കൊണ്ടോട്ടി ∙ മൂന്നുവർഷത്തെ ഇടവേളയ്ക്കു ശേഷം ഹജ് തീർഥാടകരെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളുമായി കരിപ്പൂർ ഹജ് ഹൗസ് സജ്ജം. 3ന് രാവിലെ 10 മുതൽ ഹജ് ക്യാംപ് ഉണരും. നാലിനു പുലർച്ചെ 4.25നാണു കരിപ്പൂരിൽനിന്നുള്ള ആദ്യ വിമാനം. ഇത്തവണ വനിതാ തീർഥാടകർക്കായി പ്രത്യേക കെട്ടിടം സഹിതം കൂടുതൽ സൗകര്യങ്ങളോടെയാണു ഹജ് ക്യാംപ്. കേരളത്തിൽനിന്ന് 11,121 തീർഥാടകർക്കാണ് ഇത്തവണ അവസരം ലഭിച്ചിട്ടുള്ളത്. ആറായിരത്തിലേറെപ്പേർ കോഴിക്കോട് വിമാനത്താവളം വഴിയാണ് യാത്ര. 3ന് വൈകിട്ട് മൂന്നിനു വനിതാ ബ്ലോക്ക് ഉദ്ഘാടനവും നാലിനു ഹജ് യാത്രാ ഫ്ലാഗ് ഓഫും മന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിക്കും. വനിതാ ബ്ലോക്ക് തുറക്കുന്നതോടെ കൂടുതൽ സൗകര്യമാകും.

നിലവിലുള്ള ഹജ് ഹൗസിലായിരുന്നു നേരത്തേ സ്ത്രീകൾക്കും പുരുഷന്മാർക്കും താമസം, പ്രാർഥന, ഭക്ഷണം എന്നിവയ്ക്കു സൗകര്യം ഏർപ്പെടുത്തിയിരുന്നത്. ഇത്തവണ വനിതകൾക്കു മാത്രമായി പ്രത്യേക കെട്ടിടമായതിനാൽ എല്ലാവർക്കും കൂടുതൽ സൗകര്യമാകും. ഭക്ഷണശാല പ്രവർത്തനം തുടങ്ങി. ഹജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി കരിപ്പൂർ ഹജ് ഹൗസിലെത്തി കാര്യങ്ങൾ വിലയിരുത്തി. ആരോഗ്യം, പൊലീസ്, ഫയർ ഫോഴ്സ് തുടങ്ങി വിവിധ വകുപ്പുകളുടെ സേവനവും 24 മണിക്കൂറും ഹജ് ക്യാംപിലുണ്ടാകും.
150 വൊളന്റിയർമാർ
യാത്രയ്ക്ക് 24 മണിക്കൂർ മുൻപു ഹജ് ക്യാംപിൽ റിപ്പോർട്ട് ചെയ്യണം. തീർഥാടകർ ആദ്യം എത്തേണ്ടതു വിമാനത്താവളത്തിലാണ്. അവിടെ റിപ്പോർട്ട് ചെയ്തു ലഗേജ് കൈമാറണം. തുടർന്നു ഹജ് കമ്മിറ്റി ഏർപ്പെടുത്തിയ വാഹനത്തിൽ ഹജ് ക്യാംപിലേക്കും പിന്നീട് വിമാനത്താവളത്തിലേക്കും എത്തിക്കും. തീർഥാടകർക്കു സേവനം ചെയ്യാനായി വിമാനത്താവളത്തിലും ഹജ് ക്യാംപിലെ വിവിധ വിഭാഗങ്ങളിലുമായി 150 വൊളന്റിയർമാർ ഉണ്ടാകും. വനിതാ വൊളന്റിയർമാരുമുണ്ട്.
