സിദ്ദീഖ് വധക്കേസ്: അന്വേഷണം നടക്കാവ് പൊലീസിനു കൈമാറും
Mail This Article
തിരൂർ ∙ ഹോട്ടലുടമ സിദ്ദീഖിന്റെ കൊലപാതകക്കേസിന്റെ അന്വേഷണം തിരൂർ പൊലീസിൽ നിന്ന് നടക്കാവ് പൊലീസിനു കൈമാറും. 3 ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയ ആഷിഖിന്റെ കസ്റ്റഡി കാലാവധി തീരുന്നതോടെയാണ് അന്വേഷണം കൈമാറുന്നത്. സംഭവം നടന്നത് കോഴിക്കോട് എരഞ്ഞിപ്പാലത്ത് ആയതിനാലാണ് കൈമാറ്റം.
നിലവിൽ ഷിബിലി, ഫർഹാന, ആഷിഖ് എന്നിവരെ ഒരുമിച്ചിരുത്തി തിരൂർ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. ഷിബിലിയുടെയും ഫർഹാനയുടെയും കസ്റ്റഡി ഇന്നത്തോടെ അവസാനിക്കും. ആഷിഖിനെ 2 ദിവസം കൂടി ചോദ്യം ചെയ്യും. ഇനി തെളിവെടുപ്പിനായി എവിടെയും കൊണ്ടുപോകില്ല.
കൊലപാതകം നടന്ന കോഴിക്കോട്ടുള്ള ഹോട്ടലിൽ ഷിബിലിയെയും ഫർഹാനയെയും കഴിഞ്ഞ ദിവസം തെളിവെടുപ്പിനു കൊണ്ടു പോയിരുന്നു. ഇവിടെ വച്ച് കൊല നടത്തിയ രീതി പ്രതികൾ പൊലീസിനു കാട്ടിക്കൊടുത്തു. ഗ്രാനൈറ്റ് മുറിക്കാൻ ഉപയോഗിക്കുന്ന കട്ടറാണു മൃതദേഹം മുറിക്കാൻ ഇവർ വാങ്ങിയിരുന്നത്. ഇതുപയോഗിച്ച് മൃതദേഹം മുറിച്ചത് ഷിബിലിയാണെന്നു തെളിവെടുപ്പിനിടെ പ്രതികൾ വെളിപ്പെടുത്തിയിരുന്നു.