ADVERTISEMENT

കൊണ്ടോട്ടി ∙ ‘മറ്റൊരിടത്തേക്കു താമസം മാറ്റി. ഈ സ്ഥാപനം അടച്ചുപൂട്ടുന്നതുവരെ ഈ വീട്ടിലേക്കു തിരിച്ചുവരുന്നതല്ല’ കഴിഞ്ഞ ദിവസം പുളിക്കൽ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സാംസ്കാരിക പ്രവർത്തകൻ റസാഖ് പയമ്പ്രോട്ടിന്റെ ജ്യേഷ്ഠൻ അഹമ്മദ് ബഷീറിന്റെ കൊട്ടപ്പുറം പാണ്ടിയാട്ടുപുറത്തെ വീടിനു മുൻപിൽ കുടുംബം സ്ഥാപിച്ച ബോർഡിലെ തലക്കെട്ടാണിത്.

ആ വീടിനോടു ചേർന്നാണ് റസാഖും കുടുംബവും പരാതി നൽകിയ പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രം. സ്ഥാപനത്തിനെതിരെ നാട്ടുകാർ രൂപീകരിച്ച കർമസമിതിയുടെ ചെയർമാനായിരുന്ന അഹമ്മദ് ബഷീർ മാർച്ച് 20നു മരിച്ചു. 27ന് ആണ് ബോർഡ് സ്ഥാപിച്ചത്. ‘30 വർഷത്തെ പ്രവാസ ജീവിതത്തിലെ ഏക സമ്പാദ്യമായ സ്വന്തം വീട്ടിൽ വിശ്രമ ജീവിതം നയിക്കാനായി എത്തിയതാണ്. എന്നാൽ വീടിനടുത്ത് പ്രതിദിനം 100 കിലോഗ്രാം സംസ്കരണ അനുമതിയുള്ള പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രത്തിൽ ആയിരക്കണക്കിനു കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യമാണ് സംസ്കരിക്കുന്നത്.

ഒരു മനുഷ്യനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സ്ഥാപനം ആ കൊലയ്ക്കു ശേഷവും പൂർവാധികം ശക്തിയിൽ പ്രവർത്തിപ്പിക്കുന്നതിനാൽ വീട്ടിലെ 87 വയസ്സുള്ള ഞങ്ങളുടെ ഉമ്മയ്ക്കും ഒന്നും എട്ടും വയസ്സുള്ള മക്കൾക്കും ശ്വാസ സംബന്ധമായ ബുദ്ധിമുട്ടുകൾ തുടരുന്ന പശ്ചാത്തലത്തിൽ ഞങ്ങൾ ഈ വീട്ടിൽനിന്നു മറ്റൊരിടത്തേക്കു താമസം മാറുകയാണ്. ഈ സ്ഥാപനം അടച്ചുപൂട്ടുന്നതുവരെ ഈ വീട്ടിലേക്ക് തിരിച്ചുവരുന്നതല്ല എന്നറിയിക്കുന്നു’. ആ വീട് ഇന്നും അടഞ്ഞു കിടക്കുന്നു. ആ ബോർഡിനു തൊട്ടടുത്തായി മറ്റൊരു ബോർഡുണ്ട്. റസാഖ് പയമ്പ്രോട്ടിന്റെ വീടിന്റെ ചിത്രം ഉൾപ്പെടുത്തിയ കൂറ്റൻ ബോർഡ്. വീട് ഇഎംഎസ് ഭവൻ ആക്കുന്ന കാര്യമാണ് ബോർഡിലുള്ളത്. ‘പാണ്ടിയാട്ടുപുറം ഇഎംഎസ് ഭവൻ എജ്യുക്കേഷൻ ട്രസ്റ്റ്’ എന്ന പേരിലുള്ള വീട് ഇഎംഎസിന്റെ ജന്മദിനമായ ജൂൺ 13നു പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് അറിയിക്കുന്നതാണ് ബോർഡ്. ഇവിടെനിന്നു ലഭിക്കുന്ന സേവനങ്ങളും ഓരോ വർഷവും നൽകുന്ന പുരസ്കാരങ്ങളും പരസ്യപ്പെടുത്തിയിട്ടുണ്ട്. 

