ജയിലിൽ കുഴഞ്ഞുവീണ ഇരട്ടക്കൊലക്കേസിലെ പ്രതി ആശുപത്രിയിൽ മരിച്ചു

  ബഷീർ
ബഷീർ
SHARE

മഞ്ചേരി ∙ കാമുകിയോടൊപ്പം ചേർന്ന് അവരുടെ ഭർത്താവിനെയും 4 വർഷങ്ങൾക്കു ശേഷം കാമുകിയെയും കൊലപ്പെടുത്തിയ കേസിൽ ജയിലിലായിരുന്ന പ്രതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. താനൂർ തെയ്യാല ഓമച്ചപ്പുഴ കൊളത്തൂർ ബഷീർ (44) ആണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ മഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. 

മഞ്ചേരി സ്പെഷൽ സബ് ജയിലിൽ കഴിഞ്ഞ 31ന് പ്രഭാതചര്യ കഴിഞ്ഞു സെല്ലിൽ പ്രവേശിപ്പിക്കാനിരിക്കെ, ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും അവിടെനിന്നു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി ഐസിയുവിലും പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയാണു മരിച്ചത്. പെരിന്തൽമണ്ണ ആർഡിഒ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. 

മത്സ്യത്തൊഴിലാളി താനൂർ തെയ്യാല അഞ്ചുമുടിയിൽ പൗറകത്ത് സവാദിനെ  2018ൽ തലയ്ക്കടിച്ചും കഴുത്തുമുറിച്ചും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ബഷീർ. സവാദിന്റെ ഭാര്യയും ബഷീറിന്റെ കാമുകിയുമായ സൗജത്ത് ഈ കേസിൽ കൂട്ടുപ്രതിയായിരുന്നു. സവാദിനൊപ്പം മീൻപിടിത്ത ജോലിക്കു പോകാറുണ്ടായിരുന്ന ബഷീർ വല കൊണ്ടുവയ്ക്കുന്നതിനിടെയാണ് സൗജത്തിനെ പരിചയപ്പെട്ടതും അടുപ്പമായതും. ഗൾഫിൽ പോയിരുന്ന ബഷീർ ആരുമറിയാതെ നാട്ടിലെത്തി സൗജത്തിന്റെ സഹായത്തോടെ കൊലപാതകം നടത്തിയ ശേഷം തിരിച്ചുപോകുകയായിരുന്നെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ നാട്ടിലേക്കു തന്നെ മടങ്ങി പൊലീസിൽ കീഴടങ്ങുകയായിരുന്നു. 

ഈ കേസിൽ പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷം സൗജത്തിനോടൊപ്പം താമസിച്ചുവരികയായിരുന്നു. കഴിഞ്ഞ വർഷം നവംബർ 29ന് പുളിക്കലെ ക്വാർട്ടേഴ്സിൽ സൗജത്തിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയും പ്രതി ബഷീർ തന്നെയാണെന്ന് പൊലീസ് തിരിച്ചറിയുകയും ചെയ്തു. ബഷീറിനെ പിന്നീട് കോട്ടയ്ക്കലിൽ വച്ച് വിഷം കഴിച്ച നിലയിൽ കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയ്ക്കു ശേഷം കഴിഞ്ഞ ഡിസംബർ 14ന് ആണ് കൊണ്ടോട്ടി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി ജയിലിലേക്കു മാറ്റിയത്.

ജയിലിൽ വച്ച് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് 16ന് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി. ഫെബ്രുവരിയിലാണ് തിരിച്ച് മഞ്ചേരി ജയിലിൽ എത്തിച്ചത്. തുടർന്ന് ഓരോ മാസവും മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്കു കൊണ്ടുപോകാറുണ്ട്. ഇയാളുടെ സഹോദരി ഇടയ്ക്ക് ജയിലിൽ സന്ദർശിക്കാറുണ്ടായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS