സെൽഫി എടുക്കുന്നതിനിടെ കുളത്തിൽ വീണ ഐഫോൺ എടുക്കാനും അഗ്നിരക്ഷാസേന
Mail This Article
പെരിന്തൽമണ്ണ ∙ കുളക്കടവിൽ സെൽഫിയെടുക്കുന്നതിനിടെ വെള്ളത്തിൽ വീണ ഐഫോൺ അഗ്നിരക്ഷാസേന വീണ്ടെടുത്തു. പാണ്ടിക്കാട് സ്വദേശി ഏറിയാട് ശരത്തിന്റെ ഐഫോൺ 12 പ്രോ ആണ് ഇന്നലെ അങ്ങാടിപ്പുറം ഏറാന്തോട് മീൻകുളത്തിക്കാവ് ക്ഷേത്രക്കുളത്തിൽ വീണുപോയത്.
ഇന്നലെ രാവിലെ കുട്ടിയുടെ ചോറൂണിനായി കുടുംബാംഗങ്ങളോടൊപ്പം ക്ഷേത്രത്തിൽ എത്തിയതായിരുന്നു. സെൽഫിയെടുക്കുന്നതിനിടെ ഫോൺ വെള്ളത്തിൽ വീണു. ശരത്തും സുഹൃത്തുക്കളും ഏറെനേരം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
ഒടുവിൽ പൊലീസിനെയും അഗ്നിരക്ഷാസേനയെയും അറിയിക്കുകയായിരുന്നു. ഫയർ ആൻഡ് റെസ്‌ക്യു ഓഫിസർമാരായ പി.മുഹമ്മദ് ഷിബിൻ, എം.കിഷോർ എന്നിവർ സ്കൂബ സെറ്റ് ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ഫോൺ കണ്ടെടുത്തത്. 8 മീറ്ററോളം ആഴമുള്ള കുളത്തിലെ ചെളിയിൽ പൂണ്ട നിലയിലായിരുന്നു ഫോൺ. കാര്യമായ കേടുപാടില്ലെന്ന് ഉടമ പറഞ്ഞു.