ADVERTISEMENT

പെരിന്തൽമണ്ണ∙ പുലാമന്തോൾ ബസ് സ്‌റ്റാൻഡിൽ ബസുകൾ കയറുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പെരിന്തൽമണ്ണ–പട്ടാമ്പി റൂട്ടിൽ സ്വകാര്യ ബസുകൾ മിന്നൽ പണിമുടക്ക് നടത്തി. ദിവസം മുഴുവൻ നീണ്ട അപ്രഖ്യാപിത പണിമുടക്കിൽ ഒട്ടേറെ യാത്രക്കാർ ദുരിതത്തിലായി. ജോലിക്കു പോകുന്നവരും വിവിധ ആവശ്യങ്ങൾക്കുള്ള യാത്രക്കാരും ആശുപത്രിയിലേക്കുള്ളവരും വിദ്യാർഥികളും വലഞ്ഞു.

നാൽപതിലേറെ ബസുകളാണ് പണിമുടക്കിയത്. ബസ് സ്‌റ്റാൻഡിൽ ബസുകൾ നിർബന്ധമായും കയറണമെന്നും അല്ലെങ്കിൽ പിഴ ഈടാക്കുമെന്നും മറ്റു നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ കഴിഞ്ഞ ദിവസം നോട്ടിസ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് തൊഴിലാളികൾ പണിമുടക്കിയത്. പെരിന്തൽമണ്ണ–പട്ടാമ്പി റോഡിന്റെ നവീകരണം പൂർത്തിയാകാത്തതും ബസ് സ്‌റ്റാൻഡിലേക്ക് കയറാനും ഇറങ്ങാനും ബസുകൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഇല്ലാത്തതും സമയക്കുറവും ബസ് തൊഴിലാളികൾ കാരണമായി ചൂണ്ടിക്കാട്ടുന്നു. 

ഇന്നലെ പുലർച്ചെയാണ് പണിമുടക്ക് തുടങ്ങിയത്. ബസുകൾ ബസ് സ്‌റ്റാൻഡിൽ കയറണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് ബസുടമകളും തൊഴിലാളികളും ഉൾപ്പെടെ നൽകിയ ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. വൈകിട്ട് ഡിവൈഎസ്‌പി ഓഫിസിൽ നടന്ന ചർച്ചയിൽ സമരം പിൻവലിക്കാൻ തൊഴിലാളികൾ തയാറായി. ഇന്ന്      ബസുകൾ പഴയപടി സർവീസ് നടത്തും. മറ്റു തർക്കങ്ങൾ സംബന്ധിച്ച് ആറിന് വിശദമായ ചർച്ച നടത്താനും യോഗത്തിൽ തീരുമാനമായതായി അധികൃതർ അറിയിച്ചു. പുലാമന്തോൾ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, എംവിഐ, ബസുടമകളുടെയും തൊഴിലാളികളുടെയും പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com