എടപ്പാൾ ∙ അകാലത്തിൽ മരിച്ച നൗഫിയയ്ക്കു പ്ലസ്ടു ഫലം വന്നപ്പോൾ എല്ലാ വിഷയങ്ങളിലും ഫുൾ എ പ്ലസ്. ഇരട്ടകളിലെ നസ്രിയയ്ക്ക് 5 എ പ്ലസോടെ മികച്ച വിജയം. അതിജീവിച്ച പന്താവൂർ കക്കിടിക്കൽ നെല്ലിയാലംപാട്ടിൽ അഷ്റഫ് – ഫൗസിയ ദമ്പതികളുടെ മകളാണ്, മാസങ്ങൾക്കു മുൻപ് മരിച്ച നൗഫിയ. പൂക്കരത്തറ ദാറുൽ ഹിദായ ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥികളായിരുന്നു നൗഫിയയും നസ്രിയയും.
സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച നൗഫിയയും സഹോദരി നസ്രിയയും വീൽ ചെയറിലാണു സഞ്ചരിച്ചിരുന്നത്. കോഴിക്കോട്ട് വിവാഹത്തിൽ പങ്കെടുക്കാൻ പോയ നൗഫിയയ്ക്കു ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതോടെ നസ്രിയ തനിച്ചായി.
പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മിടുക്കികളായ ഇരുവരും സ്കൂളിലെ അധ്യാപകർക്കും സഹപാഠികൾക്കും പ്രിയപ്പെട്ടവരായിരുന്നു. ഇവർക്ക് എസ്എസ്എൽസി പരീക്ഷയിലും എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചിരുന്നു. ഡോക്ടറാകണമെന്നതായിരുന്നു നൗഫിയയുടെ ആഗ്രഹം. സാമ്പത്തികമായി പിന്നാക്കം നിന്നിരുന്ന കുടുംബത്തിനു നാട്ടുകാരും സുഹൃത്തുക്കളും വിദ്യാർഥികളും ചേർന്നു വീട് നിർമിച്ചു നൽകി. സ്കൂളിൽ പോയി പഠനം തുടരണമെന്ന ആഗ്രഹത്തെത്തുടർന്ന് ഒരു വ്യക്തി ഇവർക്കു സഞ്ചരിക്കാൻ വാഹനവും വാങ്ങി നൽകി. ഇരുവരുടെയും മികച്ച വിജയം ആഘോഷമാക്കേണ്ട സ്കൂളും ഇവരുടെ വീടും ഇന്നലെ ദുഃഖത്തിൽ മുങ്ങി.