ഥാനപാതയിൽ പതിച്ചു. ഇതിനുള്ളിൽ പെട്ടു സ്കൂട്ടർ യാത്രക്കാരനു പരുക്കേറ്റു. നിലമ്പൂർ പട്ടരാക്ക താണിയമ്പാടൻ സുഫൈലിക്ക് (27) ആണ് പരുക്കേറ്റത്. മരുന്നുവിതരണക്കമ്പനി ജീവനക്കാരനായ സുഫൈൽ ജോലികഴിഞ്ഞു പെരിന്തൽമണ്ണയിൽ നിന്നു മടങ്ങുകയായിരുന്നു. മുളങ്കൂട്ടം ഒന്നായി സ്കൂട്ടറിനു മുകളിൽ വീണു.
നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് മുളകളുടെ ഒരുഭാഗം വെട്ടിമാറ്റി സുഫൈലിനെ പുറത്തെത്തിച്ചത്. വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സനൽകി.വണ്ടൂർ പൊലീസും തിരുവാലിയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും ട്രോമകെയർ പ്രവർത്തകരും നാട്ടുകാരും രണ്ടു മണിക്കൂറോളം പരിശ്രമിച്ചാണ് മുളങ്കൂട്ടം നീക്കിയത്. ഗതാഗതം തിരിച്ചുവിട്ടു.