വീണ്ടും ശ്രദ്ധാകേന്ദ്രമായി പെരിന്തൽമണ്ണ; ഉപതിരഞ്ഞെടുപ്പിലേക്കു പോകുമോ? പന്ത് കോർട്ടിന്റെ കോർട്ടിൽ

perinthalmanna-ballot-box
കാണാതായ തപാൽ വോട്ട് അടങ്ങിയ പെട്ടി. (ഫയൽ ചിത്രം)
SHARE

പെരിന്തൽമണ്ണ ∙ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണിയപ്പോൾ സംസ്ഥാനമാകെ ശ്രദ്ധിച്ച മണ്ഡലമാണ് പെരിന്തൽമണ്ണ. 38 വോട്ടിന്റെ ഭൂരിപക്ഷവും തപാൽ വോട്ടുകളെച്ചൊല്ലിയുള്ള തർക്കവുമായി മണ്ഡലം രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായി. തപാൽവോട്ടുകളിൽ കൃത്രിമം നടന്നുവെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയതോടെ പെരിന്തൽമണ്ണ ഒരിക്കൽ കൂടി വാർത്തകളിൽ നിറയുന്നു.

എന്തായിരുന്നു പ്രശ്നം?

നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണിയപ്പോൾ പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ 348 പ്രത്യേക തപാൽ വോട്ടുകൾ എണ്ണാതെ മാറ്റിവച്ചിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഒപ്പും ക്രമനമ്പറും മറ്റും ഇല്ലാത്തതിന്റെ പേരിൽ ഇതു പരിഗണിക്കാനാവില്ലെന്ന നിലപാട് വരണാധികാരിയായിരുന്ന സബ് കലക്‌ടർ സ്വീകരിക്കുകയായിരുന്നു. യുഡിഎഫ് സ്ഥാനാർഥിയായിരുന്ന നജീബ് കാന്തപുരം 38 വോട്ടുകൾക്കു തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ മാറ്റിവച്ച വോട്ടുകൾ എണ്ണണമെന്ന് എൽ‍ഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി കെ.പി.എം.മുസ്‌തഫ നിലപാടെടുത്തു.

എന്നാൽ, സാധ്യമല്ലെന്നും ആവശ്യമെങ്കിൽ കോടതിയെ സമീപിക്കാമെന്നും വരണാധികാരി അറിയിച്ചു. തുടർന്നു നജീബ് കാന്തപുരത്തിന്റെ വിജയത്തെ ചോദ്യം ചെയ്‌ത്, ഈ വോട്ടുകൾ എണ്ണണമെന്ന ആവശ്യവുമായി കെ.പി.എം.മുസ്‌തഫ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കെ.പി.എം.മുസ്‌തഫയുടെ ആവശ്യത്തിനെതിരെ നജീബ് കാന്തപുരം സുപ്രീം കോടതിയിലെത്തി. നജീബ് കാന്തപുരത്തിന്റെ വിജയം ചോദ്യം ചെയ്‌തുള്ള ഹർജിയിൽ ഹൈക്കോടതിയുടെ വിചാരണ തുടരാൻ സുപ്രീം കോടതി അനുമതി നൽകി. 

തപാൽപെട്ടി കാണാതാകൽ 

സുരക്ഷിതത്വം പരിഗണിച്ചു പെരിന്തൽമണ്ണ സബ് ട്രഷറിയിൽ സൂക്ഷിച്ചിരുന്ന സ്‌പെഷൽ തപാൽ വോട്ടുകൾ അടങ്ങിയ ബാലറ്റ് പെട്ടികൾ ഹൈക്കോടതിയിലേക്കു മാറ്റാൻ കോടതി നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ജനുവരി 16നു  സബ് ട്രഷറിയിൽ വരണാധികാരിയായ സബ് കലക്‌ടറുടെ നേതൃത്വത്തിൽ പെട്ടികൾ പരിശോധിച്ചപ്പോഴാണു തപാൽ വോട്ടുകൾ അടങ്ങിയ ഒരു പെട്ടി കാണാനില്ലെന്ന് അറിയുന്നത്. അന്വേഷണത്തിനൊടുവിൽ അന്നു വൈകിട്ട് മലപ്പുറം സഹകരണ വകുപ്പ് ജോ.റജിസ്‌ട്രാർ ഓഫിസിൽ തുറന്ന നിലയിൽ ഈ പെട്ടി കണ്ടെടുത്തു.

തദ്ദേശഭരണ സ്ഥാപന തിരഞ്ഞെടുപ്പിന്റെ പഴയ ബാലറ്റ് പേപ്പറുകൾ മാറ്റിയപ്പോൾ ഈ പെട്ടി അബദ്ധത്തിൽപെട്ടു പോയതാണെന്നായിരുന്നു വിശദീകരണം. പിറ്റേന്നു പെട്ടി ഹൈക്കോടതിയുടെ സേഫ് കസ്‌റ്റഡിയിലേക്കു മാറ്റി. എന്നാൽ, പെട്ടികളിൽ കൃത്രിമം നടന്നിട്ടുണ്ടെന്നു നജീബ് കാന്തപുരം എംഎൽഎ ഹൈക്കോടതിയിൽ വാദിച്ചു. വിശദ അന്വേഷണം വേണമെന്നു കെ.പി.എം.മുസ്‌തഫയും  ആവശ്യപ്പെട്ടു.

ballot-box
തപാൽവോട്ട് അടങ്ങിയ പെട്ടി കണ്ടെടുത്തപ്പോൾ (ഫയൽ ചിത്രം)

പന്ത് കോർട്ടിന്റെ കോർട്ടിൽ

നേരത്തേ നടത്തിയ പരിശോധനയിൽതന്നെ, ചിലയിടങ്ങളിൽ റിട്ടേണിങ് ഓഫിസറുടെ ഒപ്പില്ലെന്നു കോടതി കണ്ടെത്തിയിരുന്നു. ചിതറിക്കിടക്കുന്ന നിലയിലാണു രേഖകളെന്നും കോടതി നിരീക്ഷിച്ചു. തിരഞ്ഞെടുപ്പു കമ്മിഷനോടു റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടു. ആ റിപ്പോർട്ടിലാണു തപാൽ ബാലറ്റുകളിൽ ക്രമക്കേട് നടന്നതായി കമ്മിഷൻ അറിയിച്ചത്. മണ്ഡലം ഉപതിരഞ്ഞെടുപ്പിലേക്കു പോകുമോ? തപാൽ വോട്ടുകൾ ഒഴിവാക്കിയുള്ള ഫലം സാധുവാകുമോ? കോടതിയുടെ കോർട്ടിലാണു പന്ത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS