തിരൂർ ∙ പൊതുവിദ്യാലയങ്ങളുടെ പ്രാധാന്യം വിശദീകരിച്ച് കുട്ടികൾ തയാറാക്കിയ പരസ്യചിത്രത്തിനു വിദ്യാഭ്യാസ മന്ത്രിയുടെ കയ്യടി. പരിയാപുരം സെൻട്രൽ എയുപി സ്കൂളിലെ കുട്ടികളാണ് പരസ്യ ചിത്രം തയാറാക്കിയത്. ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ചിത്രം പൂർണമായി കുട്ടികൾ തന്നെ നിർമിച്ചെടുത്തതാണ്.
ഏഴാം ക്ലാസിലെ പി.ജിയയാണ് ചിത്രം സംവിധാനം ചെയ്തത്. വി.കെ.ജിഷ്ണ വിനോജ് ക്യാമറ കൈകാര്യം ചെയ്തപ്പോൾ സീതാലക്ഷ്മി ചിത്രസംയോജനം നടത്തി. 6–ാം ക്ലാസുകാരി അനികയാണ് തിരക്കഥ തയാറാക്കിയത്. അശ്വിൻ കൃഷ്ണ, മുഹമ്മദ് ഷാമിൽ, സീതാലക്ഷ്മി, അദ്രിനാഥ് എന്നിവർ അഭിനയിച്ചു. ചിത്രം കണ്ടതോടെ മന്ത്രി ശിവൻകുട്ടി ഇവരെ അഭിനന്ദിച്ചുള്ള വിഡിയോ അയച്ചു കൊടുത്തിട്ടുണ്ട്.