കരിങ്കൊടിയുമായി പാഞ്ഞടുത്തവർക്ക് നേരെ മന്ത്രിയുടെ വാഹനം നീങ്ങി; പ്രതിഷേധിച്ച 6 പേർ അറസ്റ്റിൽ
Mail This Article
മലപ്പുറം ∙ മന്ത്രി വി.അബ്ദുറഹിമാനെതിരെ മലപ്പുറം സിവിൽ സ്റ്റേഷനു മുന്നിൽ കരിങ്കൊടി കാട്ടി യൂത്ത് ലീഗ്, എംഎസ്എഫ് പ്രവർത്തകർ. സംഭവത്തിൽ 6 പേർ അറസ്റ്റിൽ. മന്ത്രി ജില്ലാ വികസന സമിതി യോഗം കഴിഞ്ഞു മടങ്ങവേ ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു പ്രതിഷേധം. താനൂരിലെ ദുരന്തത്തിന് കാരണമായ ബോട്ടിന് ഫിറ്റ്‌നസ് ഇല്ലാഞ്ഞിട്ടും സർവീസ് നടത്താൻ ഒത്താശ ചെയ്തു കൊടുത്തെന്നാരോപിച്ച് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
പ്രവർത്തകർ കരിങ്കൊടിയുമായി പാഞ്ഞടുത്തപ്പോൾ മന്ത്രിയുടെ വാഹനം അപകടകരമായ വിധത്തിൽ അവർക്കു നേരെ നീങ്ങിയതും പ്രതിഷേധത്തിനിടയാക്കി. മന്ത്രിയുടെ വാഹനത്തിന്റെ വാതിൽ ഗൺമാൻ ഓട്ടത്തിനിടെ തുറന്ന് പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ ചില പ്രവർത്തകരുടെ ദേഹത്തു തട്ടുകയും ചെയ്തു.
പ്രവർത്തകർ തിരിച്ചു വാതിൽ അടയ്ക്കാൻ ശ്രമിച്ചു. പിന്നീട് പൊലീസ് എത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. മുനിസിപ്പൽ ലീഗ് സെക്രട്ടറി റഷീദ് കാളമ്പാടി, യൂത്ത് ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി സുബൈർ മൂഴിക്കൽ, സെക്രട്ടറിമാരായ സാലിഹ് മാടമ്പി, സജീർ കളപ്പാടൻ, മണ്ഡലം എംഎസ്എഫ് ജനറൽ സെക്രട്ടറി ജസീൽ പറമ്പൻ, ഇംതിയാസ് മുരിങ്ങാത്തോടൻ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.