ADVERTISEMENT

കൊണ്ടോട്ടി ∙ സാംസ്കാരിക പ്രവർത്തകൻ റസാഖ് പയമ്പ്രോട്ട് മരിച്ചു ദിവസങ്ങൾ പിന്നിട്ടപ്പോൾ നിലപാട് തിരുത്തി സിപിഎം. പാർട്ടിയും പഞ്ചായത്ത് അധികൃതരും ഇടപെടുന്നില്ലെന്നു റസാഖ് ആരോപണം ഉന്നയിച്ച കമ്പനിക്കെതിരെ പരസ്യമായി സമരവുമായി രംഗത്തെത്തി. സ്ഥാപനത്തിനു മുന്നിൽ കൊടിയും നാട്ടി. കൊട്ടപ്പുറം പാണ്ടിയാട്ടുപുറത്ത് റസാഖിന്റെ സഹോദരൻ അഹമ്മദ് ബഷീറിന്റെ വീടിനു സമീപം പ്രവർത്തിക്കുന്ന സ്ഥാപനത്തിനു മുന്നിൽ ‘ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റ് അടച്ചുപൂട്ടുക’ എന്നെഴുതി ബോർഡ് സ്ഥാപിച്ചു.

malappuram-cpim
കൊട്ടപ്പുറം പാണ്ടിയാട്ടുപുറത്തെ പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രത്തിനു മുന്നിൽ ഇന്നലെ യുഡിഎഫ് പ്രവർത്തകർ നടത്തിയ പ്രതിഷേധം. റസാഖിന്റെ മരണശേഷം, സ്ഥാപനം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടു കമ്പനിക്കു മുന്നിൽ കൊടിനാട്ടി സിപിഎം രംഗത്തുവന്നതിലും യുഡിഎഫ് പ്രതിഷേധിച്ചു.

പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രത്തിലെ മലിനീകരണത്തിനെതിരെ നേരത്തേ അഹമ്മദ് ബഷീർ ചെയർമാനായി കർമസമിതി രൂപീകരിച്ചു നാട്ടുകാർ രംഗത്തുവന്നിരുന്നു. റസാഖിന്റെ മരണത്തോടെ സമരം യുഡിഎഫ് ഏറ്റെടുത്തു. കഴിഞ്ഞ ദിവസം തുറന്ന സ്ഥാപനം യുഡിഎഫ് പ്രവർത്തകരും കുടുംബാംഗങ്ങളും ചേർന്ന് അടപ്പിക്കുകയും ചെയ്തു. ഇടതു സഹയാത്രികനായ റസാഖിനൊപ്പം നിൽക്കാത്ത പാർട്ടി നിലപാടിനെതിരെ ഉയർന്ന പ്രതിഷേധമാണ് നിലപാടു മാറ്റത്തിനു കാരണമെന്നാണു വിലയിരുത്തുന്നത്.

ഒരാഴ്ച മുൻപ് ഇതു ചെയ്തിരുന്നെങ്കിൽ!

‘എനിക്കുണ്ടായതു വലിയ നഷ്ടമാണ്. ഒരാഴ്ച മുൻപ് ഇതു ചെയ്തിരുന്നെങ്കിൽ ഇന്ന് ഈ വിഷയം ഇങ്ങനെ ചർച്ച ചെയ്യേണ്ട ആവശ്യം വരില്ലായിരുന്നു. റസാഖ് ഇന്നും ജീവിച്ചിരിക്കുമായിരുന്നു’– ഭാര്യ ഷീജ പറഞ്ഞു. എല്ലാ ഭാഗങ്ങളിൽനിന്നും വിമർശനം ഉയർന്നപ്പോൾ ആണ് ഇങ്ങനെയൊരു മാറ്റമെന്നും ഒരാഴ്ച മുൻപ് സ്റ്റോപ് മെമ്മോ നൽകുകയോ അതല്ലെങ്കിൽ പാർട്ടി കൂടെ നിൽക്കാൻശ്രമിക്കുകയോ ചെയ്തിരുന്നെങ്കിൽ റസാഖിനെ നഷ്ടപ്പെടില്ലായിരുന്നുവെന്നും ഭാര്യ പറഞ്ഞു.