കേന്ദ്ര ഹജ് കമ്മിറ്റി സംഘം കരിപ്പൂരിലെത്തി
കരിപ്പൂർ ഹജ് ഹൗസിൽ ഇത്തവണത്തെ ഹജ് യാത്രാ നടപടികൾ നിയന്ത്രിക്കുന്നതിനു കേന്ദ്ര ഹജ് കമ്മിറ്റിയുടെ പ്രതിനിധി സംഘമെത്തി. 3 ഉദ്യോഗസ്ഥരാണു ചുമതലയേറ്റത്. സർഫറാസ് ഹൊഡേക്കർ, മുഹമ്മദ് ഷരീഖ് കാറ്റോട്ട്, അദ്നാൻ അഹ്മദ് സിദ്ദീഖി എന്നിവരാണ് എത്തിയത്. എല്ലാ തീർഥാടകരുടെയും യാത്ര പൂർത്തിയാകുംവരെ സംഘം കരിപ്പൂരിലുണ്ടാകും. ഹജ് എക്സിക്യൂട്ടീവ് ഓഫിസർ പി.എം.ഹമീദ്, അസിസ്റ്റന്റ് സെക്രട്ടറി എൻ.മുഹമ്മദലി, പി.കെ.അസൈൻ തുടങ്ങിയവർ ക്യാംപ് ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.
ഹജ് സെല്ലിൽ 88 ഉദ്യോഗസ്ഥർ
കരിപ്പൂർ, കൊച്ചി, കണ്ണൂർ എംബാർക്കേഷൻ കേന്ദ്രങ്ങളിലെ തീർഥാടകരുടെ യാത്രാരേഖകൾ കൈകാര്യം ചെയ്യുന്നതിനായി 88 ഉദ്യോഗസ്ഥരാണ് ഹജ് സെല്ലിലുള്ളത്. പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ ഹജ് സെൽ ഉദ്യോഗസ്ഥർ പരിശോധിച്ചു കൈമാറും. വിവിധ സർക്കാർ വകുപ്പുകളിൽനിന്നാണ് ഉദ്യോഗസ്ഥരെ ഹജ് ക്യാംപുകളിലേക്കു നിയോഗിച്ചത്. കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്പി കെ.കെ.മൊയ്തീൻകുട്ടിയാണ് കരിപ്പൂരിൽ ഹജ് സെൽ ഓഫിസർ. 88 ഉദ്യോഗസ്ഥരെയും 3 വിമാനത്താവളങ്ങളിലേക്കുമായി വിന്യസിച്ചു. മുൻ മലപ്പുറം ജില്ലാ പൊലീസ് മേധാവി യു. അബ്ദുൽ കരീം ആണു ഹജ് സെൽ സ്പെഷൽ ഓഫിസർ.
ഏറ്റവും പ്രായം കുറഞ്ഞ തീർഥാടകർ ഒരേ വീട്ടിൽനിന്ന്
കൊണ്ടോട്ടി ∙ കേരളത്തിൽനിന്ന് ഇത്തവണത്തെ ഹജ് തീർഥാടകരിൽ പ്രായം കുറഞ്ഞവർ എത്തുന്നത് ഒരേ വീട്ടിൽനിന്ന്. പ്രായം കുറഞ്ഞ പുരുഷ തീർഥാടകനും സ്ത്രീ തീർഥാടകയും മഞ്ചേരി സ്വദേശികളായ സഹോദരങ്ങളാണ്. മഞ്ചേരി കാക്കേങ്ങൽ വീട്ടിൽ ഫൈസലിന്റെ മക്കളായ മാഹിർ അബ്ദുല്ലയും (12) ഫാത്തിമ ഫിദയുമാണ് (20) നിലവിൽ അവസരം ലഭിച്ചവരുടെ കൂട്ടത്തിൽ പ്രായം കുറഞ്ഞവർ. ഇവർക്കു കുടുംബത്തോടെ ഇത്തവണ അവസരം ലഭിച്ചു. 2 കവറുകളിലായി അപേക്ഷ നൽകിയ കുടുംബത്തിലെ 6 പേർക്കും അവസരം ലഭിച്ചു.പുരുഷന്മാരിൽ മുതിർന്ന തീർഥാടകൻ മലപ്പുറം വെട്ടം സ്വദേശി പുതിയവീട്ടിൽ മുഹമ്മദ് അലിയാണ് (85). നെടിയിരുപ്പ് മുസല്യാരങ്ങാടി ചോല ഉള്ളാട്ടിൽ കദിയുമ്മയാണ് (87) മുതിർന്ന തീർഥാടക.