ADVERTISEMENT

കൽപക‍ഞ്ചേരി∙ ജില്ലയിലെ ഉപരിപഠന സൗകര്യത്തിന്റെ പേരിൽ എംഎൽഎയും മന്ത്രിയും തമ്മിൽ നേർക്കുനേർ പോര്. എസ്എസ്എൽസി വിജയിച്ചവർക്കു ജില്ലയിൽ ഉപരിപഠനത്തിന് ആവശ്യമായ സൗകര്യമില്ലെന്ന കുറുക്കോളി മൊയ്തീൻ എംഎൽഎയുടെ പരാമർശത്തിനാണു മന്ത്രി വി.അബ്ദുറഹിമാൻ അൽപം രോഷത്തോടെ മറുപടി നൽകിയത്. ജില്ലാതല സ്കൂൾ പ്രവേശനോത്സവത്തിന്റെ വേദിയിലാണ് ഇതേക്കുറിച്ചുള്ള വാഗ്വാദം ഉണ്ടായത്. അധ്യക്ഷ പ്രസംഗത്തിലാണു ജില്ലയോടുള്ള സർക്കാർ അവഗണന എംഎൽഎ ചൂണ്ടിക്കാട്ടിയത്. പ്ലസ് ടു പഠനത്തിനു കൂടുതൽ സൗകര്യം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു എംഎൽഎ‌‌യുടെ പ്രസംഗം. ജില്ലയെ സംബന്ധിച്ചിടത്തോളം ജയിക്കുന്ന അത്രയും കുട്ടികൾക്കു പഠിക്കാനുള്ള സീറ്റുണ്ട് എന്നതു കഴിഞ്ഞവർഷം കണ്ടതാണെന്നു മന്ത്രി പറഞ്ഞപ്പോൾ, എംഎൽഎ എതിർ അഭിപ്രായവുമായി രംഗത്തെത്തി. എന്നാൽ, മന്ത്രി പ്രസംഗം തുടർന്നു. 

‘ഡേറ്റ പ്രകാരമാണു ഞാൻ സംസാരിക്കുന്നത്. നിങ്ങളുടെ അഭിപ്രായം നിങ്ങൾ പറഞ്ഞു കഴിഞ്ഞു. നിങ്ങൾക്ക് എവിടെ വേണമെങ്കിലും നിങ്ങളുടെ അഭിപ്രായം പറയാം. സർക്കാരിന്റെ നിലപാട‌ാണ് ഇക്കാര്യത്തിൽ ഞാൻ പറയുന്നത്. പ്രവേശനോത്സവത്തിനിടെ അനാവശ്യമായ കാര്യത്തിൽ ഇടപെടേണ്ട. കണക്കുകൾ പരിശോധിക്കുക. പ്ലസ് ടു മാത്രമല്ല നോക്കേണ്ടത്. അനുബന്ധ കോഴ്സുകൾ ധാരാളം ഉണ്ട്. ആയിരക്കണക്കിനു കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യം ഇവിടെ മാത്രമുണ്ട്. 

ഇങ്ങനെയാണ് വിദ്യാഭ്യാസത്തിന്റെ കണക്ക് എടുക്കേണ്ടത്. കാര്യങ്ങൾ മനസ്സിലാക്കി വേണം സംസാരിക്കാൻ..’ മന്ത്രിയുടെ പ്രസംഗം ഈ രീതിയിൽ തുടർന്നു. ജില്ലയിൽ സീറ്റുകളുടെ കുറവുണ്ടെങ്കിൽ അതു പരിഹരിക്കാൻ സർക്കാർ തയാറാണ്. മറ്റു ജില്ലകളിൽ ഏതെങ്കിലും ബാച്ചുകൾ ഒഴിവുണ്ടെങ്കിൽ അതു മുഴുവൻ മലബാറിലേക്കു മാറ്റുമെന്നും മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com