തേഞ്ഞിപ്പലം ∙ കഴിഞ്ഞ സിൻഡിക്കറ്റിന്റെ കാലത്ത് ‘ഇര’ ഇപ്പോഴത്തെ സിൻഡിക്കറ്റിൽ നായിക. ഡോ. ടി.വസുമതിക്ക് സർക്കാർ നോമിനിയായി കാലിക്കറ്റ് സർവകലാശാലാ സെനറ്റിലും സിൻഡിക്കറ്റിലും അംഗത്വം. യൂണിവേഴ്സിറ്റി നേരിട്ട് നടത്തുന്ന വയനാട് ചെതലയം ഗോത്രവർഗ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ സ്ഥാനത്തുനിന്ന് വസുമതിയെ നീക്കിയത് സിപിഎം നേതൃത്വം നൽകിയ കഴിഞ്ഞ സിൻഡിക്കറ്റിന്റെ കാലത്താണ്.
തന്റെ വാദം കേൾക്കാതെ സിൻഡിക്കറ്റ് ഉപസമിതി റിപ്പോർട്ടിന്റെ വെളിച്ചത്തിൽ ഡയറക്ടർ സ്ഥാനത്തുനിന്ന് പുറത്താക്കിയെന്നായിരുന്നു അന്ന് വസുമതിയുടെ പരാതി. ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചതിനു ശേഷമാണു വസുമതിക്ക് തനിക്കെതിരായ സിൻഡിക്കറ്റ് ഉപസമിതിയുടെ റിപ്പോർട്ട് കാണാനായത്. വീണ്ടും ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് വസുമതിക്ക് എതിരായ വിവാദ റിപ്പോർട്ട് കോടതി റദ്ദാക്കുകയായിരുന്നു.
സിപിഎം അനുകൂല അസോസിയേഷൻ ഓഫ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അന്നും ഇന്നും വസുമതിക്ക് ഒപ്പമാണ്. സംഘടനയുടെ പ്രസിഡന്റാണ് വസുമതി. 2009 മുതൽ യൂണിവേഴ്സിറ്റി എജ്യുക്കേഷൻ പഠന വകുപ്പിലെ അസി. പ്രഫസറാണ്. എസ്എഫ്ഐ, ഡിവൈഎഫ്ഐ തുടങ്ങിയ സംഘടനകളിലും പ്രവർത്തിച്ചിട്ടുണ്ട്. കാലിക്കറ്റ് സെനറ്റിലും വിവിധ അക്കാദമിക് സമിതികളിലും അംഗമായിരുന്നു.