ഈ വീട് നേരത്തേ, റസാഖും ഭാര്യയും അവരുടെ കാലശേഷം പാർട്ടിക്ക് വിട്ടുനൽകുമെന്നു പ്രഖ്യാപിച്ചതായിരുന്നു. അടുത്തിടെയാണു തീരുമാനം മാറ്റിയത്. വീടിനു സമീപത്തെ പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രത്തിനെതിരെ റസാഖും കുടുംബവും നൽകിയ പരാതികൾ സിപിഎം പ്രാദേശിക നേതൃത്വവും എൽഡിഎഫ് ഭരിക്കുന്ന പുളിക്കൽ പഞ്ചായത്ത് ഭരണസമിതിയും പരിഗണിച്ചില്ല എന്നതായിരുന്നു കാരണം.എങ്കിലും വീട് വിട്ടുനൽകുന്ന ഉദ്ദേശ്യം പൂർത്തീകരിക്കാനാണ് റസാഖ് കാര്യങ്ങൾ ട്രസ്റ്റിനു കീഴിലേക്കു മാറ്റിയത്. മാത്രമല്ല, ഉദ്ഘാടനത്തിനു മുന്നോടിയായി പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ച് പത്രങ്ങളിൽ വാർത്തയും നൽകിയിരുന്നു. മേയ് 31 വരെ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങൾക്ക് വിഷയക്രമത്തിൽ വിവിധ അവാർഡുകളാണു പ്രഖ്യാപിച്ചിരുന്നത്.ഇഎംഎസ് ഭവന്റെ ഉദ്ഘാടനച്ചടങ്ങിൽ ജൂൺ 13ന് അവാർഡുകൾ വിതരണം ചെയ്യുമെന്നായിരുന്നു അറിയിപ്പ്.ഈ വീട് ഇഎംഎസ് ഭവനമാക്കി പൊതുജനത്തിനു വിട്ടുനൽകി കോഴിക്കോട്ടേക്കു താമസം മാറാനായിരുന്നു റസാഖിന്റെയും കുടുംബത്തിന്റെയും തീരുമാനം. അതിനിടെയാണു മരണം.

1.അഹമ്മദ് ബഷീറിന്റെ വീടിനു മുൻപിൽ സ്ഥാപിച്ച ബോർഡ് 2.റസാഖിന്റെ വീട് ഇഎംഎസ് ഭവനമാക്കുന്നതു സംബന്ധിച്ച ബോർഡ്.

റസാഖിനെ ഉലച്ചത് സഹോദരന്റെ മരണം; പാർട്ടി അവഗണന വേദനിപ്പിച്ചു

മലപ്പുറം ∙ മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ നടപടിയില്ലാത്തതിനൊപ്പം സിപിഎമ്മിൽ നിന്നുണ്ടായ നിരന്തര അവഗണനയും സാമൂഹിക പ്രവർത്തകൻ റസാഖ് പയമ്പ്രോട്ടിന്റെ മരണത്തിന് കാരണമായതായി ആരോപണം. പ്ലാന്റിനെതിരെ നിരന്തര സമരത്തിലായിരുന്ന സഹോദരൻ അഹമ്മദ് ബഷീറിന്റെ മരണം റസാഖിനെ വൈകാരികമായി ഉലച്ചിരുന്നു. സിപിഎമ്മുമായി അടുത്തു നിൽക്കുന്ന കുടുംബമാണ് ഇവരുടേത്. എന്നാൽ, ബഷീറിന്റെ മരണ ശേഷം കുടുംബത്തെ ആശ്വസിപ്പിക്കാനോ വീട് സന്ദർശിക്കാനോ സിപിഎമ്മിലെ ചില പ്രാദേശിക നേതാക്കൾ തയാറാകാത്തത് റസാഖിനെ വേദനിപ്പിച്ചിരുന്നു. ഇത് അദ്ദേഹം പലരോടും പങ്കുവയ്ക്കുകയും ചെയ്തു.

