ADVERTISEMENT

കുറ്റൂർ നോർത്ത് (എആർ നഗർ) ∙ മഴ ‘പനിനീർ’ തെളിച്ച രാജവീഥിയിലൂടെ അക്ബർ ചക്രവർത്തിയും 3 രാജ്ഞിമാരും രഥത്തിൽ എഴുന്നള്ളി. കിരീടമണിഞ്ഞു ചക്രവർത്തി, പൂത്താലങ്ങളേന്തി രാജ്ഞിമാർ, മുഫാസ് എന്ന വെള്ളക്കുതിര വലിച്ച രഥം... മതിലിൽ വലിഞ്ഞുകയറിയും പൂക്കളെറിഞ്ഞും  അവരെ സ്വീകരിച്ച നൂറുകണക്കിനു ‘പ്രജകളുടെ’ സ്വീകരണമേറ്റുവാങ്ങി അവർ നികുഞ്ജം എന്നു പേരിട്ട 1 സി ക്ലാസിലെ ബെഞ്ചിൽ ഉപവിഷ്ടരായി. കുറ്റൂർ നോർത്ത് എംഎച്ച്എംഎൽപി സ്കൂളിലെ നവാഗതരായ വിദ്യാർഥികൾക്കാണു സ്കൂൾ അധികൃതർ രാജകീയ വരവേൽപ് നൽകിയത്. പ്രീപ്രൈമറി, ഒന്ന് ക്ലാസുകളിൽ ഇത്തവണ ചേർന്ന 340 കുട്ടികളെയാണ് ആഘോഷമായി സ്വീകരിച്ചത്. ഫൈസാൻ ആണ് അക്ബർ ചക്രവർത്തി ആയത്. വാമിക, ഫാത്തിമ ലിയ, സാൻവിക എന്നിവർ രാജ്ഞിമാരും. ‘മുഫാസി’നെ എത്തിച്ചതു മണ്ണാർക്കാട്ടുനിന്ന്. രഥം നേരത്തേ തന്നെ അലങ്കരിച്ച് ഒരുക്കിനിർത്തിയിരുന്നു.

സ്കൂളിന് ഏകദേശം ഒരു കിലോമീറ്റർ അകലെ കുറ്റൂർ നോർത്ത് ജംക്‌ഷനിൽനിന്നാണ് രാജകീയ ‘എഴുന്നള്ളിപ്പ്’ ആരംഭിച്ചത്. നാട്ടിൻപുറത്തെ കൗതുക പ്രവേശനോത്സവം കാണാനെത്തിയവരുടെ മൊബൈൽ ക്യാമറകൾക്കു മുന്നിലൂടെ യാത്ര മുന്നേറി. സ്കൂളിനു തൊട്ടടുത്ത അങ്ങാടിയിലെത്തിയപ്പോൾ കുതിര മുൻകാലുകൾ ഉയർത്തി ചീറി സഡൻ ബ്രേക്കിട്ടു. അനൗൺസ്മെന്റ് ശബ്ദം ഉണ്ടാക്കിയ അലോസരം ആണോയെന്ന സംശയത്തിൽ ‘പൈലറ്റ്’ വാഹനം മാറ്റി. രാജാവിനെയും പരിവാരങ്ങളെയും കുറച്ചു സമയം നടുറോഡിൽ പിടിച്ചു നിർത്തിയ ശേഷമാണു മുഫാസ് അനങ്ങാൻ കൂട്ടാക്കിയത്. 

സ്കൂൾ മുറ്റത്തുവച്ചു വീണ്ടും കുതിര പിണക്കം ഭാവിച്ചതോടെ രഥം അഴിച്ചുമാറ്റി. പിന്നീട് രക്ഷിതാക്കൾ ചേർന്നു വലിച്ചാണ് രഥം ക്ലാസിനു സമീപം എത്തിച്ചത്. മുൻപു കുതിരപ്പുറത്ത് കയറിയിട്ടുണ്ടെങ്കിലും കുതിവണ്ടിയിൽ ആദ്യമായാണെന്നായിരുന്നു രാജ്ഞി സാൻവികയുടെ പ്രതികരണം. കരഞ്ഞു നിലവിളിച്ചു ക്ലാസിൽ കയറിയ കാലം കഴിഞ്ഞെന്നും പകരം അവർ രാജകീയമായി  എത്തട്ടെയെന്ന സന്ദേശം നൽകാനാണ് ഇത്തരം വേറിട്ടൊരു പ്രവേശനോത്സവം സംഘടിപ്പിച്ചതെന്നും അധ്യാപകർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com