ജനത്തിന്റെ ആശങ്ക അകറ്റണം ടി.പി.നജ്മുദ്ദീൻ (സിപിഎം ലോക്കൽ സെക്രട്ടറി)

ലോക്കൽ സെക്രട്ടറി)രണ്ടു ബ്രാഞ്ചു കമ്മിറ്റികൾ ചേർന്നാണു കൊടികുത്തിയത്. റസാഖ് പയമ്പ്രോട്ടിന്റെ മരണവുമായി ബന്ധപ്പെട്ടു കമ്പനിയുടെ പ്രവർത്തനത്തിൽ ജനങ്ങൾക്കു വലിയ ആശങ്കയുണ്ട്. ജനങ്ങളുടെ ആശങ്ക അകറ്റിയ ശേഷം മാത്രം തുറന്നാൽ മതി. അതിനു ശേഷമല്ലാതെ കമ്പനി തുറന്നു പ്രവർത്തിക്കാൻ അനുവദിക്കില്ല 

പരിമിതി ഉണ്ടായിരുന്നു എൻ.പ്രമോദ് ദാസ് (സിപിഎം ഏരിയ സെക്രട്ടറി)

പാർട്ടി നേരത്തേതന്നെ റസാഖിന്റെ കൂടെയാണ്. എന്നാൽ, ഏകലാജലക ക്ലിയറൻസ് വഴി അനുമതി നേടിയ സ്ഥാപനത്തിനെതിരെ നടപടിയെടുക്കാൻ പഞ്ചായത്തിനു പരിമിതികളുണ്ടായിരുന്നു 

ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഉടൻ

മലപ്പുറം∙ സാംസ്കാരിക പ്രവർത്തകനും ഇടതു സഹയാത്രികനുമായ റസാഖ് പയമ്പ്രോട്ടിന്റെ മരണത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഉടൻ അന്വേഷണം തുടങ്ങും. കൊണ്ടോട്ടി സ്റ്റേഷനിൽ റജിസ്റ്റർ ചെയ്തിരുന്ന കേസ് ക്രൈംബ്രാഞ്ചിനു കൈമാറി കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയിരുന്നു. എന്നാൽ, കേസ് ഫയൽ കൈമാറിയിട്ടില്ല. ഇന്നു കൈമാറുമെന്നാണു സൂചന. ഫയൽ ലഭിച്ച ശേഷമായിരിക്കും അന്വേഷണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ തീരുമാനിക്കുക. താമസസ്ഥലത്തിനു സമീപത്തെ പ്ലാസ്റ്റിക് സംസ്കരണ പ്ലാന്റ് അന്തരീക്ഷ മലിനീകരണത്തിനു കാരണമാകുന്നുവെന്ന പരാതി പഞ്ചായത്ത് അധികൃതരും സിപിഎം പ്രാദേശിക നേതൃത്വവും നിരന്തരം അവഗണിച്ചതിനെത്തുടർന്നാണു റസാഖ് ജീവനൊടുക്കിയത്. 

സംസ്കരണ പ്ലാന്റിനെതിരെ ഇതുവരെ നൽകിയ പരാതിക്കെട്ടുകളെല്ലാം സഞ്ചിയിലാക്കി കഴുത്തിൽ തൂക്കിയാണ് പുളിക്കൽ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിൽ റസാഖ് തൂങ്ങിമരിച്ചത്.  മരണത്തിലേക്കു നയിച്ച കാരണങ്ങളിൽ സിപിഎം പ്രാദേശിക നേതാക്കളുടെ പങ്ക്, പ്ലാസ്റ്റിക് മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ടു റസാഖ് ചൂണ്ടിക്കാട്ടിയ നിയമലംഘനങ്ങൾ എന്നിവയിൽ സമഗ്ര അന്വേഷണം വേണമെന്നു ഭാര്യ ഷീജ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. ക്രൈംബ്രാഞ്ച് പരാതിക്കാരിയുടെ വിശദമായ മൊഴി രേഖപ്പെടുത്തും. ആരിൽനിന്നെല്ലാം മൊഴിയെടുക്കണമെന്നും ചോദ്യം ചെയ്യണമെന്നും അതിന്റെ അടിസ്ഥാനത്തിലാണു തീരുമാനിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com