ADVERTISEMENT

മലപ്പുറം∙ പരീക്ഷാ നടപടികൾ പൂർണമായി ഓൺലൈനിലായ കാലിക്കറ്റ് സർവകലാശാലയിൽ 4 മാസത്തെ ചോദ്യക്കടലാസ്  പ്രിന്റ് ചെയ്യാനായി ‘ചെലവഴിച്ചത്’ 50 ലക്ഷം രൂപ. കോൺഫിഡൻഷ്യൽ പ്രിന്റർ എന്ന പേരിലാണ് ചോദ്യക്കടലാസ്  അച്ചടിക്കുള്ള തുക നൽകുന്നത്. ഇത് ഓഡിറ്റിങ്ങിനു വിധേയമല്ലെന്ന സൗകര്യം ഉപയോഗപ്പെടുത്തിയാണ് ഈ കടുംവെട്ട്. കഴിഞ്ഞ സിൻഡിക്കറ്റ് യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട കണക്ക് അവതരിപ്പിച്ചത്. കോവിഡ് കാലം മുതൽ കാലിക്കറ്റ് സർവകലാശാലയുടെ ചോദ്യക്കടലാസ് വിതരണം പൂർണമായി ഓൺലൈനാണ്. സർവകലാശാലയിൽനിന്ന് ചോദ്യക്കടലാസ്  കോളജുകൾക്ക് അയച്ചുകൊടുക്കും. കോളജുകൾ ഇതു സ്വന്തം നിലയിൽ പ്രിന്റ് ചെയ്യും. ഇതിനായി റഗുലർ വിദ്യാർഥിയൊന്നിന് 4 രൂപയും വിദൂര വിദ്യാഭ്യാസ പദ്ധതിയിൽ പഠിക്കുന്ന വിദ്യാർഥിയൊന്നിന് 8 രൂപയും നിരക്കിൽ സർവകലാശാല കോളജുകൾക്കു നൽകും. ഇതിനായി വേറെ തുക വകയിരുത്തുന്നുണ്ട്. 

അധ്യാപകർ സോഫ്റ്റ് കോപ്പിയായി തയാറാക്കി നൽകുന്ന ചോദ്യക്കടലാസ്  പിഡിഎഫ് ഫോർമാറ്റിലേക്കു മാറ്റുകയും സർവകലാശാലയുടെ പേരും മറ്റു വിവരങ്ങളും ചേർക്കുകയും മാത്രമാണു പ്രിന്റിങ് വിഭാഗത്തിന്റെ ജോലി. ഈ സാഹചര്യത്തിലാണു കഴിഞ്ഞ ഒക്ടോബർ മുതൽ ജനുവരി വരെ ചോദ്യക്കടലാസ്  അച്ചടിക്കായി 50 ലക്ഷം രൂപ ചെലവഴിച്ചുവെന്ന കണക്ക് ചർച്ചയാകുന്നത്.ചോദ്യക്കടലാസ്  പ്രിന്റിങ് സ്വകാര്യ കമ്പനികൾക്കു നൽകുകയായിരുന്നു നേരത്തേയുള്ള രീതി. രഹസ്യ സ്വഭാവമുള്ളതായതിനാൽ ഇത് ആർക്കാണു നൽകുന്നതെന്നു കൺട്രോളർക്കു മാത്രമാണ് അറിയുക. അതുകൊണ്ടാണ് കോൺഫിഡൻഷ്യൽ പ്രിന്റർ എന്നറിയപ്പെടുന്നത്. കേരളത്തിനു പുറത്തെ പ്രിന്റിങ് കമ്പനികൾക്കാണു പലപ്പോഴും നൽകുന്നത്.

വിമാനത്തിലോ ട്രെയിനിലോ അയയ്ക്കുന്നതിനുള്ള ചാർജ് സഹിതമാണു കരാർ. കോവിഡ് സമയത്തു ചോദ്യക്കടലാസ്  അയയ്ക്കുന്നതിനു തടസ്സം നേരിട്ടപ്പോഴാണ് ഓൺലൈനിലേക്കു മാറിയത്. കോവിഡ് പ്രതിസന്ധി തീർന്ന ശേഷവും ഇതു തുടർന്നു. പ്രിന്റിങ് നിർത്തിയെങ്കിലും അതിനായി പണം നീക്കിവയ്ക്കുന്നതു സർവകലാശാല നിർത്തിയിട്ടില്ലെന്നാണ് സിൻഡിക്കറ്റിൽവച്ച രേഖകൾ തെളിയിക്കുന്നത്. പരീക്ഷാ ഫീസായി വിദ്യാർഥികളിൽനിന്ന് ഈടാക്കുന്ന തുകയാണ്  ഇതിനായി ചെലവഴിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com