ADVERTISEMENT

മലപ്പുറം ∙ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സാമൂഹിക പ്രവർത്തകൻ റസാഖ് പയമ്പ്രോട്ട് പരാതി ഉന്നയിച്ച പുളിക്കലിലെ പ്ലാസ്റ്റിക് സംസ്കരണ കേന്ദ്രത്തിൽ വിദഗ്ധ സംഘം പരിശോധന നടത്തുമെന്ന് കലക്ടർ വി.ആർ.പ്രേംകുമാർ. സമിതിയുടെ റിപ്പോർട്ട് ലഭിക്കുന്നതു വരെ സ്ഥാപനം അടച്ചിടാനും നിർദേശിച്ചിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും കലക്ടർ അറിയിച്ചു. ടി.വി.ഇബ്രാഹിം എംഎൽഎ ജില്ലാ വികസന സമിതിയിൽ ഉന്നയിച്ച വിഷയത്തിൽ യോഗാവസാനം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും മാത്രം ഉൾപ്പെടുത്തി നടത്തിയ ചർച്ചയിലാണ് തീരുമാനമെടുത്തത്. ഫാക്ടറിക്കെതിരെ മുൻപും 2 തവണ പരാതികളുണ്ടായിരുന്നെങ്കിലും നടപടിയെടുത്തിരുന്നില്ലെന്ന് എംഎൽഎ പറഞ്ഞു. പകരം ക്രമപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകാനാണ് നീക്കമുണ്ടായത്.

ഫാക്ടറിയിൽ നിന്ന് തൊട്ടടുത്ത താമസ സ്ഥലങ്ങളിലേക്കുള്ള ദൂരം അളന്നതിലും ക്രമക്കേടുകളുണ്ട്. സ്ഥാപനം അടച്ചുപൂട്ടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യമെന്നും എംഎൽഎ പറഞ്ഞു. പി.അബ്ദുൽ ഹമീദ് എംഎൽഎയും കൂടെയുണ്ടായിരുന്നു. സ്ഥാപനത്തിന് അനുമതി നൽകിയതിനെക്കുറിച്ചും അടച്ചുപൂട്ടുന്നതിന്റെ നിയമവശങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്തു. തുടർന്നാണ് തീരുമാനമെടുത്തത്. വിദഗ്ധ സംഘത്തിൽ ആരെയെല്ലാം ഉൾപ്പെടുത്തണമെന്നും പരിശോധന എന്നു നടത്തണമെന്നും കലക്ടർ തീരുമാനിക്കും. സംഘത്തെ അടിയന്തരമായി നിയോഗിക്കുമെന്ന് പിന്നീട് കലക്ടർ പറഞ്ഞു.

ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കൊണ്ടോട്ടി ∙ സാംസ്കാരിക പ്രവർത്തകനും ഇടതു സഹയാത്രികനുമായിരുന്ന റസാഖ് പയമ്പ്രോട്ടിന്റെ മരണം സംബന്ധിച്ച് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം തുടങ്ങി. മലപ്പുറം ഡിവൈഎസ്പി കെ.സി.ബാബുവിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ഇന്നലെ പുളിക്കൽ പഞ്ചായത്ത് ഓഫിസിലും റസാഖും നാട്ടുകാരും പരാതി ഉന്നയിച്ച വ്യവസായ സ്ഥാപനത്തിലും എത്തി. പഞ്ചായത്ത് പ്രസിഡന്റിൽനിന്നു കാര്യങ്ങൾ ചോദിച്ചറിഞ്ഞു. സെക്രട്ടറി സ്ഥലത്തുണ്ടായിരുന്നില്ല. രേഖകൾ പരിശോധിച്ചതായും അന്വേഷണം തുടരുന്നതായും ഡിവൈഎസ്പി പറഞ്ഞു.

ചർച്ച മന്ത്രി വേദിവിട്ട ശേഷം

വികസന സമിതി യോഗത്തിന്റെ 27–ാമത്തെ അജൻഡയായാണ് വിഷയം ഉൾപ്പെടുത്തിയിരുന്നത്. മന്ത്രി വി.അബ്ദുറഹിമാൻ അടക്കം പങ്കെടുത്ത യോഗത്തിൽ പല തവണ ടി.വി.ഇബ്രാഹിം വിഷയം ചർച്ചയ്ക്കായി ഉന്നയിച്ചെങ്കിലും കലക്ടർ പരിഗണനയ്ക്കെടുത്തില്ല. അവസാനം എംഎൽഎ വീണ്ടും പ്രശ്നം ഉന്നയിച്ചപ്പോൾ ഉദ്യോഗസ്ഥൻ മറുപടിക്കായി എഴുന്നേറ്റെങ്കിലും കലക്ടർ ഇരിക്കാൻ പറഞ്ഞ് മറ്റു ചില നടപടിക്രമങ്ങളിലേക്ക് കടന്നു. ഒടുവിൽ നേരം വൈകിയതു കാരണം മറ്റ് ഉദ്യോഗസ്ഥർക്കു പോകാമെന്നും റസാഖ് വിഷയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മാത്രം ഇരുന്നാൽ മതിയെന്നും നിർദേശിച്ചു. പത്രപ്രവർത്തകർ അടക്കമുള്ളവരും ഹാളിൽ നിന്നു പുറത്തേക്കു മാറി സഹകരണമെന്നും കലക്ടർ അഭ്യർഥിച്ചു.

തുടർന്നാണ് ചർച്ച നടന്നത്. പുറത്തു കാത്തു നിന്ന സമര സമിതിക്കാരെ യോഗ ശേഷം ഹാളിലേക്ക് വിളിപ്പിച്ച് തീരുമാനം അറിയിക്കുകയായിരുന്നു. ഫാക്ടറി സ്ഥിരമായി അടച്ചുപൂട്ടാനുള്ള നടപടിയാണ് വേണ്ടതെന്ന് എംഎസ്എഫ് ദേശീയ പ്രസിഡന്റ് പി.വി.അഹമ്മദ് സാജു, പഞ്ചായത്തംഗം എൻ.സി.അൻവർ സാദത്ത് എന്നിവർ ഉന്നയിച്ചു. ഇക്കാര്യം ഉന്നയിച്ച കത്തും സമരസമിതി കലക്ടർക്കു കൈമാറി. വിദഗ്ധ സമിതി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിഷയം പരിഗണിക്കാമെന്ന് കലക്ടർ മറുപടി പറഞ്ഞു. വിഷയത്തിന്റെ ഗതി മാറിപ്പോകാതിരിക്കാനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മാത്രം വിളിച്ച് ചർച്ച ചെയ്തതെന്ന് കലക്ടർ മനോരമയോട് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com