നിലമ്പൂർ∙ മുറ്റത്തു സ്കൂളുണ്ട്, പഠിക്കണമെങ്കിൽ കിലോമീറ്ററുകൾ താണ്ടണം– നിലമ്പൂർ സൗത്ത് ഡിവിഷനു കീഴിൽ കരുളായി റേഞ്ചിലെ നെടുങ്കയം ആദിവാസി കോളനിയിലെ നേർക്കാഴ്ചയാണിത്. കഴിഞ്ഞ ഓഗസ്റ്റിൽ അടച്ചുപൂട്ടിയ നെടുങ്കയം ട്രൈബൽ ബദൽ സ്കൂൾ തുറന്നു പ്രവർത്തിപ്പിക്കാൻ സർക്കാർ ഇതുവരെ തയാറായിട്ടില്ല. ഫലമോ, കൺമുന്നിൽ നോക്കുകുത്തിയായി നിൽക്കുന്ന മനോഹരമായ സ്കൂൾ കെട്ടിടം കടന്നു 9 കിലോമീറ്റർ അകലെ കൽക്കുളത്തെത്തണം പഠിക്കാൻ. സ്കൂൾ തുറന്നു പ്രവർത്തിപ്പിക്കാൻ നടപടി വേണമെന്നു സമീപത്തെ 4 ആദിവാസി ഊരുകളിലെ മൂപ്പന്മാർ കലക്ടർക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
ആവശ്യം ന്യായമാണെന്നും പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു നിലമ്പൂർ മുൻ എഇഒ ഇ.അബ്ദുൽറസാക് റിപ്പോർട്ട് നൽകുകയും ചെയ്തു. മധ്യ വേനലവധിക്കു ശേഷം ഇന്നലെ സംസ്ഥാനമൊട്ടാകെ വിദ്യാലയങ്ങൾ തുറന്നെങ്കിലും കാടിനു നടുവിലെ സ്കൂളിൽ മാത്രം പ്രതീക്ഷയുടെ ബെല്ലടിച്ചില്ല.
ബദൽ സ്കൂൾ
പിന്നാക്ക മേഖലകളിൽ വിദ്യയുടെ വെളിച്ചമെത്തിക്കുകയെന്ന ലക്ഷ്യത്തോടെ 1997ലാണ് സംസ്ഥാന സർക്കാർ ബദൽ സ്കൂളുകൾ തുടങ്ങിയത്. കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ സഹായത്തോടെയായിരുന്നു പ്രവർത്തനം. ഉച്ചക്കുളം, നെടുങ്കയം, മുണ്ടക്കടവ്, മാഞ്ചീരി കോളനികളിലെ ആദിവാസിക്കുട്ടികൾക്കായാണു നെടുങ്കയത്തു സ്കൂൾ തുടങ്ങിയത്. സ്കൂൾ വന്നതോടെ കോളനികളിൽനിന്നു സ്കൂളിൽ പോകുന്ന കുട്ടികളുടെ എണ്ണം കൂടി. 2015–16ൽ പി.വി.അബ്ദുൽ വഹാബ് എംപിയുടെ പ്രാദേശിക ഫണ്ട് ഉപയോഗപ്പെടുത്തി സ്കൂളിനു മനോഹരമായ കെട്ടിടവും മറ്റു സൗകര്യങ്ങളും വന്നു. ട്രെയിൻ മാതൃകയിലുള്ള കെട്ടിടത്തിന്റെ മുറ്റത്തു ചിൽഡ്രൻസ് പാർക്ക് സജ്ജീകരിച്ചിട്ടുണ്ട്.
പ്രൈമറി സ്കൂളായി ഉയർത്തുകയെന്ന ലക്ഷ്യംകൂടി മുന്നിൽ കണ്ടായിരുന്നു കെട്ടിടവും മറ്റു സൗകര്യങ്ങളുമൊരുക്കിയത്.എന്നാൽ, രണ്ടു വർഷം മുൻപ് ബദൽ സ്കൂളുകൾ അടച്ചു പൂട്ടാൻ സർക്കാർ തീരുമാനിച്ചതോടെ നെടുങ്കയത്തെ വിദ്യയുടെ വെളിച്ചം കെട്ടു. പ്രതിഷേധമുയർന്നതിനെത്തുടർന്നു കുറച്ചുകാലം കൂടി പ്രവർത്തിച്ചെങ്കിലും കഴിഞ്ഞ ഓഗസ്റ്റിൽ വീണ്ടും പൂട്ടുവീണു. ആ സമയത്ത് 24 വിദ്യാർഥികൾ സ്കൂളിലുണ്ടായിരുന്നു. ഇന്നലെ നെടുങ്കയം കോളനിയിൽ നിന്നു മാത്രം 4 കുട്ടികളാണ് കൽക്കുളത്തെ സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർന്നത്. സ്കൂൾ അധികൃതർ വാഹനം വിട്ടു നൽകിയിട്ടുണ്ട്.
എന്നാൽ, ദൂരമേറെയുള്ളതിനാൽ കോളനിയിൽ നിന്നുള്ള കുട്ടികൾ പഠനം നിർത്താൻ ഇതു കാരണമാകുന്നുണ്ടെന്നു രക്ഷിതാക്കൾ പറയുന്നു. ആദിവാസി മേഖലയിലെ സ്കൂളെന്ന പ്രത്യേക പരിഗണന നൽകണമെന്നാണ് ഇവരുടെ ആവശ്യം. നെടുങ്കയം ട്രൈബൽ സ്കൂളെന്ന പേരിൽ ഉച്ചക്കുളത്തു പ്രൈമറി സ്കൂൾ പ്രവർത്തിക്കുന്നുണ്ട്. ഇതു മികച്ച സൗകര്യങ്ങളുള്ള ബദൽ സ്കൂൾ കെട്ടിടത്തിലേക്കു മാറ്റണമെന്ന നിർദേശവുമുണ്ട്.
സമീറയുടെ ‘ടീച്ചറുമ്മ’
തിരൂർ ∙ സ്കൂൾ പ്രവേശനോത്സവത്തിനു സ്കൂളിലെത്തിയ സമീറ ആദ്യമന്വേഷിച്ചത് തന്റെ അധ്യാപിക പി.ഷൈജയെയാണ്. കണ്ടതോടെ ഓടിയെത്തി കെട്ടിപ്പിടിച്ചൊരുമ്മ നൽകി. പിന്നെ മനസ്സറിഞ്ഞു പുഞ്ചിരിച്ചു. തിരൂർ ബഡ്സ് സ്കൂളിലായിരുന്നു ഈ മനോഹര കാഴ്ച. തങ്ങൾസ് റോഡ് കീഴേടത്തിൽ സമീറയുടെ മാതാപിതാക്കൾ നേരത്തേ മരിച്ചു. സഹോദരി മുനീറയ്ക്കൊപ്പമാണു താമസം. 2018ലാണു ഭിന്നശേഷിക്കാരിയായ സമീറ സ്കൂളിൽ എത്തുന്നത്. അന്നു മുതൽ അധ്യാപിക പി.ഷൈജയോടാണ് ഏറ്റവും പ്രിയം. അമ്മയെപ്പോലെയാണ് സമീറയ്ക്ക് ടീച്ചർ. സ്കൂളിൽ പോകാൻ പറ്റാതായതോടെ ആകെ സങ്കടത്തിലായിരുന്നു സമീറ. സ്കൂൾ തുറക്കുന്നതു വരെ ഇതു തന്നെ സ്ഥിതി. ഇന്നലെ വീണ്ടും സ്കൂളിൽ എത്തിയതോടെ സമീറ ഹാപ്പിയായി.