ADVERTISEMENT

തിരൂർ ∙ സിദ്ദീഖിൽ നിന്ന് ഏതു വിധേനയും പണം തട്ടണമെന്ന ലക്ഷ്യത്തോടെയാണ് ഷിബിലിയും ഫർഹാനയും ആഷിഖുമെത്തിയതെന്നു പൊലീസ്. എന്നാൽ കൊല നടന്നതോടെ എടിഎം കാർഡ് മാത്രമാണ് ലഭിച്ചത്. ഇതിൽ നിന്ന് 1.37 ലക്ഷം കൈക്കലാക്കുകയും ചെയ്തു. ഇതിനിടെ അന്വേഷണം തുടങ്ങിയ പൊലീസ് സിദ്ദീഖിന്റെ കോൾ ലിസ്റ്റ് പരിശോധിച്ചു. ഇതിൽ നിന്ന് ഷിബിലിയുടെയും ഫർഹാനയുടെയും നമ്പറുകൾ കിട്ടി. ഇതിലേക്കു വിളിച്ചു സിദ്ദീഖിനെ പരിചയമുണ്ടോ എന്നു പൊലീസ് ചോദിച്ചു. ഇല്ലെന്നായിരുന്നു രണ്ടും പേരും നൽകിയ മറുപടി. ഇതോടെ അന്വേഷണം തങ്ങളുടെ നേർക്ക് വരുന്നുണ്ടെന്നു മനസ്സിലാക്കിയ 2 പേരും മുങ്ങുകയായിരുന്നു.

കൊല്ലപ്പെട്ട സിദ്ദിഖ്, പ്രതിയായ ഷിബിലി, ഹോട്ടൽ ജീവനക്കാരൻ യൂസഫ്
കൊല്ലപ്പെട്ട സിദ്ദിഖ്, പ്രതിയായ ഷിബിലി, ഹോട്ടൽ ജീവനക്കാരൻ യൂസഫ്

ആദ്യം പിടിച്ചത് ആഷിഖിനെ

ഷിബിലിയും ഫർഹാനയും ഫോൺ സ്വിച്ച് ഓഫ് ചെയ്തതോടെ ഇവരുടെ കോൾലിസ്റ്റ് പൊലീസ് പരിശോധിച്ചു. ഇതിൽ അസാധാരണമായി കോൾ പോയത് ആഷിഖിന്റെ ഫോണിലേക്കാണെന്നു മനസ്സിലാക്കി. ആഷിഖിനെ വിളിച്ചില്ല. ഷിബിലിയും ഫർഹാനയും സ്വിച്ച് ഓഫ് ചെയ്തു പോയ പോലെ ആഷിഖും പോകുമെന്ന് പൊലീസ് കരുതി. ആഷിഖിന്റെ വീട് പൊലീസ് കണ്ടുപിടിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളാണ് മൃതദേഹം കിടക്കുന്ന സ്ഥലമെല്ലാം പൊലീസിനു കാട്ടിക്കൊടുത്തത്.

ഫർഹാന, ഷിബിലി
ഫർഹാന, ഷിബിലി

അസമിലും ഹോട്ടൽ ജോലി

എഗ്മൂറിൽ നിന്ന് അസമിലേക്ക്. ഇതായിരുന്നു വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ ഷിബിലിയുടെയും ഫർഹാനയുടെയും ലക്ഷ്യം. അസമിലെ ഒരു ഹോട്ടലിൽ ഷിബിലി നേരത്തേ 2 മാസത്തോളം ജോലി ചെയ്തിട്ടുണ്ട്. പൊലീസ് വിളിച്ചതോടെ അസമിലേക്കു കടക്കാൻ ഇവർ തീരുമാനിക്കുകയായിരുന്നു. ഇതിനായി വേഗത്തിൽ ടിക്കറ്റുകളും തരപ്പെടുത്തി. ചെന്നൈ എഗ്മൂറിൽ നിന്ന് പോകാനായിരുന്നു പദ്ധതി.

നീങ്കെ എങ്കെ പോറേൻ?

ചെന്നൈ എഗ്മൂറിലെത്തി യാത്രക്കാരുടെ കാത്തിരിപ്പു കേന്ദ്രത്തിൽ ഇരിക്കുന്നതിനിടെയാണ് ഷിബിലിയുടെ സമീപത്ത് ഒരു ആർപിഎഫ് ഉദ്യോഗസ്ഥൻ എത്തിയത്. നീങ്കെ എങ്കെ പോറേൻ? എന്ന് ഉദ്യോഗസ്ഥൻ ഷിബിലിയോടു ചോദിച്ചു. എന്നാൽ മറുപടി നൽകാതെ ഷിബിലി തല വെട്ടിച്ചു മാറിയിരുന്നു. ഇതോടെ ഒരു സംഘം ആർപിഎഫുകാർ കാത്തിരിപ്പു കേന്ദ്രത്തിനുള്ളിലേക്ക് ഓടിക്കയറി. ഇവർ ഷിബിലിയെയും ഫർഹാനയെയും വളഞ്ഞു. തിരൂർ പൊലീസിന്റെ അറിയിപ്പ് കിട്ടി ഫർഹാനയെയും ഷിബിലിയെയും എഗ്മൂറിൽ കാത്തിരിക്കുകയായിരുന്നു ആർപിഎഫ് ഉദ്യോഗസ്ഥർ. വനിതാ ജീവനക്കാരും ഇവരെ അറസ്റ്റ് ചെയ്യാൻ ഒപ്പമുണ്ടായിരുന്നു.

ഇനിയെന്ത്?

സംഭവത്തിൽ കൂടുതൽ പ്രതികളില്ലെന്നാണ് പൊലീസ് കരുതുന്നത്. എങ്കിലും അന്വേഷണം തുടരും. കോഴിക്കോട്ടെ കൊല നടന്ന ലോഡ്ജിലെ ജീവനക്കാർ ഇക്കാര്യം എന്തുകൊണ്ട് അറിഞ്ഞിട്ടില്ലെന്ന ചോദ്യം ഉയർന്നിരുന്നു. എന്നാൽ ഈ സംഭവം നടക്കുമ്പോഴും പിന്നീടും ഇവിടെ ഹിന്ദിക്കാരായ അതിഥിത്തൊഴിലാളികളാണ് ജോലിക്കുണ്ടായിരുന്നത്. ഇവർ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്ന് അന്വേഷണത്തിൽ പൊലീസിനു വ്യക്തമായിട്ടുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com