പെരിന്തൽമണ്ണ∙ ചെറുകരയിലെ പാതയോരത്തെ കഞ്ഞിക്കട രാത്രിയിൽ തകർത്തു. ചെറുകര കാരയ്‌ക്കപള്ള്യാലിൽ രാജേഷിന്റെ (46) കടയാണ് ഞായറാഴ്‌ച രാത്രി തകർക്കപ്പെട്ടത്. ചെറുകരയിൽ ഏലംകുളം റോഡിന് സമീപത്തെ വളവിൽ പഴയ ക്വാറിയുടെ സമീപത്താണു കട. ഇന്നലെ രാവിലെ കടയിലേക്കുള്ള കഞ്ഞിയും ഉച്ചഭക്ഷണവും തയാറാക്കി ഓട്ടോറിക്ഷയിൽ എത്തിയപ്പോളാണ് രാജേഷ് കട തകർക്കപ്പെട്ട കാര്യം അറിയുന്നത്.
കടയായി രൂപപ്പെടുത്തിയ ഉന്തുവണ്ടി മറിച്ചിട്ട് തകർത്ത നിലയിലാണ്. കടയിലുണ്ടായിരുന്ന മേശകളും ബെഞ്ചും അലമാരയും വെള്ളപ്പാത്രങ്ങളും സാധന സാമഗ്രികളുമെല്ലാം അടിച്ചുതകർത്ത നിലയിലാണ്. ടാർപായയും ബോർഡുമെല്ലാം അടുത്തുള്ള ക്വാറിയിൽ കൊണ്ടിട്ടു. പാതയോരത്ത് പഴയ സൈക്കിൾ വണ്ടിയിൽ താൽക്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ കഞ്ഞിയും ചോറും മാത്രമാണ് കച്ചവടം. ഇതുകൊണ്ടാണ് രാജേഷും ഭാര്യയും വിദ്യാർഥികളായ 3 മക്കളും രോഗിയായ അമ്മയും ഉൾപ്പെടുന്ന കുടുംബത്തിന്റെ ഉപജീവനം.
15 വർഷക്കാലം വിദേശത്തായിരുന്നു രാജേഷ്. 5 വർഷം മുൻപാണ് നാട്ടിലെത്തിയത്. റബർ വ്യാപാരവും പശുഫാമുമെല്ലാം പരീക്ഷിച്ചു. നഷ്‌ടം മാത്രമായപ്പോൾ ഇടയ്ക്ക് തേങ്ങ പറിക്കാൻ പോയി. അതും പരാജയപ്പെട്ടതോടെയാണ് 3 മാസം മുൻപ് വഴിയോര കഞ്ഞിക്കട തുടങ്ങിയത്. സമീപപ്രദേശങ്ങളിൽ സാമൂഹികവിരുദ്ധ ശല്യം ഉള്ളതായി പറയുന്നുണ്ട്. സമീപത്തെ ക്വാറിയിൽ രാത്രികാലത്ത് മധ്യപന്മാരുടെ ശല്യം ഉള്ളതായും പറയുന്നു. ഒരാഴ്ച മുൻപ് കടയുടെ ബോർഡ് നശിപ്പിക്കപ്പെട്ടിരുന്നു. രാജേഷ് പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.