ADVERTISEMENT

കരിപ്പൂർ ∙ ഹജ് കർമത്തിന്റെ പേരിൽ ചില സ്വകാര്യ ഗ്രൂപ്പുകൾ നികുതി വെട്ടിക്കുന്നതിനു കൂട്ടുനിൽക്കാൻ കഴിയില്ലെന്നും മുൻ വർഷങ്ങളിൽ തീർഥാടകരിൽനിന്ന് ഈടാക്കിയ ജിഎസ്ടി വിഹിതം അടയ്ക്കാൻ ചില സ്വകാര്യ ഗ്രൂപ്പുകൾ തയാറാകാത്തതിന്റെ പേരിലുണ്ടായ പ്രശ്നങ്ങൾ മന്ത്രിയുടെയോ ഹജ് കമ്മിറ്റിയുടെയോ പേരിൽ കെട്ടിവയ്ക്കുന്നതു ശരിയല്ലെന്നും മന്ത്രി വി.അബ്ദുറഹ്മാൻ പറഞ്ഞു.കരിപ്പൂർ ഹജ് ഹൗസിൽ ക്യാംപ് ഉദ്ഘാടനച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ ഗ്രൂപ്പുകളെ നിരോധിക്കാൻ സർക്കാർ ശുപാർശ ചെയ്തിട്ടില്ല. സൗദി അറേബ്യയിൽനിന്ന് കഴിഞ്ഞ ഹജ് വേളയിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ അതു കൈമാറുകയാണ് ചെയ്തത്. ചില സ്വകാര്യ ഹജ് ഗ്രൂപ്പുകളെ നിരോധിക്കാൻ കാരണം ഇതൊന്നുമല്ല.

malappuram-hajj-womens-center
കരിപ്പൂർ ഹജ് ഹൗസിലെ പുതുതായി നിർമിച്ച ലേഡീസ് ബ്ലോക്ക്, ഹജ് ക്യാംപ് എന്നിവ ഉദ്ഘാടനം ചെയ്യാൻ എത്തിയ മന്ത്രിമാരായ വി.അബ്ദുറഹിമാൻ, അഹമ്മദ് ദേവർകോവിൽ, സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി എന്നിവർ വനിതാ ഹജ് തീർഥാടകരോട് സംസാരിക്കുന്നു. ചിത്രം: മനോരമ

തെറ്റായ പ്രചാരണമാണ് ഹജ് കമ്മിറ്റിക്കും മന്ത്രിക്കുമെതിരെ നടക്കുന്നത്. കമ്പനികൾ ഒരു തീർഥാടകനിൽനിന്ന് കൈപ്പറ്റിയ ജിഎസ്ടി തുക ഏകദേശം 20,000 രൂപയാണ്. തീർഥാടകരിൽനിന്നു പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതു സർക്കാരിൽ അടയ്ക്കണം. കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടത് ടാക്സ് അടച്ച രസീതും അതുമായി ബന്ധപ്പെട്ട കണക്കുകളും ഹാജരാക്കാനുമാണ്. ചില ഗ്രൂപ്പുകൾക്ക് അതു കൊടുക്കാനായില്ല. വെട്ടിപ്പ് നടത്തുകയെന്നത് അനുവദിക്കാനാകില്ലെന്നും കൂട്ടുനിൽക്കില്ലെന്നും മന്ത്രി പറഞ്ഞു.

കരിപ്പൂരിൽ ഹജ് ക്യാംപ് തുടങ്ങി

കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളം വഴി യാത്ര ചെയ്യുന്ന ഹജ് തീർഥാടകർക്കായി കരിപ്പൂർ ഹജ് ഹൗസിൽ വിപുലമായ സൗകര്യങ്ങളോടെ ഹജ് ക്യാംപിനു തുടങ്ങി. രാവിലെ മുതൽ ക്യാംപിലേക്കു തീർഥാടകർ എത്തിത്തുടങ്ങി. വൈകിട്ട് നടന്ന ഹജ് ക്യാംപ് ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവർകോവിലും വനിതാ ബ്ലോക്ക് ഉദ്ഘാടനം മന്ത്രി വി.അബ്ദുറഹിമാനും നിർവഹിച്ചു. ടി.വി.ഇബ്രാഹിം എംഎൽഎ അധ്യക്ഷത വഹിച്ചു.

എംപിമാരായ എം.പി.അബ്ദുസ്സമദ് സമദാനി, ഇ.ടി.മുഹമ്മദ് ബഷീർ, എംഎൽഎമാരായ പി.ടി.എ.റഹീം, സി.മുഹമ്മദ് മുഹ്സിൻ, ഹജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി, എക്സിക്യൂട്ടീവ് ഓഫിസർ പി.എം.ഹമീദ്, വഖഫ് ബോർഡ് ചെയർമാൻ ടി.കെ.ഹംസ, മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് ചെയർമാൻ എം.പി.അബ്ദുൽ ഗഫൂർ, ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാൻ എൻ.അലി അബ്ദുല്ല, കലക്ടർ വി.ആർ.പ്രേംകുമാർ, കൊണ്ടോട്ടി നഗരസഭാധ്യക്ഷ സി.ടി.ഫാത്തിമത്ത് സുഹ്റാബി, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ചെമ്പൻ മുഹമ്മദലി, വാർഡ് കൗൺസിലർ അലി വെട്ടോടൻ തുടങ്ങിയവർ പ്രസംഗിച്ചു. സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി പ്രാർഥനയ്ക്കു നേതൃത്വം നൽകി. ഹജ് കമ്മിറ്റി അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com