ADVERTISEMENT

പെരിന്തൽമണ്ണ∙ കിടപ്പു രോഗികൾക്ക് സ്‌നേഹത്തണലേകാൻ 60 ലക്ഷം രൂപയുടെ സ്ഥലം സൗജന്യമായി നൽകി വിമുക്ത ഭടൻ. പുത്തനങ്ങാടി വടക്കേക്കര ശ്രീശരവണയിൽ ടി.പി.കുഞ്ഞിരാമൻ നായർക്ക് (87) ബിഗ് സല്യൂട്ട് നൽകി നാട്. അങ്ങാടിപ്പുറം പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിക്ക് കെട്ടിടം നിർമിക്കാനാണ് സ്ഥലം നൽകിയത്.കരസേനയിൽ (സിഗ്‌നൽസ്) നിന്ന് ഹവിൽദാർ ആയാണ് കുഞ്ഞിരാമൻ നായർ വിരമിച്ചത്. തന്റെ ആകെയുള്ള 62 സെന്റ് ഭൂമിയിൽ നിന്ന് ആവശ്യമുള്ളത്രയും സ്ഥലം സാന്ത്വന പരിചരണ കേന്ദ്രത്തിന് കെട്ടിടം നിർമിക്കാൻ വിട്ടു നൽകാമെന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്‌ദാനം.

നിലവിൽ മറ്റൊരു വ്യക്തിയുടെ കെട്ടിടത്തിൽ വാടകയില്ലാതെയാണ് ഒരു വർഷമായി പ്രവർത്തനം. 157 നിത്യ രോഗികൾക്കാണ് പാലിയേറ്റീവ് പ്രവർത്തകർ ഇവിടെ സാന്ത്വനവും പരിചരണവും നൽകുന്നത്. അഞ്ചോ പത്തോ സെന്റ് സ്ഥലം മതിയാകുമെന്ന് ഭാരവാഹികൾ അറിയിച്ചപ്പോൾ അതുപോരെന്നും ഭാവി വികസനം കൂടി കാണണമെന്നുമായി അദ്ദേഹം, അങ്ങനെ വീടിനോട് ചേർന്ന 23.10 സെന്റ് സ്ഥലമാണ് സാന്ത്വന കേന്ദ്രത്തിനായി വിട്ടുനൽകിയത്.

സ്ഥലത്തിന്റെ റജിസ്‌ട്രേഷൻ നടപടികൾ പൂ‍ർത്തിയായി. പാലിയേറ്റീവ് കേന്ദ്രത്തിന് കെട്ടിടം നിർമിക്കാൻ ആദ്യ സംഭാവനയായി 11,111 രൂപയും അദ്ദേഹം കൈമാറിയിട്ടുണ്ട്. മറ്റ് 3 പേർ കെട്ടിടം നിർമിക്കാനായി 5 ലക്ഷം രൂപയോളം ഇതിനകം തന്നെ വാഗ്‌ദാനം ചെയ്‌തതായി സെക്രട്ടറി നൗഷാദലി കിഴക്കെതലയ്‌ക്കൽ പറഞ്ഞു.

കുഞ്ഞിരാമൻ നായരുടെ കാലിൽ ചെറിയ മുറിവ് പറ്റിയപ്പോൾ സാന്ത്വന പരിചരണ കേന്ദ്രത്തിന്റെ പ്രവർത്തകരും നഴ്സും അദ്ദേഹത്തെ ശുശ്രൂഷിക്കാനായി ദിവസങ്ങളോളം വീട്ടിലെത്തിയിരുന്നു. ഇവരുടെ സ്‌നേഹത്തോടുകൂടിയ പരിചരണമാണ് തീരുമാനത്തിന് വഴിയൊരുക്കിയത്. മകൻ രാജുവും മരുമകൾ ജയയും അദ്ദേഹത്തിനൊപ്പം നിന്നു. 12ന് വൈകിട്ട് നാലിന് ന‌ടക്കുന്ന ചടങ്ങിൽ സ്ഥലത്തിന്റെ ആധാരം അങ്ങാടിപ്പുറം പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് കൈമാറും. ചടങ്ങിൽ അദ്ദേഹത്തെ പൗരാവലി ആദരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com