അതേസമയം, മാലിന്യ പ്ലാന്റിനെതിരായ പരാതി പഞ്ചായത്ത് ഭരണസമിതി കൈകാര്യം ചെയ്ത രീതിക്കെതിരെ സിപിഐ ലോക്കൽ കമ്മിറ്റി പരസ്യമായി രംഗത്തു വന്നതോടെ സിപിഎം കൂടുതൽ ഒറ്റപ്പെട്ടു. അവസാനത്തെ ഫെയ്സ്ബുക് പോസ്റ്റിലും റസാഖ് സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണുന്നയിച്ചത്. പ്ലാന്റുമായി ബന്ധപ്പെട്ട ആരോപണത്തെ തള്ളിക്കൊണ്ട് പ്രാദേശിക പാർട്ടി പ്രവർത്തകരിലൊരാൾ പോസ്റ്റിൽ കമന്റ് ചെയ്തിട്ടുണ്ട്. ഇതിനു മറുപടിയായി ചില പ്രാദേശിക നേതാക്കളുടെ പേരെടുത്ത് പറഞ്ഞ് റസാഖ് വിമർശനമുന്നയിച്ചിട്ടുണ്ട്.

പഞ്ചായത്തിന് പരിമിതിയുണ്ട്

മാലിന്യ പ്ലാന്റിനെതിരെ നടപടിയെടുക്കുന്നതിൽ പഞ്ചായത്ത് ഭരണസമിതിക്ക് പരിമിതികളുണ്ടെന്ന വാദത്തിൽ കഴമ്പുണ്ട്. ചെറുകിട–ഇടത്തരം വ്യവസായങ്ങളുമായി (എംഎസ്എംഇ) ബന്ധപ്പെട്ട സർക്കാരിന്റെ പുതിയ നയപ്രകാരം തദ്ദേശ സ്ഥാപനങ്ങൾക്ക് വ്യവസായ സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്ക്കുന്നതിന് ഒട്ടേറെ കടമ്പകളുണ്ട്. പുളിക്കൽ പഞ്ചായത്ത് ഭരണം കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യമായാണ് ഇടതുപക്ഷത്തിന് ലഭിക്കുന്നത്. ഇതിനായി മുൻനിരയിൽ നിന്ന് പ്രവർത്തിച്ചവരിലൊരാൾ സിപിഎം സഹയാത്രികനായ റസാഖാണ്. തന്റെ കൂടി പരിശ്രമത്തിന്റെ ഭാഗമായി നിലവിൽ വന്ന ഭരണസമിതി പരാതിയോട് നിരന്തരം മുഖം തിരിച്ചത് അദ്ദേഹത്തെ ദുഃഖിതനാക്കി.

സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന പാർട്ടി ശത്രുപക്ഷത്ത് നിർത്തുക കൂടി ചെയ്തതോടെ തീർത്തും നിസ്സഹായനായതായി സുഹൃത്തുക്കൾ പറയുന്നു.കുടുംബ സ്വത്തായി ലഭിച്ച 8 സെന്റ് സ്ഥലവും ഇരുനില വീടും ആയിരത്തിലേറെ പുസ്തകങ്ങളടങ്ങിയ ലൈബ്രറിയും പാർട്ടിക്ക് എഴുതി നൽകാൻ തീരുമാനിച്ചവരാണ് റസാഖും ഭാര്യയും. അദ്ദേഹത്തോട് പാർട്ടി നീതി കാണിച്ചില്ലെന്ന വികാരം സിപിഎമ്മിൽ തന്നെ ചിലർക്കെങ്കിലുമുണ്ട്.

നേരിട്ടും സമൂഹ മാധ്യമങ്ങളിലൂടെയും സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വവും അണികളും നിരന്തരം അപമാനിക്കുന്നുവെന്ന വേദന അദ്ദേഹം സുഹൃത്തുക്കളോട് പങ്കുവച്ചിരുന്നു.റസാഖ് നൽകിയ പരാതി പരിശോധിക്കാൻ പോലും തയാറാകാത്ത ഭരണസമിതിയുടെ നടപടി ഗൗരവത്തോടെ കാണണമെന്ന് സിപിഐ ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു കഴിഞ്ഞു. ഇത് സിപിഎമ്മിനെയും ഭരണസമിതിയെയും പ്രതിരോധത്തിലാക്കും.

മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

മലപ്പുറം ∙ സാംസ്കാരിക പ്രവർത്തകനും മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി മുൻ സെക്രട്ടറിയുമായ റസാഖ് പയമ്പ്രോട്ടിനെ പുളിക്കൽ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ആത്മഹത്യയിലേക്കു നയിച്ച കാര്യങ്ങളെക്കുറിച്ചു വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് മലപ്പുറം കലക്ടർക്ക് നിർദേശം നൽകി. ജൂൺ 14 ന് തിരൂർ പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com