ADVERTISEMENT

കൊണ്ടോട്ടി ∙ സാംസ്കാരിക പ്രവർത്തകനും ഇടതു സഹയാത്രികനുമായ റസാഖ് പയമ്പ്രോട്ടിന്റെ മരണശേഷം, പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രത്തെക്കുറിച്ചുള്ള നിലപാടിൽനിന്നു മലക്കം മറിഞ്ഞതു സിപിഎമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കി. വർഷങ്ങളോളം റസാഖിനെതിരെ പറഞ്ഞ നേതാക്കളും സൈബർ വിഭാഗവും നിലപാടുമാറ്റം സംബന്ധിച്ച ചോദ്യങ്ങളിൽ പ്രതിരോധം തീർക്കാൻ പ്രയാസപ്പെടുകയാണിപ്പോൾ.  വിഷപ്പുക പുറത്തുവിടുന്ന കൊട്ടപ്പുറം പാണ്ടിയാട്ടുപുറത്തെ കമ്പനിക്കെതിരെ സ്റ്റോപ് മെമ്മോ എങ്കിലും വേണമെന്നതു റസാഖിന്റെയും കുടുംബത്തിന്റെയും മാത്രമല്ല, നാട്ടുകാരുടെയും വർഷങ്ങളായുള്ള ആവശ്യമായിരുന്നു. അതിന് എൽഡിഎഫ് ഭരിക്കുന്ന പുളിക്കൽ പഞ്ചായത്തോ പാർട്ടിയോ രംഗത്തിറങ്ങിയില്ല. 

ഏകജാലക ക്ലിയറൻസ് വഴി അനുമതി ലഭിച്ച സ്ഥാപനത്തിനെതിരെ പഞ്ചായത്തിനു തീരുമാനമെടുക്കാനാകില്ലെന്ന നിലപാട് പാർട്ടിയും പഞ്ചായത്ത് പ്രസിഡന്റും ആവർത്തിച്ചു. പഞ്ചായത്തുതലം മുതൽ മുകളിലോട്ടും പാർട്ടിക്കും നൽകിയ പരാതി അവഗണിച്ചെന്നു മാത്രമല്ല, പല സമയത്തും മോശം പ്രതികരണം സിപിഎം പ്രാദേശിക നേതാക്കളിൽനിന്നും പഞ്ചായത്ത് പ്രസിഡന്റിൽനിന്നും ഉണ്ടായതായി റസാഖും കുടുംബവും ചൂണ്ടിക്കാട്ടിയിരുന്നു. പാർട്ടിക്കു വേണ്ടി പ്രയത്നിക്കുകയും കാലശേഷം വീട് പാർട്ടിക്കു നൽകാൻ തീരുമാനിക്കുകയും ചെയ്ത റസാഖ്, കമ്പനിക്കെതിരെ സജീവമായി രംഗത്തിറങ്ങിയതു ജ്യേഷ്ഠന്റെ മരണശേഷമാണ്.

പിന്നെ നിലപാട് മാറ്റം

സമരം യുഡിഎഫ് ഏറ്റെടുത്ത് കമ്പനി താൽക്കാലികമായി അടപ്പിച്ചു. അടച്ചുപൂട്ടുംവരെ സമരവും യുഡിഎഫ് പ്രഖ്യാപിച്ചു.സിപിഐ ലോക്കൽ കമ്മിറ്റിയും സിപിഎമ്മിനെതിരെ രംഗത്തുവന്നു. പാർട്ടി അണികളിൽനിന്നും പല നേതാക്കളിൽനിന്നും കടുത്ത വിമർശനമുയർന്നു. റസാഖ് മരിച്ചു ദിവസങ്ങൾ കഴിയുംതോറും പ്രതിഷേധത്തിനു ശക്തിയും കൂടി. ഒടുവിൽ റസാഖിന്റെ മരണത്തിന് ആറാം ദിവസം, സിപിഎം സ്ഥാപനത്തിനു മുന്നിൽ കൊടിനാട്ടി. നാട്ടുകാർക്ക് ആശങ്കയുണ്ടെന്നും കമ്പനിയിൽനിന്നു വിഷപ്പുകയുണ്ടെന്നും പറഞ്ഞായിരുന്നു പ്രതിഷേധം. റസാഖിനൊപ്പം നിന്നില്ലെങ്കിൽ പാർട്ടിക്കു ക്ഷീണം ചെയ്യുമെന്ന വിലയിരുത്തലും തീരുമാനമാറ്റത്തിനു കാരണമായി. വിഷയം പഞ്ചായത്ത് ഭരണസമിതി അടിയന്തരമായി ചർച്ച ചെയ്യണമെന്ന് യുഡിഎഫ് നേരത്തേ ആവശ്യപ്പെട്ടിരുന്നു.

ഇതേ ആവശ്യമുന്നയിച്ചു ജൂൺ ഒന്നിനു സിപിഎം ലോക്കൽ സെക്രട്ടറി പഞ്ചായത്തിനു കത്തു നൽകി നിലപാടുമാറ്റം അൽപംകൂടി ശക്തിപ്പെടുത്തി. ഇതോടെ, ആദ്യം മുതൽ പാർട്ടി നിലപാടിനൊപ്പംനിന്നു റസാഖിനെ പ്രതിരോധിക്കാൻ ശ്രമിച്ചവർക്കും മലക്കംമറിയേണ്ടിവന്നു. ഈ തീരുമാനം ഒരാഴ്ച മുൻപ് എടുത്തിരുന്നെങ്കിൽ ഒരു ജീവനും നേരത്തേ സ്വീകരിച്ചിരുന്നെങ്കിൽ 2 ജീവനും രക്ഷിക്കാമായിരുന്നില്ലേ, യുഡിഎഫ് സമരത്തിൽ സ്ഥാപനം അടച്ച ശേഷമാണോ വിഷപ്പുകയുണ്ടെന്നു ബോധ്യമായത്, റസാഖിന്റെ നിലപാട് ശരിയാണെന്നു തോന്നുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്കു കൃത്യമായ മറുപടി പറയാനാകാതെ വിഷമിക്കുകയാണു നേതാക്കളും സൈബർ സംഘവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com